UPDATES

റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്‌?

36 യുദ്ധ വിമാനങ്ങള്‍ക്കുള്ള എംഒയു ഒപ്പുവയ്ക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഒളാന്ദിന്റെ നിലവിലെ ജീവിതപങ്കാളിയും നടിയുമായ ജൂലി ഗയറ്റുമായി അനില്‍ അംബാനിയുടെ റിലൈന്‍സ് എന്റര്‍ടെയ്ന്‍മെന്റ് സിനിമ നിര്‍മ്മിക്കാനുള്ള കരാര്‍ ഒപ്പുവയ്ക്കുന്നത്.

റാഫേല്‍ യുദ്ധ വിമാന കരാര്‍ സംബന്ധിച്ച അഴിമതി ആരോപണവും വിവാദങ്ങളും സജീവമാണ്. യുപിഎ കാലത്തെ കരാര്‍ മാറ്റി, കുറച്ച് വിമാനങ്ങള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങാനുള്ള തീരുമാനം വലിയ അഴിമതിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 126 വിമാനങ്ങള്‍ക്ക് പകരം 36 വിമാനങ്ങള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ഒപ്പുവച്ചിരിക്കുന്ന കരാര്‍. ഫ്രഞ്ച് കമ്പനി ദസോള്‍ട്ട് ഏവിയേഷന്റെ പ്രാദേശിക പങ്കാളിയായി പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന് (ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ്) പകരം പ്രതിരോധ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത, അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ കൊണ്ടുവന്നതും വലിയ അഴിമതിയുടെ ഭാഗമായാണെന്ന് ആരോപണമുണ്ട്. എന്നാല്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിക്കും കരാറുമായി ബന്ധമുണ്ടെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമ നിര്‍മ്മാണ – വിതരണ കമ്പനിയായ റിലൈന്‍സ് എന്റര്‍ടെയ്ന്‍മെന്‍്‌റ് ലിമിറ്റഡ്.

റാഫേല്‍ കരാറിന്റെ ധാരണാപത്രം (എംഒയു) ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ ഒളാന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒപ്പുവച്ചത് 2016 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായി എത്തിയപ്പോളാണ്. 36 യുദ്ധ വിമാനങ്ങള്‍ക്കുള്ള എംഒയു ഒപ്പുവയ്ക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഒളാന്ദിന്റെ നിലവിലെ ജീവിതപങ്കാളിയും നടിയുമായ ജൂലി ഗയറ്റുമായി അനില്‍ അംബാനിയുടെ റിലൈന്‍സ് എന്റര്‍ടെയ്ന്‍മെന്റ് സിനിമ നിര്‍മ്മിക്കാനുള്ള കരാര്‍ ഒപ്പുവയ്ക്കാവുന്നത്. 2016 അവസാനം 59,000 കോടി രൂപയുടെ റാഫേല്‍ കരാറില്‍, ദസോള്‍ട്ട് റിലൈന്‍സ് എയ്‌റോസ്‌പേസ് ലിമറ്റഡ് വഴി അനില്‍ അംബാനിയുടെ കമ്പനി പങ്കാളിയായി. റിലൈന്‍സ് ഡിഫന്‍സിന് 51 ശതമാനം ഓഹരി. ദസോള്‍ട്ട് ഏവിയേഷന് 49 ശതമാനം ഓഹരി.

ഒരു ഫ്രഞ്ച് സിനിമയുടെ നിര്‍മ്മാണത്തിനായി ജൂലി ഗയറ്റിന്റെ റഫ് ഇന്റര്‍നാഷണലുമായി തങ്ങള്‍ കരാര്‍ ഒപ്പിട്ടതായി 2016 ജനുവരി 24ന് റിലൈന്‍സ് എന്റര്‍ടെയ്ന്‍മെന്റ് പ്രഖ്യാപിച്ചു. ഫ്രഞ്ച് നടനും സംവിധായകനുമായ സെര്‍ജി ഹസാനവിസ്യസിന്റെ ‘ടൂട് ലാ ഹോട്’ എന്ന സിനിമ 2017 ഡിസംബര്‍ 20നാണ് തീയറ്ററുകളിലെത്തിയത്. ഇതിന് എട്ടാഴ്ച മുമ്പാണ് നാഗ്പൂരില്‍ ദസോള്‍ട്ട് ഏവിയേഷന്‍ ചെയര്‍മാന്‍ എറിക് ട്രാപ്പിയറും അനില്‍ അംബാനിയും ചേര്‍ന്ന് ഡിആര്‍എഎല്‍ വിമാന ഫാക്ടറിക്ക് തറക്കല്ലിട്ടത്. അന്നത്തെ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍്‌സ് പാര്‍ലിയും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചടങ്ങിനെത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ അലെക്‌സാണ്‍ഡ്രെ സീഗ്ലര്‍ എന്നിവരും പങ്കെടുത്തു. 98 മിനുട്ട് ദൈര്‍ഘ്യമുള്ള സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തില്ല. 2017ല്‍ സ്‌പെയിനിലെ സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചു. യുഎഇ, തായ് വാന്‍, ലെബനന്‍, ബെല്‍ജിയം, ലാത്വിയ, എസ്റ്റോണിയ എന്നീ ആറ് രാജ്യങ്ങളില്‍ ചിത്രം വിതരണം ചെയ്തു

ജൂലി ഗയറ്റ്, ഒളാന്ദിനൊപ്പം പ്രസിഡന്റിന്റെ വസതിയില്‍ താമസിക്കുമ്പോളാണ് റാഫേല്‍ കരാര്‍ പ്രഖ്യാപിച്ചത്. കരാറുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഒളാന്ദിന്റെ കാലത്താണ്. റഫ് ഇന്റര്‍നാഷണലിന് ഇമെയില്‍ വഴി അയച്ച ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. റിലൈന്‍സ് എന്റെര്‍ടെയ്ന്‍മെന്റിന് അയച്ച ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടായില്ല. റാഫേല്‍ കരാറിലെ ഓഫ്‌സെറ്റ് വ്യവസ്ഥ പ്രകാരം ഇന്ത്യയിലെ പ്രാദേശിക കരാറുകളില്‍ അമ്പത് ശതമാനം നിക്ഷേപം ഫ്രാന്‍സ് നടത്തണം. 30000 കോടി രൂപയുടെ നിക്ഷേപം. റാഫേല്‍ ഓഫ്‌സെറ്റ് പ്രോജക്ട് ആണ് റിലൈന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രധാനമായും കാരണമായത്.

അതേസമയം 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് കരാര്‍ ദസോള്‍ട്ട് തങ്ങളുമായി ഒപ്പുവച്ചെന്ന വാര്‍ത്ത നിഷേധിക്കുകയാണ് റിലൈന്‍സ്. എച്ച്എഎല്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ നൂറോളം ഇന്ത്യന്‍ കമ്പനികളുമായി ദസോള്‍ട്ടിന് ഓഫ്‌സെറ്റ് കരാറുണ്ട് എന്നാണ് കമ്പനി പറയുന്നത്. തങ്ങള്‍ക്കെതിരെ ആരോപണമുന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ ഒരു പൈസ പോലും 36 വിമാനങ്ങള്‍ക്കായി റിലൈന്‍സ് ചിലവാക്കിയിട്ടില്ലെന്നാണ്.

യുപിഎയുടെ പഴയ കരാറിന് പകരമുള്ള പുതിയ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോദി ആദ്യമായി പ്രഖ്യാപനം നടത്തിയത് 2015 ഏപ്രില്‍ 10ന് ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോളാണ്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷവും നഷ്ടത്തിലാണ് റിലൈന്‍സ് എന്റര്‍ടെയ്ന്‍മെന്റ്. 2014ല്‍ 1,75,501 രൂപയുടെ നഷ്ടം. 2015ല്‍ 22,694 രൂപ, 2016ല്‍ 5,75,439 രൂപ, 2017ല്‍ 24,795 രൂപ എന്നിങ്ങനെയാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍