UPDATES

ട്രെന്‍ഡിങ്ങ്

അസം സ്റ്റുഡന്റ്സ് യൂണിയന്‍, നെല്ലി കൂട്ടക്കൊല, പൗരത്വ നിഷേധം; ദേശീയതയില്‍ പൊതിഞ്ഞ അസമിലെ വംശീയ മുന്നേറ്റങ്ങള്‍

കുടിയേറ്റ വിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ വംശീയ മുന്‍വിധികളും മുസ്ലീം വിരുദ്ധതയും എന്നും വിലയിരുത്തല്‍

ഇന്ത്യന്‍ ചരിത്രത്തില്‍ നിരവധി പ്രക്ഷുബ്ദതകള്‍ക്ക് സാക്ഷ്യം വഹിച്ച അസം അതിന്റെ ചരിത്രത്തിലെ നിര്‍ണായക ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. 19 ലക്ഷത്തിലേറെ പേര്‍ക്ക്, നിശ്ചയിക്കപ്പെട്ട മാനദണ്ഡം ഇല്ലെന്ന പേരില്‍ പൗരത്വം നിഷേധിച്ചതോടെ, പതിറ്റാണ്ടുകളായി അസമില്‍ നടന്ന പ്രക്ഷോഭത്തിലെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയാണ്. അതോടൊപ്പം, ദേശീയതയുടെയും തദ്ദേശീയ ജനങ്ങളുടെ അവകാശങ്ങളുടെയും പേരില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ വംശീയ മുന്‍വിധികളാണുണ്ടായിരുന്നതെന്ന വിമർശനമാണ്  സാധൂകരിക്കപ്പെടുന്നത്.

അസമിന്റെ തദ്ദേശീയ രാഷ്ട്രീയത്തിന് വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയാണ് ആവിഷ്‌ക്കാരമുണ്ടായത്. 1940-കളില്‍  അസം സ്റ്റുഡന്റസ് യൂണിയന്‍ എന്ന സംഘടന രൂപീകരിക്കപ്പെട്ടിരുന്നു. ഇത് പിളര്‍ന്നെങ്കിലും പിന്നീട് ഓള്‍ അസം സ്റ്റുഡന്റസ് യൂണിയനായി പേര് മാറി ഒന്നായി. 1967 ലാണ്, പിന്നീട് അസമിന്റെ ചരിത്രം മാറ്റി മറിച്ച് ഓള്‍ അസം സ്റ്റുഡന്റസ് യൂണിയന്‍ രൂപികരിക്കപ്പെടുന്നത്.

വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് പിന്നീട് അസം സാക്ഷ്യം വഹിച്ചത്. 1979 ല്‍ തന്നെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഉള്‍പ്പെടുത്തി ഓള്‍ അസം ഗണ സഗ്രം പരിഷത്ത് രൂപീകരിക്കപ്പെട്ടു. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നം നേരത്തെ തന്നെ വലിയ വിഷയമായിരുന്നുവെങ്കിലും 1979-ല്‍ ലോക്‌സഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇതിന് വേറെ മാനങ്ങള്‍ ഉണ്ടായത്. പുതുക്കിയ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ മതി തെരഞ്ഞെടുപ്പ് എന്നതായിരുന്നു അസം സ്റ്റുഡന്റസ് യൂണിയന്റെ ആവശ്യം.

വ്യാജ വോട്ടര്‍മാരെന്ന് ആരോപിച്ച് 70,000 ഓളം പേര്‍ക്കെതിരെ പരാതികള്‍ ഉണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ 45000-ഓളം പരാതികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിയാണെന്ന് വിധിച്ചതോടെ അസമില്‍ കുടിയേറ്റക്കാര്‍ക്കെതിരെ വലിയ സമരം പൊട്ടിപ്പുറപ്പെട്ടു.

ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ നേതാക്കളായ പ്രഫുല കുമാര്‍ മൊഹന്ത, ബ്രിഗ്വു കുമാര്‍ ഫുക്കാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. ഈ ഘട്ടത്തില്‍ തന്നെയാണ് ഓള്‍ അസം മൈനോറിറ്റീസ് സ്റ്റുഡന്‍സ് യൂണിയനും പ്രവര്‍ത്തനം സജീവമാക്കിയത്. 1971-ന് മുമ്പ് അസമിലെത്തിയവര്‍ക്ക് പൗരത്വം നല്‍കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. പൗരത്വവും കുടിയേറ്റപ്രശ്‌നവും അസമിന്റെ രാഷ്ട്രീയത്തെ പ്രക്ഷുബ്ദമാക്കി. വംശീയ മുന്‍വിധികളിലും വിദ്വേഷത്തിലും അസം രാഷ്ട്രീയം കലുഷിതമായി. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാര്യമായി ഒന്നും ചെയ്യാനാകാതെ നോക്കുകുത്തികളെ പോലെ പ്രവര്‍ത്തിച്ചു.

1980-ല്‍ ഇന്ദിരാഗാന്ധി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തി. പൗരത്വ പരിശോധന പ്രക്രിയ എന്നത് ഏറെ സമയം വേണ്ട പ്രവര്‍ത്തനമാണെന്നും അതുകൊണ്ട് അസമിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് അത് സാധ്യമല്ലെന്നുമുള്ള നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാറും  സ്വീകരിച്ചത്.

സ്റ്റുഡന്‍സ് യൂണിയന്റെ അവകാശവാദം അസമില്‍ നാല്‍പത് ലക്ഷത്തോളം കുടിയേറ്റക്കാരായ ‘വിദേശി’കള്‍ ഉണ്ടെന്നായിരുന്നു. ഇവരെ പുറത്താക്കി, അസമിനെയും അസം വംശജരെയും സംരക്ഷിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. വലിയ തോതിലുള്ള വംശീയവും വര്‍ഗീയവുമായ വിദ്വേഷമാണ് സമരത്തിന്റെ ഭാഗമായി ഉണ്ടായത്. ബംഗ്ലാദേശില്‍നിന്ന് വന്ന മുസ്ലീങ്ങളും ബംഗാളില്‍നിന്നു വന്ന ഹിന്ദുക്കളുമെല്ലാം ശത്രുക്കളായി കണക്കാക്കപ്പെട്ടു. അവരെ സാമൂഹ്യമായി ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നു. ആക്രമണങ്ങള്‍ നിത്യസംഭവങ്ങളായി. അസം തീര്‍ത്തും അരാജകമായ അവസ്ഥയിലായി.

സമരം ശക്തമായതോടെ ഇന്ദിരാ ഗാന്ധി പ്രക്ഷോഭകരെ ചര്‍ച്ചയ്ക്ക് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പ്രധാനമന്ത്രിയുമായി നിരവധി ചര്‍ച്ചകള്‍ നടന്നുവെങ്കിലും തീരുമാനമായില്ല. തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാന്‍ ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ അസമില്‍ പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമായി. റോഡുകളും പാലങ്ങളും തകര്‍ക്കപ്പെട്ടു. ഇന്ദിരാ ഗാന്ധിയുടെ പൊതുയോഗങ്ങളില്‍ ആളുകളുണ്ടായില്ല. തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. എല്ലാ സംവിധാനങ്ങളും താറുമാറാക്കപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് വിസമ്മതിച്ചു. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നു പോലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അസമിലേക്ക് എത്തിക്കേണ്ടിവന്നു.

ഈ ഘട്ടത്തിലാണ് അസമിന്റെതെന്നല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണം ഉണ്ടാകുന്നത്. നെ ല്ലി കൂട്ടക്കൊല എന്ന് അത് ചരിത്രത്തില്‍ പിന്നീട് രേഖപ്പെടുത്തപ്പെട്ടു. അന്ന് മൂവായിരത്തോളം ആളുകളാണ് കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക കണക്ക്.

1983 ജനുവരി ഏഴിനും 21 ഫെബ്രുവരിക്കുമിടയിലായിരുന്നു അസമില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. നെല്ലിയില്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 14-നായിരുന്നു. തെരഞ്ഞെടുപ്പ് വിരുദ്ധ ഗ്രൂപ്പുകള്‍ ഈ മേഖലയില്‍ ശക്തമായ പ്രചരണമാണ് നടത്തിയിരുന്നത്. തദ്ദേശീയരായ അസം വശംജര്‍ ഉള്ള പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിന് എതിരായും അല്ലാത്തിടങ്ങളില്‍ അനുകൂലമായുമുള്ള വികാരമാണ് നിറഞ്ഞുനിന്നത്. ഫെബ്രുവരി 18-ന് രാവിലെ എട്ട് മണിയോടെ സായുധരായ ഒരു സംഘം, മുസ്ലീം ഭൂരിപക്ഷ ഗ്രാമങ്ങള്‍ വളയുകയും അസം നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യത്തോടെ ആക്രമണം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലുങ്, തിവ, മികിര്‍ തുടങ്ങിയ ഗോത്ര വിഭാഗങ്ങളും ഹിന്ദുക്കളുമാണ് ആക്രമണം നടത്തിയതെന്നായിരുന്നു ആരോപണം.

1800 ആളുകള്‍ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മറ്റ് പല സ്വതന്ത്ര്യ ഏജന്‍സികളും 3000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. അലിസിംങ്ക, കുലപതാര്‍ ബസുന്ദരി, ബുഗ്ദുപ ബീല്‍ ബുഗ്ദുപ ഹബി ബോര്‍ജോല ബുടുനി, ഇന്ദ്രുമുരി, മുലധരി, ബോര്‍ബോരി, നെല്ലി എന്നി പ്രദേശങ്ങളാണ് പൂര്‍ണമായും ആക്രമണത്തില്‍ ഇല്ലാതായത്.

ആക്രമണത്തെ അതീജീവിച്ചവര്‍ പിന്നീട് കുറച്ചുകാലം കഴിഞ്ഞത് നെല്ലിയിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു. അങ്ങനെയാണ് ഈ പ്രദേശങ്ങളിലെല്ലാം അരങ്ങേറിയ കൂട്ടക്കൊല നെല്ലി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി അറിയപ്പെടാന്‍ തുടങ്ങിയത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പ്രസിഡന്റ് ഗ്യാനി സെയില്‍സിംങും ഉള്‍പ്പെടെയുളളവര്‍ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം കൊല്ലപ്പെട്ടവുരുടെ ആശ്രിതര്‍ക്ക് 5000 രൂപയും പരുക്കേറ്റവര്‍ക്ക് 3000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്!

സംഭവവുമായി ബന്ധപ്പെട്ട് 688 പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെട്ടുവെന്നാണ് ഒരു കണക്ക്. എന്നാല്‍ ഇരുന്നൂറില്‍പ്പരം എണ്ണത്തില്‍ മാത്രമേ കുറ്റപത്രം തയ്യാറാക്കപ്പെട്ടുള്ളൂ. അതില്‍ തന്നെ ആരും പ്രോസിക്യൂട്ട് ചെയ്യപ്പെട്ടുമില്ല. പിന്നീട് 1983-ല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിവാരി കമ്മീഷനെ നിയമിച്ചു. 1984-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും ഒരിക്കലും അത് നിയമസഭയില്‍ വെച്ചില്ല.

പലപ്പോഴായി ആക്രമത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ ക്രിമിനല്‍ കേസുകളില്‍ നടപടി ആവശ്യപ്പെട്ടും കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടും അധികൃതരെ സമീപിച്ചെങ്കിലും അതൊന്നും നടന്നില്ല.

കുടിയേറ്റം വ്യാപകമായതോടെ ഗോത്രവിഭാഗക്കാരുടെ ഭൂമി നഷ്ടപ്പെട്ടത് കൂട്ടക്കൊലയ്ക്ക് ഒരു പ്രധാന കാരണമായി പലരും പറയുന്നുണ്ട്. ഈ ഘടകം നെല്ലി കൂട്ടക്കൊലയെക്കുറിച്ചും അസമിലെ പ്രശ്‌നത്തെക്കുറിച്ച് പഠിച്ചവര്‍ തള്ളിക്കളയുന്നുമില്ല. എന്നാല്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത് ഇതൊടൊപ്പം രാഷ്ട്രീയ കാരണങ്ങളും കൂട്ടക്കൊലയിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നുവെന്നാണ്. ഇതില്‍ പ്രധാനമായ ഒരു വസ്തുതയായി ചൂണ്ടിക്കാട്ടപ്പെടുന്നത് അസം സ്റ്റുഡന്റസ് യൂണിയന്റെയും ഓള്‍ അസം ഗണ സംഗ്രാം പരിഷത്തിന്റെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കാന്‍ മറ്റ് ചില രാഷ്ട്രീയ പദ്ധതിയുള്ളവര്‍ ശ്രമിച്ചുവെന്നാണ്.

ഇന്ത്യയിലെ തീവ്ര വലതുപക്ഷ സംഘടനകള്‍ ഈ അവസരം മുതലെടുത്ത് മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ നാട്ടുകാരെ പ്രേരിപ്പിച്ചുവെന്ന് കരുതുന്ന പണ്ഡിതരുമുണ്ട്. ആര്‍എസ്എസും ബിജെപിയേയും പോലുള്ള സംഘടനകളെയും ഇവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു.

അസമിനെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയ സംഭവമായിരുന്നു നെല്ലി കൂട്ടക്കൊല. ഹിന്ദു – മുസ്ലീം ബന്ധത്തില്‍ അത് വലിയ മാറ്റമുണ്ടാക്കി. ചില ഘട്ടങ്ങളിലൊഴികെ അസം പൊതുവില്‍ വര്‍ഗീയ ലഹളകളില്‍നിന്ന് മുക്തമായിരുന്നു. വിഭജനത്തിന്റെ കാലത്തുണ്ടായ ചില സംഭവങ്ങളൊഴിച്ചാൽ  മുസ്ലീങ്ങളെ ലക്ഷ്യംവെച്ചുള്ള കലാപങ്ങള്‍ അസമില്‍ കാര്യമായി ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല അസം ഭാഷയുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഉണ്ടായ കാലത്തും ബംഗാളില്‍നിന്നുള്ള മധ്യവര്‍ഗ ഹിന്ദുക്കളെയായിരുന്നു അസം ദേശീയത അതിന്റെ എതിരാളികളായി കണ്ടത്. അസമിലെത്തിയ മുസ്ലീം കര്‍ഷകര്‍ക്ക് അവരുടെ ഭാഷയായി അസമീസിനെ അംഗീകരിക്കുന്നതില്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നുമില്ല.

പിന്നീട് 1985 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ് അസം കരാര്‍ നിലവില്‍ വരുന്നത്. 1971-ന് ശേഷം അസമിലേക്ക് കുടിയേറിയവരെ കണ്ടെത്താമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. കരാര്‍ ഒപ്പുവെച്ചതിന് ശേഷം അന്നത്തെ പ്രക്ഷോഭകര്‍ അസം ഗണ പരിഷത്ത് രൂപികരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഭരണത്തിലേറി. അസമിന്റെ ദേശീയ സമരങ്ങള്‍ കൂടുതല്‍ കൂടുതല്‍ വംശീയ സ്വഭാവമാര്‍ജ്ജിക്കുന്നതായാണ് പിന്നീട് നടന്ന സംഭവങ്ങളിലും തെളിഞ്ഞത്

Also Read: അസം കത്തുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍