UPDATES

ട്രെന്‍ഡിങ്ങ്

റാഫേൽ: കോണ്‍ഗ്രസ് രാജ്യത്തെ അപകടത്തിലാക്കുന്നുവെന്ന് മോദി; സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്‌

റാഫേലില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചെങ്കിലും മോദി സര്‍ക്കാര്‍ വലിയ സമ്മര്‍ദ്ദത്തിലാണ് എന്നത് വ്യക്തം.

റാഫേല്‍ യുദ്ധ വിമാന കരാറില്‍ അഴിമതി സംശയിക്കാനുള്ള കാര്യമില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നുമുള്ള സുപ്രീം കോടതി വിധി മോദി സര്‍ക്കാരിന് ആശ്വാസമായിരുന്നു. മുന്‍ ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, പൊതുതാല്‍പര്യ ഹര്‍ജികളിലൂടെ ശ്രദ്ധേയനായ അഭിഭാഷകന്‍ എംഎല്‍ ശര്‍മ, വിനീത് ദാണ്ഡെ എന്നിവരുടെ ഹര്‍ജികളെല്ലാം തള്ളിയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ വിധിന്യായത്തില്‍ പറയുന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, വിധി വന്നതിന് പിന്നാലെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വിമാനങ്ങളുടെ വില സിഎജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) പരിശോധിച്ചതാണെന്നും പാര്‍ലമെന്റിന്റെ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റിയും ഇക്കാര്യം പരിശോധിച്ചിട്ടുണ്ടെന്നും പൊതുസമക്ഷത്തിലുള്ള രേഖകളാണെന്നുമാണ്, കരാറില്‍ സംശയങ്ങളില്ലെന്ന വാദത്തിന് ബലം നല്‍കും വിധം സുപ്രീം കോടതി വിധിയില്‍ പറയുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ തെറ്റായ വിവരങ്ങളിലൂടെ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഇത് കോടതിയലക്ഷ്യമാണ് എന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. വിധി പുനപരിശോധിക്കണമെന്നും കോടതിയലക്ഷ്യത്തിന് സര്‍ക്കാരിന് നോട്ടീസ് നല്‍കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

അതേസമയം ഇന്ത്യന്‍ സൈന്യത്തെ ദുര്‍ബലമാക്കാനായി ശത്രുരാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനില്‍ നിന്നുള്ള കയ്യടികള്‍ക്ക് വേണ്ടി പ്രസ്താവന ഇറക്കുകയാണ്. നുണ പറയാനല്ലാതെ മറ്റൊന്നും കോണ്‍ഗ്രസിന് വശമില്ലെന്നും മോദി അഭിപ്രായപ്പെട്ടു. അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഞങ്ങള്‍ പിടികൂടി ഇന്ത്യയിലെത്തിച്ചു. ക്രിസ്റ്റ്യന്‍ മിഷേലിന് വക്കീലിനെ ഏര്‍പ്പാടാക്കുന്നതിലായിരുന്നു കോണ്‍ഗ്രസിന്റെ ശ്രദ്ധ. റായ്ബറേലിയുടെ വികസനത്തിനായി സോണിയ ഗാന്ധി യാതൊന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു. റാഫേലില്‍ താനും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും സുപ്രീം കോടതിയും നുണ പറയുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന് നുണയല്ലാതെ മറ്റൊന്നും അറിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. അവര്‍ എത്ര വേണമെങ്കിലും നുണകള്‍ പറയട്ടെ. എനിക്ക് പറയാനുള്ളത് ഈ രാജ്യത്തെ സായുധസേനയെ ആധുനികവത്കരിക്കാന്‍ യാതൊന്നും ചെയ്യാത്തവരാണ് കോണ്‍ഗ്രസ് എന്ന് രാജ്യം മറക്കില്ല – മോദി പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഫ്രഞ്ച് പാര്‍ലമെന്റില്‍ ആയിരുന്നോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിഹാസ ചോദ്യങ്ങളിലൊന്ന്. വാര്‍ത്താസമ്മേളനത്തില്‍ തനിക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ ചൂണ്ടി രാഹുല്‍ പറഞ്ഞു – “ദാ, ഈയിരിക്കുന്ന പിഎസി ചെയര്‍മാന്‍ പറയുന്നത് ഇങ്ങനെയൊരു റിപ്പോര്‍ട്ട് കണ്ടിട്ടില്ല” എന്നാണ്. റാഫേൽ കരാറിൽ അടിസ്ഥാനപരമായ ചോദ്യം വിമാനത്തിന്റെ വില 526 കോടി രൂപയിൽ നിന്നും എങ്ങനെ 1600 കോടി രൂപയായി ഉയർന്നു എന്നതാണെന്ന് രാഹുൽ ആവര്‍ത്തിച്ച് പറഞ്ഞു.

സിഎജി, പിഎസി പരാമര്‍ശങ്ങള്‍ വിവാദമായതോടെ കേന്ദ്ര സര്‍ക്കാര്‍ തിരുത്തല്‍ അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചു. വാചകങ്ങളില്‍ തെറ്റ് സംഭവിച്ചതായും ഇത് തിരുത്തണമെന്നുമാണ് ആവശ്യം. ടൈപ്പിംഗ് മിസ്റ്റേക്ക് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. റാഫേലില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചെങ്കിലും മോദി സര്‍ക്കാര്‍ വലിയ സമ്മര്‍ദ്ദത്തിലാണ് എന്നത് വ്യക്തം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റാഫേല്‍ കരാര്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനായും കോണ്‍ഗ്രസ് ആക്രമണത്തിനെതിരെ പ്രതിരോധമുയര്‍ത്തുന്നതിനായും 70 വാര്‍ത്താസമ്മേളനങ്ങള്‍ നടത്താനൊരുങ്ങുകയാണ് ബിജെപിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഗൂഢാലോചന, രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നെല്ലാമാണ് ബിജെപി വാദങ്ങള്‍.

റാഫേൽ: സുപ്രീം കോടതിയുടെ തള്ളിക്കളയലിലെ മൂന്ന് പിഴവുകള്‍

“ഇന്ത്യയുടെ കാവൽക്കാരൻ അനിൽ അംബാനിയുടെ ദോസ്ത്; റാഫേൽ വിധിയിൽ സുപ്രീംകോടതി പറയുന്ന സിഎജി റിപ്പോർട്ട് ആരും കണ്ടിട്ടില്ല; -ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

റാഫേൽ കരാറിനു തൊട്ടു പിന്നാലെ അംബാനിയുടെ കടലാസ് കമ്പനി ഉണ്ടാക്കിയത് 284 കോടി ലാഭം; നടന്നത് ദുരൂഹമായ ഇടപാടുകൾ

നമ്മളിപ്പോൾ ആ ഇന്ദിരാ ഗാന്ധി നിമിഷത്തിലാണ്; റാഫേൽ നിഗൂഢ നാടകത്തിന്റെ അപായസൂചനകൾ-ഹരിഷ് ഖരെ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍