UPDATES

ട്രെന്‍ഡിങ്ങ്

എനിക്കാ വേദന മനസ്സിലാകും; ദത്താത്രേയയുടെ മകന്റെ മരണത്തിൽ അനുശോചനമറിയിച്ച് രാധികാ വെമുല

“ബണ്ടാരു ദത്താത്രേയയ്ക്കും കുടുംബത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള അനുശോചനങ്ങൾ.”

സിക്കന്ദരാബാദിൽ നിന്നുള്ള ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ബണ്ടാരു ദത്താത്രേയുടെ മകന്റെ മരണത്തിൽ അനുശോചനമറിയിച്ച് രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല. സ്വന്തം മകനെ നഷ്ടപ്പെടുന്ന ഒരാളുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് ഫേസ്ബുക്കിൽ രാധിക വെമുല എഴുതിയ കുറിപ്പിൽ പറഞ്ഞു.

“ബണ്ടാരു ദത്താത്രേയയ്ക്കും കുടുംബത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള അനുശോചനങ്ങൾ. മകനെ നഷ്ടപ്പെടുന്ന ഒരാളുടെ വേദന എനിക്ക് നന്നായറിയാം. നിങ്ങള്‍ക്കുണ്ടായ നഷ്ടത്തിൽ ദുഖിക്കുന്നു. ജയ് ഭീം.” -രാധികാ വെമുലയുടെ ഫേസ്ബുക്ക് പോസ്റ്റ് പറഞ്ഞു.

ഹൈദരാബാദ് സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തതിൽ ബണ്ടാരു ദത്താത്രേയയുടെ പീഡനങ്ങളും കാരണമായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. ഇദ്ദേഹത്തോടൊപ്പം സർവ്വകലാശാല വൈസ് ചാൻസിലറായ പി അപ്പാറാവുവും ചേർന്ന് നടത്തിയ പീഡനങ്ങൾ ആത്മഹത്യക്ക് പ്രേരണയായി എന്നതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ പ്രേരണാക്കുറ്റം ചുമത്തപ്പെടുകയും ചെയ്തിരുന്നു.

മുൻ എബിവിപി പ്രസിഡണ്ടായ എൻ സുശീൽ കുമാറിനെ ആക്രമിച്ചെന്നാരോപിച്ച് രോഹിത് വെമുലയെയും കൂട്ടുകാരെയും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയിരുന്നു. സുശീലിന്റെ ബിജെപി നേതാവു കൂടിയായ സഹോദരൻ ദത്താത്രേയയ്ക്കും സ്മൃതി ഇറാനിക്കും എഴുതിയ ഒരു കത്തിനെ അടിസ്ഥാനമാക്കിയാണ് നടപടികളുണ്ടായത്. ‘ജാതീയ’മായ പ്രവർത്തനങ്ങളിലേർപ്പെടുന്ന രോഹിത് വെമുല ദേശദ്രോഹിയാണെന്നായിരുന്നു സുശീലിന്റെ സഹോദരന്റെ ആരോപണം. ഇതിനു പിന്നാലെ രോഹിത് വെമുലയെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയത് ദത്താത്രേയയും അപ്പാറാവുവും ചേർന്നാണെന്ന് ആരോപണമുയർന്നിരുന്നു.

ദത്താത്രേയയുടെ മകൻ ബണ്ടാരു വൈഷ്ണവ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. 21 വയസ്സായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍