UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഫേൽ ഡീൽ: കോൺഗ്രസ്സ് വക്താക്കള്‍ക്ക് റിലയൻസിന്റെ വക്കീൽ നോട്ടീസ്; കുപ്രചാരണം അവസാനിപ്പിക്കാൻ ആവശ്യം

അതെസമയം, അനിൽ അംബാനിയുടെ ‘ഭീഷണി നോട്ടീസ്’ കിട്ടിയെന്നും നികുതിദായകരുടെ 42,000 കോടി രൂപയുടെ കണക്ക് ചോദിക്കുന്നതിൽ നിന്ന് തങ്ങൾ പിന്മാറില്ലെന്നും കോൺഗ്രസ്സ് വക്താവ് ജയ്‌വീർ ഷെർഗിൾ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാർ റാഫേൽ എയർക്രാഫ്റ്റുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങളിൽ തങ്ങളുടെ പേര് വലിച്ചിഴച്ചാൽ കോടതി കയറേണ്ടി വരുമെന്ന് കോൺഗ്രസ്സ് വക്താക്കൾക്ക് റിലയൻസ് ഗ്രൂപ്പിന്റെ ഭീഷണി. രൺദീപ് സുർജേവാല, അശോക് ചവാൻ, സഞ്ജയ് നിരുപം, അനുഗ്രഹ് നാരായൺ സിങ്, ഉമ്മൻചാണ്ടി, ശക്തിസിങ് ഗോഹിൽ, ഡോ അഭിഷേക് മനു സിംഘ്‌വി, സുനിൽ കുമാർ ജാഖർ, പ്രിയങ്ക ചതുർവ്വേദി എന്നിവർ റിലയൻസിനെതിരെ അസത്യപ്രസ്താവനകൾ നടത്തുകയാണെന്ന് കോൺഗ്രസ്സ് വക്താവ് ജയ്‌വീർ ഷെർഗിളിനയച്ച വക്കീൽ നോട്ടീസിൽ റിലയൻസ് പറഞ്ഞു.

അഭിപ്രായസ്വാതന്ത്ര്യം എന്തും വിളിച്ചു പറയാനുള്ള ലൈസൻസല്ലായെന്ന് റിലയൻസയച്ച വക്കീൽ നോട്ടീസ് പറയുന്നുണ്ട്. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ വെച്ച് തെറ്റായ പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും റിലയൻസ് വ്യക്തമാക്കി.

തങ്ങളുടെ സ്ഥാപനത്തിന്റെ ഖ്യാതിയും സൽപ്പേരും കളങ്കപ്പെടുത്തുന്നത് ലക്ഷ്യം വെച്ചുള്ള പ്രചാരണമാണ് കോൺഗ്രസ്സ് നടത്തുന്നതെന്ന് റിലയൻസ് ആരോപിച്ചു. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ മാനനഷ്ടക്കേസിന് പോകുമെന്നും വക്കീൽ നോട്ടീസ് വ്യക്തമാക്കി.

അതെസമയം, അനിൽ അംബാനിയുടെ ‘ഭീഷണി നോട്ടീസ്’ കിട്ടിയെന്നും നികുതിദായകരുടെ 42,000 കോടി രൂപയുടെ കണക്ക് ചോദിക്കുന്നതിൽ നിന്ന് തങ്ങൾ പിന്മാറില്ലെന്നും കോൺഗ്രസ്സ് വക്താവ് ജയ്‌വീർ ഷെർഗിൾ വ്യക്തമാക്കി.

എന്താണ് റാഫേൽ ഡീലിൽ കോണ്‍ഗ്രസ്സ് ഉന്നയിക്കുന്ന ആരോപണങ്ങൾ?

യുപിഎ സർക്കാരിന്റെ കാലത്ത് 126 റാഫേൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് വാങ്ങാൻ കരാറുണ്ടാക്കാൻ ശ്രമം നടന്നിരുന്നു. അന്ന് 126 വിമാനങ്ങളാണ് വാങ്ങാനുദ്ദേശിച്ചത്. ഫ്രാൻസിലെ ഡാസോൾട്ട് കമ്പനിയിൽ നിന്ന്. പക്ഷെ, അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എകെ ആന്റണിയുടെ ചില നിലപാടുകൾ മൂലം കരാർ നടപ്പാകുകയുണ്ടായില്ല. പിന്നീട് 2015ൽ മോദി ഫ്രാൻസ് സന്ദർശിച്ചപ്പോൾ കരാറിന് വീണ്ടും വഴിയൊരുങ്ങി. 126 വിമാനങ്ങൾ എന്നത് 36 വിമാനങ്ങൾ എന്നാക്കി പുതിയ കരാറിൽ. പക്ഷെ, തുകയിൽ ആനുപാതികമായ കുറവ് കാണുന്നില്ല. (126 വിമാനങ്ങൾക്ക് 102 ബില്യൺ ഡോളറും 36 വിമാനങ്ങൾക്ക് 8.7 ബില്യൺ ഡോളറും). ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി, നേരത്തെ യുപിഎ സർക്കാരുണ്ടാക്കിയ ധാരണയിൽ റാഫേലിന്റെ സാങ്കേതികത കൈമാറ്റം ചെയ്യണമെന്നുണ്ടായിരുന്നു. മോദിയുടെ കരാറിൽ ആ ധാരണയും ഇല്ല. മോദിക്കൊപ്പം അന്ന് അനിൽ അംബാനിയും ഫ്രാൻസിലുണ്ടായിരുന്നു. ഇത് സംശയങ്ങൾക്ക് വഴിയൊരുക്കി. റാഫേൽ പോർവിമാനത്തിന്റെ പ്രകടനം വളരെ മോശമാണെന്ന വസ്തുതയും പലരും പങ്കുവെക്കുന്നുണ്ട്. പൊളിഞ്ഞു നിൽക്കുന്ന ഡാസോൾട്ട് കമ്പനിയുമായി കരാറൊപ്പിട്ട ഇന്ത്യയുടെ നടപടിയും ചോദ്യം ചെയ്യപ്പെടുന്നു. കൂടുതൽ മികച്ച പ്രകടനശേഷിയുള്ള പോർവിമാനങ്ങൾ സാങ്കേതികതയുൾപ്പെടെ ഇതിലും കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് കിട്ടും എന്നിരിക്കെ എന്തുകൊണ്ടാണ് മോദി റാഫേലിനു പിന്നാലെത്തന്നെ കൂടിയിരിക്കുന്നതെന്നും ചോദ്യമുയരുന്നുണ്ട്. എന്നാല്‍ റിലയൻസിന് ഈ ഇടപാടിൽ സാമ്പത്തികനേട്ടമൊന്നും ഇല്ലെന്ന് ബിജെപി പറയുന്നു. ഇന്ത്യയുടെ പ്രതിരോധമേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണിതെന്നാണ് പ്രതിപക്ഷ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍