UPDATES

ട്രെന്‍ഡിങ്ങ്

ഗോരഖ്പൂര്‍ ഇരുട്ടടി; ബിജെപിക്ക് ഒഴിഞ്ഞുമാറാനാവാത്ത ചില ചോദ്യങ്ങള്‍

പ്രതിപക്ഷത്തെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്നോട്ടുള്ള വഴിയാണ് കാണിച്ചിരിക്കുന്നത്, പക്ഷേ ഏറെ ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായപ്പോള്‍ യോഗി ആദിത്യനാഥ് ഒഴിഞ്ഞ ലോക്സഭ സീറ്റായ ഗോരഖ്പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ഞെട്ടിക്കുന്ന പരാജയമാണ് നേരിട്ടത്. യുപിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പ്രതിപക്ഷത്തെ ഉഷാറാക്കിയിരിക്കുന്നു. ഉപതെരഞ്ഞെടുപ്പുകളില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഏറ്റ തിരിച്ചടിക്കുശേഷം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും വിജയക്കുതിപ്പ് തിരിച്ചുപിടിച്ച ബിജെ പി ഈ പരാജയങ്ങളോടെ മുന്നോട്ടുപോകാനാകാതെ നില്‍ക്കുകയാണ്. പ്രത്യേകിച്ചും മൂന്നു പതിറ്റാണ്ടോളം പാര്‍ട്ടിയുടെ കോട്ടയായ, മുഖ്യമന്ത്രി ആദിത്യനാഥിനെ 5 തവണ ലോക്സഭയിലേക്ക് വിജയിപ്പിച്ച ഗോരഖ്പൂരിലെ പരാജയം.

പക്ഷേ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ അത്യധികം ഊന്നുന്ന ബിജെപിയുടെ രീതി മാത്രമല്ല ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെ ശ്രദ്ധേയമാക്കുന്നത്. ഗോരഖ്പൂരിലെയും ഫൂല്‍പ്പൂരിലെയും ഫലങ്ങളും-ബിജെപിയില്‍ നിന്നും എസ് പി-ബി എസ് പി കൂട്ടുകെട്ട് പിടിച്ചെടുത്തവ-ബീഹാറിലെ അരാറിയ, ജെഹാനാബാദ്, ഭാബുവാ ഫലങ്ങളും-ബി ജെ പിയുമായുള്ള നിതീഷിന്റെ സഖ്യവും ലാലു പ്രസാദ് യാദവ് തടവിലായതും എല്ലാമുണ്ടായിട്ടും ആര്‍ജെഡി തങ്ങളുടെ സീറ്റുകള്‍ നിലനിര്‍ത്തി- പ്രതിപക്ഷ കക്ഷികളുടെ പുതിയ മുന്നണികള്‍ക്കും കൂട്ടുകെട്ടുകള്‍ക്കും സമവാക്യങ്ങള്‍ക്കും പ്രേരകങ്ങളാകും എന്നതാണു ഇവയുടെ പ്രാധാന്യം.

യു പിയിലെ എസ് പി-ബി എസ് പി വിജയത്തെ ‘സമീകരണ്‍ (ജാതി സമവാക്യങ്ങള്‍)’ ആയും ‘വോട്ട് മറിക്കലാ’യും ബിജെപി വിശേഷിപ്പിക്കുമെങ്കിലും പ്രതിപക്ഷ നിരയിലെ കണക്കുകളും കൂട്ടുകളും ഒരു വിജയസമവാക്യമായി മാറുന്നത് കാണാന്‍ ബിജെപിക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബിജെപി പിറകോട്ടിറങ്ങി ചിന്തിക്കേണ്ടി വരും. അത് ബിജെപിയെ തോല്‍പ്പിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ (എസ് പിക്ക്) ബി എസ് പി നേതാവ് മായാവതി തന്റെ അണികളോട് ആഹ്വാനം ചെയ്ത ഒരാഴ്ച്ച മുമ്പുള്ള കാലത്തിലേക്കല്ല, യുപിയില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഒരു കൊല്ലം മുമ്പുള്ള കാലം മുതല്‍ക്കിങ്ങോട്ട്. വാഗ്ദാനങ്ങള്‍, പ്രത്യേകിച്ചും തൊഴിലവസരങ്ങളുടെ കാര്യത്തില്‍, പാലിക്കാന്‍ കഴിഞ്ഞില്ല എന്നത് മാത്രമല്ല, സ്വന്തം അനുയായികളില്‍ പോലും നിരാശയുളവാക്കും വിധം സംസ്ഥാനത്ത് ജാതി, മത വിഭാഗീയതയും സംഘര്‍ഷവും വര്‍ദ്ധിപ്പിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചെയ്തത്. ഭിന്നതകള്‍ മാറ്റിവച്ച് പ്രതിപക്ഷത്തിന് വോട്ട് ചെയ്യാന്‍ വലിയൊരു വിഭാഗം വോട്ടര്‍മാരെ ഇത് പ്രേരിപ്പിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. മതത്തിന്റെയല്ലെങ്കിലും ജാതി ഭിന്നതകളെ മറികടന്ന് 2014-ലും 2017-ലും നേടിയ സ്വീകാര്യത യുപിയില്‍ ബിജെപിക്ക് നഷ്ടപ്പെടുകയാണോ? കേന്ദ്രത്തിലും സംസ്ഥാനത്തും നരേന്ദ്ര മോദിയുടെ പേരില്‍ 2014-ലും 2017-ലും മത്സരിച്ച ബിജെപിക്ക്, ഗോരഖ്പൂരിന് ശേഷമുള്ള ഈ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല.

രാഹുല്‍ ഗാന്ധിയുടെ മുന്‍പിലെ യഥാര്‍ത്ഥ പ്രതിസന്ധി

പ്രതിപക്ഷത്തെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്നോട്ടുള്ള വഴിയാണ് കാണിച്ചിരിക്കുന്നത്, പക്ഷേ ഏറെ ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഉദാഹരണത്തിന് ഗോരഖ്പൂരില്‍ തങ്ങളുടെ വോട്ടുകള്‍ എസ് പിക്ക് നല്കാന്‍ ബി എസ് പിക്ക് സാധിച്ചു. എന്നാല്‍ ഏറെ നാളുകളായി എസ് പി – ബി എസ് പി സഖ്യത്തെ അസാധ്യമാക്കുന്ന തരത്തിലുള്ള നിരവധി പ്രതിബന്ധങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള, ദളിത്, ഒബിസി, മുസ്ലീം എന്നീ വിഭാഗങ്ങളെയെല്ലാം ഒരു രാഷ്ട്രീയ കുടക്കീഴില്‍ കൊണ്ടുവരുന്ന ഈ സഖ്യസാധ്യത നേരിടും. ഗോരഖ്പൂരും ഫൂല്‍പൂരും അത്തരമൊരു സഖ്യത്തിന്റെ ശേഷിയും സാധ്യതയുമാണ് മുന്നോട്ട് വെക്കുന്നതെങ്കില്‍ പ്രതിപക്ഷത്തിന് യു പി യില്‍ മാത്രമല്ല അതിനു പുറത്തും ബിജെപിയെ തടയാന്‍ മറ്റ് തടസങ്ങളൊന്നും ഉണ്ടാകേണ്ടതില്ല.

2018ലെ യുപി വിരല്‍ ചൂണ്ടുന്നത് 2019ലെ ഇന്ത്യയിലേയ്‌ക്കോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍