UPDATES

റാഫേൽ ഇടപാട്: പൊളിഞ്ഞുവീഴുന്ന കള്ളങ്ങൾ

“റാഫേൽ കയറ്റുമതിയെക്കുറിച്ച്, എനിക്കധികം പറയാനാവില്ല. ഞങ്ങൾ ഇതിനകംതന്നെ ഇന്ത്യക്ക് വിറ്റുകഴിഞ്ഞു. ഇന്ത്യക്ക് ഇനിയും വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിൽ ഞങ്ങൾക്ക് ഇനിയും പലതും ചെയ്യാനുണ്ട്…”

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ് ദാസ്സോയുടെ (Dassault) നിരവധി വിതരണക്കാരിൽ ഒന്ന് മാത്രമാണെന്നും അവർക്ക് റാഫേൽ പോർവിമാനങ്ങളുമായി ബന്ധമൊന്നുമില്ലെന്നും ആവർത്തിക്കുന്ന മോദി സർക്കാരിന്റെ ശ്രമത്തിന്റെ അടി പുഴക്കുന്ന ഒരു പ്രസ്താവന ഇപ്പോൾ വന്നിരിക്കുന്നതായി ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഞായറാഴ്ച്ച ധനമന്ത്രി അരുൺ ജെയ്റ്റ്ലി സർക്കാരിന്റെ ഭാഗം പറഞ്ഞത് സാങ്കേതികമായി ശരിയാണ്. കാരണം അത് പൂർണമായും സജ്ജമായ 36 റാഫേലുകൾക്കായുള്ള 2016ലെ കരാറുമായി മാത്രം ബന്ധപ്പെട്ടതാണ്.

എന്നാൽ 36 റാഫേലുകൾ ലഭിച്ചതിന് ശേഷമുള്ള പദ്ധതിയെക്കുറിച്ച് മോദി സർക്കാർ ഒന്നും വ്യക്തമാക്കുന്നില്ല. യു പി എ സർക്കാരിന്റെ കാലത്തെ ആദ്യ കരാർ 126 റാഫേലുകൾക്കായിരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. “36 റാഫെലുകൾ അവിടെ നിന്നും (ഫ്രാൻസ്) വരും, ബാക്കി ഇവിടെ ഉണ്ടാക്കും,” നിയമമന്ത്രി രവിശങ്കർ പ്രസാദ് ശനിയാഴ്ച്ച പറഞ്ഞു. എത്രയെണ്ണം എന്ന് കൃത്യമായി പറഞ്ഞില്ല. ഇന്ത്യൻ വ്യോമസേനയ്ക്ക് അത്യാവശ്യമുള്ളതുകൊണ്ടു മാത്രമല്ല വിമാനങ്ങളുടെ എണ്ണം നിർണായകമാകുന്നത്. പൊതുമേഖലാ സ്ഥാപനമായ HAL -നെ ഒഴിവാക്കിയതിനും ദാസ്സോ, Reliance Defence and Aerospace-നെ പങ്കാളിയായി തെരഞ്ഞെടുത്തതിനും സർക്കാർ പറയുന്ന ന്യായവാദങ്ങൾ മുഴുവനും കെട്ടിപ്പൊക്കിയത് 36 വിമാനങ്ങളിൽ ഒന്നുപോലും ഇന്ത്യയിൽ ഉണ്ടാക്കുന്നില്ല എന്ന് പറഞ്ഞാണ്.

36-നു ശേഷമുള്ള കഥയെന്താണ്? ചില വിശദീകരണങ്ങൾ ദസ്സോ നൽകുകയും ചിത്രം നാടകീയമായി മാറുകയും ചെയ്തു. അനിൽ അംബാനിയുടെ റിലയൻസുമായി ദസ്സോ ഉണ്ടാക്കിയ സംയുക്ത സംരംഭമായ Dassault Reliance Aerospace Ltd (Dral) നായി ദസ്സോക്ക് വലിയ പദ്ധതികളാണുള്ളത് എന്നത് മുൻ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാൻസ്വ ഔലാന്ദിന്റെ വെളിപ്പെടുത്തലുകളുടെ പ്രാധാന്യത്തെ ഇരട്ടിയാക്കുന്നു. ഇന്ത്യൻ സർക്കാർ ഫ്രാൻസിനോട് അനിൽ അംബാനിയുടെ റിലയൻസിന്റെ പേര് നിർദ്ദേശിച്ചെങ്കിൽ, അത് ജയ്റ്റ്ലി പറഞ്ഞപോലെ ‘ പുറത്തുനിന്നുള്ള വിതരണക്കാരായ (offset supplier) ഒരു കമ്പനി മാത്രമല്ല, വലിയ പദ്ധതികളുള്ള ഒരു പങ്കാളിത്തത്തിലെ നിർണായക പങ്കാളിയാണ്. ദസ്സോക്ക് 200-ലേറെ പോർവിമാനങ്ങളുടെ കരാർകൂടി പിടിക്കാനുള്ള കണ്ണുമുണ്ട്. ഈ വിവരങ്ങൾ പുറത്തുവിട്ടത് ദസ്സോ തന്നെയാണ്.

ഈ വർഷം ജൂലായ് 19-നു തങ്ങളുടെ ആദ്യ പകുതിയിലെ കണക്കുകൾ പ്രഖ്യാപിച്ചുകൊണ്ട് ദസ്സോ സി ഇ ഒ എറിക് ട്രാപ്പിയർ ഇങ്ങനെ പറഞ്ഞു, “ഞങ്ങൾ നാഗപ്പൂരിൽ ഒരു സ്ഥലം തെരഞ്ഞെടുത്തിട്ടുണ്ട്. ഞങ്ങൾ റിലയൻസുമായാണ് കൂട്ടുചേർന്നിരിക്കുന്നത്. ഞങ്ങളൊരു സംയുക്ത സംരഭം തുടങ്ങിയിരിക്കുന്നു. വിമാനങ്ങൾ നിർത്തിയിടാനുള്ള കേന്ദ്രത്തിന്റെ പണി നടക്കുകയാണ്. ഇവയുടെ (യന്ത്ര)ഭാഗങ്ങൾ, ഫാൽക്കൺ, റാഫേൽ എന്നിവയുടെ ഭാഗങ്ങൾ, ഉണ്ടാക്കുന്നതിനു ഭാവിയിൽ വേണ്ടിവരുന്ന ആളുകൾക്ക് പരിശീലനം നൽകിവരികയാണ്. ഈ വർഷം അവസാനത്തോടെ ആദ്യത്തെ ഭാഗങ്ങൾ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു”.
“ഫാൽക്കൺ, റാഫേൽ എന്നിവയുടെ ഭാഗങ്ങൾ” എന്നാണ് ട്രാപ്പിയർ പറഞ്ഞത്. അതിസമ്പന്നരെ ഉന്നംവെക്കുന്ന ഒരു വ്യാപാര യാത്ര വിമാനമാണ് ഫാൽക്കൺ. ഈ പ്രസ്താവനയിൽ തെളിയുന്നത് ഒരു കാര്യമാണ്: ദസ്സോ ഇന്ത്യയിൽ നിന്നും കൂടുതൽ റാഫേൽ പോർവിമാനങ്ങൾക്കുള്ള ആവശ്യം പ്രതീക്ഷിക്കുന്നു. പൂർണമായി സജ്ജമാക്കിയ 36 എണ്ണം നല്കിക്കഴിഞ്ഞാൽ. റാഫേൽ ഇന്ത്യയിൽ കൂട്ടിയോജിപ്പിച്ചുണ്ടാക്കാനാണ് പരിപാടി.

READ ALSO: റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

ഈ വിവരം പരസ്യമാക്കുന്നത് ഇതാദ്യത്തെ തവണയല്ല. പക്ഷെ അതിന്റെ സമയം ശ്രദ്ധിക്കേണ്ട ഒന്നാണ്.
ഔലാന്ദ് രണ്ടുമാസത്തിന് ശേഷം രാഷ്ട്രീയാന്തരീക്ഷത്തെ പിടിച്ചുകുലുക്കിയ തന്റെ പ്രസ്താവന പുറപ്പെടുവിക്കുന്നതിനും മുമ്പുതന്നെ റാഫേൽ ഇടപാട് ഇന്ത്യയിൽ വലിയ വിവാദമായ ജൂലായ് 19-നാണ് ട്രാപ്പിയർ പ്രസ്താവന പുറപ്പെടുവിക്കുന്നത്. പദ്ധതി വളരെ സജീവമാണെന്നും വിവാദം മൂലം അത് മാറ്റിവെച്ചിട്ടില്ലെന്നുമാണ് ട്രാപ്പിയറുടെ പ്രസ്താവന കാണിക്കുന്നത്. “റാഫേൽ കയറ്റുമതിയെക്കുറിച്ച്, എനിക്കധികം പറയാനാവില്ല. ഞങ്ങൾ ഇതിനകംതന്നെ ഇന്ത്യക്ക് വിറ്റുകഴിഞ്ഞു. ഇന്ത്യക്ക് ഇനിയും വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിൽ ഞങ്ങൾക്ക് ഇനിയും പലതും ചെയ്യാനുണ്ട്…” ജൂലായ് 19-നു ട്രാപ്പിയർ മാധ്യമങ്ങളോട് പറഞ്ഞു.

ഒലാന്ദ്‌ തന്റെ സ്ഫോടനാത്മകമായ വെളിപ്പെടുത്തൽ നടത്തിയതിനു രണ്ടു ദിവസത്തിന് ശേഷം, ഞായറാഴ്ച്ച, ജെയ്റ്റ്ലി 36 വിമാനങ്ങൾ എന്നതിൽ ഒതുങ്ങിനിന്നു. അതിനപ്പുറം ഒന്നും ഒപ്പുവെച്ചിട്ടില്ല എന്നതും മറ്റു ചർച്ചകളെ സംബന്ധിച്ച് അദ്ദേഹത്തിന് ധാരണയില്ല എന്നതുമാകാം കാരണം. “ ഒരു കമ്പനി പുറത്തുനിന്നുള്ള വിതരണക്കാർ ആയതുകൊണ്ടുമാത്രം എങ്ങനെയാണ് അത് വിവാദമാകുന്നത്?” ഒരഭിമുഖത്തിൽ ജയ്റ്റ്ലി ചോദിച്ചു.
(യഥാർത്ഥ ഉപകരണ നിർമ്മാതാവ്, ഇവിടെ ദസ്സോ, മൊത്തം പ്രതിരോധ ഇടപാടിന്റെ ഒരു നിശ്ചിതശതമാനം മൂല്യം വരുന്ന വാങ്ങലുകൾ നടത്തുന്ന പ്രാദേശിക സ്ഥാപനങ്ങളാണ് പുറത്തുനിന്നുള്ള വിതരണക്കാർ/ Offset suppliers. പ്രതിരോധ ഉപകരണങ്ങളല്ലാത്തവയും പ്രാദേശിക വിതരണക്കാരിൽ നിന്നും വാങ്ങാം). ജെയ്റ്റ്ലി കൂട്ടിച്ചേർക്കുന്നു, “അവർ റാഫേൽ വിമാനങ്ങളുടെ നിമ്മാണത്തിൽ തത്പരരല്ല. കാരണം 2016-ലെ കരാറിൽ ഒന്നും ഇന്ത്യയിൽ നിർമ്മിക്കാൻ പോകുന്നുണ്ടായിരുന്നില്ല. പൂര്ണസജ്ജമായ വിമാനങ്ങളാണ് വരാനിരുന്നത്. അവർ പുറത്തുനിന്നുള്ള വിതരണക്കാർ മാത്രമാണ്.” “പങ്കാളിത്തം” എന്ന വാക്കിനെക്കുറിച്ച്എം ജെയ്റ്റ്ലി ഏറെ വിശദീകരിച്ചു. “ വിമാനം (36) ഫ്രാൻസിൽ ഉണ്ടാക്കുകയും ആയുധങ്ങൾ അതിൽ പിടിപ്പിക്കുകയും ചെയ്യും…ദസോക്ക് ഇന്ത്യയിൽ ഒരു പങ്കാളിയുണ്ടാകുന്നതിനെക്കുറിച്ചുള്ള ചോദ്യം എവിടെയാണ് വരുന്നത്? ഈ 36 വിമാനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും നിർമ്മാണമോ മറ്റു കാര്യങ്ങളോ ഇന്ത്യയിൽ ചെയ്യുമ്പോൾ മാത്രമാണ് പങ്കാളി വരുന്നത്. ഇവിടെയിപ്പോൾ ഇന്ത്യയിൽ ഒന്നുംതന്നെ ചെയ്യുന്നില്ല. അപ്പോൾ മുൻ ഫ്രഞ്ച് പ്രസിഡണ്ട് ‘പങ്കാളിത്തം’ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ അദ്ദേഹത്തിന് കരാറിന്റെ അടിസ്ഥാനമെന്തായിരുന്നു എന്നതിനെക്കുറിച്ച് ഓർമ്മയില്ല”.

“36 റാഫേൽ വിമാനങ്ങൾ വാകുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം റിലയൻസ് ഗ്രൂപ്പിന് ഒരു കരാറും നൽകിയിട്ടില്ല” എന്ന് Reliance Defence and Aerospace നേരത്തെത്തന്നെ പറഞ്ഞിരുന്നു. ജയ്റ്റ്ലിയും റിലയൻസും 36 വിമാനങ്ങളിൽ പിടിച്ചുതൂങ്ങുമ്പോൾ ദസ്സോ അതിനപ്പുറമാണ് നോക്കുന്നത് എന്ന് ട്രാപ്പിയറുടെ പ്രസ്താവന വ്യക്തമാക്കുന്നു. ഫ്രഞ്ച് കമ്പനി റിലയൻസിനെ വെറും വിതരണക്കാരായല്ല പങ്കാളിയായാണ് കണക്കാക്കുന്നത്. സംയുക്ത സംരംഭ സൗകര്യം (Dral) വെറും ‘പുറത്തുനിന്നുള്ള’ ഒന്നിനേക്കാൾ കൂടുതലാണ്. നിർമ്മാണശാലയ്ക്കുള്ള അടിത്തറയിട്ടപ്പോൾ ഇതേ സ്ഥലത്ത് ഇന്ത്യൻ പങ്കാളികളുമായി ധാരണകൾക്കായി ശ്രമിക്കുന്ന വിമാനക്കമ്പനികളുടെ സംഘമായ Groupement des Industries Francaises Aeronautiques et Spatiales (GIFAS) പ്രതിനിധി സംഘത്തെയും ട്രാപ്പിയർ ഒപ്പം കൊണ്ടുവന്നിരുന്നു. ഇത് ഇന്ത്യയിലെ റാഫേൽ ഉത്പാദനത്തിൽ വില്പനക്കാരും വിതരണക്കാരുമാണ് എന്നത് വ്യക്തമാണ്.

പങ്കാളിത്തത്തെ സജീവമാകുന്ന സംഗതിയെക്കുറിച്ച് ട്രാപ്പിയർ ഒരു ധാരണ നൽകുന്നു. “ഞങ്ങൾ ചില അധിക ആവശ്യങ്ങൾക്കു മേൽ പ്രവർത്തിച്ചുവരികയാണ്….ഇന്ത്യൻ നാവികസേനയുടെ ഒരു അന്വേഷണത്തിന് ഞങ്ങൾ മറുപടി നൽകിയിട്ടുണ്ട്. നിങ്ങൾക്കറിയാവുന്നപോലെ, ഇന്ത്യൻ നാവികസേന അവരുടെ നിലവിലെ വിമാനവാഹിനികൾക്കും ഭാവിയിൽ വരുന്ന വിമാനവാഹിനികൾക്കും യോജിക്കുന്ന തരത്തിൽ ഇപ്പോഴുള്ള വിമാനങ്ങൾ മാറ്റുന്നതിന് ആലോചിക്കുന്നുണ്ട്. അതുകൊണ്ട് 57 വിമാനങ്ങൾക്കായുള്ള അന്വേഷണമാണ് വന്നത്, ഞങ്ങൾ ഉത്തരം നൽകിയിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനാ 110 വിമാനങ്ങൾ നൽകുന്നതിനുള്ള വിവരങ്ങൾ ആവശ്യപ്പെട്ടു, ഞങ്ങൾ അതിനും മറുപടി നൽകി.” ഇതർത്ഥമാക്കുന്നത്, 203 വിമാനങ്ങൾക്കുള്ള ആവശ്യം ഉണ്ടാകുമെന്നതിൽ ദസ്സോക്ക് പ്രതീക്ഷയുണ്ട് എന്നതാണ്.

2015 ഏപ്രിൽ 13-നു അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ അന്നേക്ക് അന്തിമമാക്കിയ റാഫേൽ കരാറിനെക്കുറിച്ച് ദൂരദർശനോട് പറഞ്ഞു, “മോദിജി തീരുമാനമെടുത്തു, ഞാൻ പിന്താങ്ങി”. മോദിയും ഒലാന്‍ദും തമ്മിൽ 2015 ഏപ്രിൽ 8 മുതൽ 10 വരെ പാരീസിൽ നടന്നതെന്താണെന്നു അറിയുന്നവർ ഇന്ത്യയിൽ വിരളമാണ് എന്നതുകൊണ്ടുതന്നെ പ്രധാനമന്ത്രി ഈ വിഷയത്തിൽ സംസാരിക്കേണ്ടതുണ്ട്.

എന്തുകൊണ്ട് കടക്കെണിയിലായ അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍