UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അംബാനിയുടെ കമ്പനിയെ കരാറിന്റെ ഭാഗമാക്കിയത് മെയ്ക്ക് ഇൻ ഇന്ത്യയുടെ പേരിൽ; മിനുട്സ് രേഖകൾ പുറത്ത്

ഡാസ്സോൾട്ട് ഏവിയേഷനിലെ ട്രേഡ് യൂണിയനുകളായ സിഎഫ്ഡിടി, സിജിടി എന്നിവ പ്രസിദ്ധീകരിച്ചതാണ് മിനുട്സ് രേഖകൾ.

റാഫേൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അഴിമതിയാരോപണത്തെ ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്. റാഫേൽ ജെറ്റ് വിമാനങ്ങൾ ഇന്ത്യക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഡാസ്സോൾട്ട് ഏവിയേഷൻ നടത്തിയ കൂടിയാലോചനകളുടെ മിനിട്സാണ് പോർടെയ്ൽ ഏവിയേഷൻ എന്ന ബ്ലോഗ് പുറത്തുവിട്ടിരിക്കുന്നത്.

ഡാസ്സോൾട്ട് ഏവിയേഷനിലെ ട്രേഡ് യൂണിയനുകളായ സിഎഫ്ഡിടി, സിജിടി എന്നിവ പ്രസിദ്ധീകരിച്ചതാണ് മിനുട്സ് രേഖകൾ. ഇതിൽ പറയുന്ന പ്രധാന കാര്യം ഇന്ത്യയുടെ നയവുമായി ബന്ധപ്പെട്ടതാണ്. മേക്ക് ഇൻ ഇന്ത്യ എന്ന ഇന്ത്യയുടെ പദ്ധതിയും അനിൽ അംബാനിയുടെ ഏവിയേഷൻ കമ്പനിയും തമ്മിലുള്ള ബന്ധം അവിഭാജ്യമാണെന്നും ഈ പദ്ധതിയിലൂടെയാണ് പ്രധാന കരാറിനു ശേഷമുള്ള അനുബന്ധ കരാറുകൾ നടപ്പാകേണ്ടത് എന്നതിനാൽ അനിൽ അംബാനിയെ ഉൾപ്പെടുത്താതിരിക്കാൻ പറ്റില്ലെന്നും ഈ രേഖ പറയുന്നു. ഫ്രഞ്ച് ഭാഷയിലാണ് ഈ മിനുട്സ് രേഖകളുള്ളത്.

ഇന്ത്യയുടെ നേരിട്ടുള്ല ആവശ്യപ്രകാരമാണ് റാഫേൽ കരാറിൽ അനിൽ അംബാനിയുടെ കമ്പനിയെ ഉൾപ്പെടുത്തിയത് എന്നതിന് നേരത്തെയും തെളിവുകൾ പുറത്തു വന്നിരുന്നു. താനോ തന്റെ കാമുകിയോ ഇടപെട്ടല്ല, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ് അനിൽ അംബാനി കരാറിൽ കയറിക്കൂടിയതെന്ന് സൂചിപ്പിച്ച് ഫ്രാൻസിന്റെ മുൻ പ്രസിഡണ്ട് ഫ്രാങ്കോയിസ് ഒളാന്തും രംഗത്തെത്തിയിരുന്നു.

ഡാസ്സോൾട്ടിലെ തൊഴിലാളി സംഘടനകളിലൊന്നായ സിജിടി പ്രസിദ്ധീകരിച്ച മിനുട്സ് പറയുന്നത് ഡാസ്സോൾട്ട് റിലയൻസ് ഏവിയേഷൻ എന്നരു കമ്പനി നാഗ്പൂരിൽ സ്ഥാപിച്ചിട്ടുണ്ടെന്നും റാഫേൽ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാനുള്ള കരാർ കിട്ടാൻ ഇത് അത്യാവശ്യമാണെന്ന് ലോയിക് സീഗൾമാൻ തങ്ങളെ ബോധിപ്പിച്ചെന്നുമാണ്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് അനിൽ അംബാനിയുടെ കമ്പനിയുമായുള്ള ഈ സഖ്യമെന്നും സീഗൾമാൻ പറഞ്ഞതായി രേഖയിലുണ്ട്.

മറ്റൊരു ട്രേഡ് യൂണിയനായ സിഎഫ്ഡിടി പറയുന്നത് മെയ്ക്ക് ഇൻ ഇന്ത്യ കരാറിന്റെ ഭാഗമായി വന്നത് ഇന്ത്യയുടെ ആവശ്യപ്രകാരമാണെന്നും റിലയൻസുമായുള്ള ഓഫ് സെറ്റ് കരാർ ഒഴിവാക്കാനാകാത്തതാണെന്നും ഇവർ പുറത്തിറക്കിയ മിനുട്സ് രേഖ പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍