UPDATES

വൈറല്‍

പെരുമ്പാമ്പിനെ കഴുത്തിലിട്ട് ധീരത കാണിച്ചു; പാമ്പ് അതിന്റെ സ്വഭാവവും കാണിച്ചു: ഫോറസ്റ്റ് ഓഫീസർ കുടുങ്ങിയതിങ്ങനെ

പാമ്പ് സർവ്വശക്തിയുമെടുത്ത് കഴുത്ത് ഇറുക്കിയതോടെ പാമ്പിന്റെ തലയിലും വാലിലുമുള്ള പിടിത്തം ഓഫീസർക്ക് വിട്ടു.

ബംഗാളിലെ ഒരു ഫോറസ്റ്റ് റെയ്ഞ്ചർ കാണിച്ച ‘ധീരത’ കൈവിട്ടു പോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ആടിനെ വിഴുങ്ങിയ ഒരു പെരുമ്പാമ്പിനെ പിടിക്കാനെത്തിയ ഫോറസ്റ്റ് റെയ്ഞ്ചറാണ് തന്റെ ധീരതയും കരുത്തും തെളിയിക്കാൻ ശ്രമിച്ച് കുടുങ്ങിപ്പോയത്.

കൊൽക്കത്തയിൽ നിന്നും 610 കിലോമീറ്റർ അകലെയുള്ള ജൽപൈഗുരി എന്ന ഗ്രാമത്തിലാണ് 18 അടി നീളമുള്ള പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടെത്തിയത്. ഏതാണ്ട് 80 കിലോ ഭാരമുള്ള പാമ്പിനെ പിടികൂടാൻ ഫോറസ്റ്റ് വകുപ്പിൽ നിന്നും ആളെത്തി. പാമ്പിനെ പിടികൂടിക്കഴിഞ്ഞപ്പോൾ നാട്ടുകാർ സെൽഫികളും വീഡിയോയും എടുക്കാൻ‌ തുടങ്ങി. ഒറു അരങ്ങിന് ഫോറസ്റ്റ് റെയ്ഞ്ചർമാരിലൊരാൾ പാമ്പിനെ കഴുത്തിലണിഞ്ഞു. മൊബൈൽ കാമറ ഫ്ലാഷുകൾ മിന്നിത്തുടങ്ങി.

ഇതിനിടയിൽ പെരുമ്പാമ്പ് അതിന്റെ സ്വഭാവം കാട്ടിത്തുടങ്ങി. പാമ്പ് സർവ്വശക്തിയുമെടുത്ത് കഴുത്ത് ഇറുക്കിയതോടെ പാമ്പിന്റെ തലയിലും വാലിലുമുള്ള പിടിത്തം ഓഫീസർക്ക് വിട്ടു. ഇതോടെ പാമ്പ് കഴുത്തിലാകെ ചുറ്റിവരിഞ്ഞു.

ധൈര്യം മൊത്തം ചോർന്നുപോയ ഓഫീസർ ആൾക്കൂട്ടത്തിൽ നിന്നും നീങ്ങാൻ തുടങ്ങി. സെൽഫിയെടുത്തിരുന്നവരെല്ലാം പതുക്കെ ഓടി മാറാനും തുടങ്ങി. പരിഭ്രാന്തിയിലായ ഉദ്യോഗസ്ഥർ വാലിൽ പിടിക്കാൻ ആവശ്യപ്പെടാൻ തുടങ്ങി. ഈ സന്ദർഭത്തിലാണ് കണ്ടു നിന്നിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരിലൊരാൾ ഇടപെട്ടത്. പാമ്പിന്റെ വാലിൽ പിടിച്ച് വലിച്ച് മോചിപ്പിച്ചതോടെ ധീരന്റെ പറന്നു തുടങ്ങിയിരുന്ന ജീവൻ തിരിച്ചിറങ്ങി. തുടർന്ന് ധീരത കൈവിടാതെ പാമ്പിനെയും കൊണ്ട് അദ്ദേഹം നടന്നുപോകുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍