UPDATES

ട്രെന്‍ഡിങ്ങ്

പ്രസിഡന്റ് സ്ഥാനം രാജി വച്ചാലും ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ രാഹുല്‍ തന്നെ നയിക്കുമോ?

അശോക് ഗെലോട്ടിനേയും സച്ചിന്‍ പൈലറ്റിനേയും കാണാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടായ വന്‍ തോല്‍വിയുടെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. രാഹുലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമം മുതിര്‍ന്ന നേതാക്കള്‍ തുടരുന്നുണ്ടെങ്കിലും രാഹുല്‍ വഴങ്ങുന്നില്ല. ഇതേ തുടര്‍ന്നാണ് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അടക്കമുള്ളവരുടെ പേരുകള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവരുന്നത്. അതേസമയം ലോക്‌സഭയില്‍ ഇത്തവണ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി വന്നേക്കും എന്ന സൂചനയുണ്ട്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ 2014ല്‍ 44 അംഗങ്ങളാണുണ്ടായിരുന്നത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആയിരുന്നു സഭാനേതാവ്. ഇത്തവണ 52 സീറ്റുകളുണ്ട്. വയനാട് 4.3 ലക്ഷത്തില്‍ പരം വോട്ടിന് ജയിച്ച രാഹുല്‍ ഗാന്ധി അമേഠിയില്‍ 55,000ല്‍ പരം വോട്ടിന് ബിജെപിയിലെ സ്മൃതി ഇറാനിയോട് തോറ്റിരുന്നു.

ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചിട്ടും ഒരു ലോക്‌സഭ സീറ്റ് പോലും നേടാന്‍ കഴിയാത്ത രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിഭാഗം കലാപമാരംഭിച്ചിട്ടുണ്ട്. അശോക് ഗെലോട്ടിനെതിരെ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ നടത്തിയ രൂക്ഷവിമര്‍ശനം ശരിവച്ച് രണ്ട് മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. ഒരു മന്ത്രി രാജി വയ്ക്കുകയും ചെയ്തു. അശോക് ഗെലോട്ടും മധ്യപ്രപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പി ചിദംബരവും സ്വന്തം മക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമാണ് താല്‍പര്യം കാണിച്ചത് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. രാഹുലിനെ പ്രചാരണത്തില്‍ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്ന് പറഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പ്രിയങ്ക ഗാന്ധിയും ആഞ്ഞടിച്ചിരുന്നു. രാഹുല്‍ പെട്ടെന്ന് സ്ഥാനമൊഴിയുന്നത് ബിജെപി വച്ച കെണിയില്‍ വീണുകൊടുക്കുകയായിരിക്കും എന്നും പ്രിയങ്ക പറഞ്ഞിരുന്നു. അതേസമയം രാഹുല്‍ തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ പ്രിയങ്കയും സോണിയയും ഇതിനെ അനുകൂലിച്ചു. പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നത് വരെ തുടരാമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്.

ALSO READ: ശൗര്യം ചോര്‍ന്ന പടനായകന്റെ പലായനം; എന്താണ് രാഹുലിന്റെ ലക്ഷ്യം?

ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വസതിയില്‍ നേതാക്കളുടെ തിരക്കാണ്. അതേസമയം രാഹുല്‍ ആരേയും കാണാന്‍ തയ്യാറാകുന്നില്ല. അതേസമയം അശോക് ഗെലോട്ടിനേയും സച്ചിന്‍ പൈലറ്റിനേയും കാണാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. ഇന്ന് പ്രിയങ്കയുമായി മാത്രമാണ് രാഹുല്‍ സംസാരിച്ചത്. പ്രസിഡന്റ് സ്ഥാനം രാഹുല്‍ രാജി വയ്ക്കരുത് എന്നാണ് തന്റെ ആഗ്രഹമെങ്കിലും രാഹുല്‍ ഒരു തരത്തിലും തീരുമാനം മാറ്റാന്‍ തയ്യാറല്ല എന്ന് പ്രവര്‍ത്തകസമിതി അംഗവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ് പറയുന്നു. മുതിര്‍ന്ന നേതാക്കളോടുള്ള അതൃപ്തി രാഹുല്‍ ആവര്‍ത്തിക്കുന്നതായി തരുണ്‍ ഗൊഗോയ് എന്‍ഡിടിവിയോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍