UPDATES

ട്രെന്‍ഡിങ്ങ്

റാഫേലിനെക്കുറിച്ച് മനോഹര്‍ പരീഖര്‍ തന്നോട് പറഞ്ഞതായി രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല; പരീഖറുടെ കത്തിന്റെ ലക്ഷ്യം?

സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി തന്റെ സന്ദര്‍ശനത്തെ ഉപയോഗിക്കുകയാണ് രാഹുല്‍ എന്ന് പരീഖര്‍ കത്തില്‍ ആരോപിക്കുന്നു.

അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖറെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. റാഫേലിനെക്കുറിച്ച് പരീഖര്‍ തന്നോട് സംസാരിച്ചു എന്ന് രാഹുല്‍ ഗാന്ധി പൊതുപരിപാടിയില്‍ പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നത്. ന്യൂഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയിലെ പ്രസംഗത്തിനിടെ രാഹുല്‍ ഇത്തരത്തില്‍ പ്രസംഗിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ രാഹുല്‍ ഇത്തരത്തില്‍ പ്രസംഗിച്ചിട്ടില്ല എന്നതാണ് വസ്തുത. റാഫേല്‍ കരാര്‍ സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ല എന്നാണ് പ്രതിരോധ മന്ത്രിയായിരിക്കെ പരീഖര്‍ പറഞ്ഞത് എന്നാണ് രാഹുല്‍ പറഞ്ഞത്. ഇത് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുള്ളതുമാണ്. കോണ്‍ഗ്രസ് നിരന്തരം പറയുന്ന കാര്യവുമാണ്.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം – വീഡിയോ:

അതേസമയം രാഹുല്‍ നുണ പറയുകയാണെന്ന ധ്വനിയുമായി രൂക്ഷ വിമര്‍ശനത്തോടെ പരീഖര്‍ രാഹുലിന് കത്തെഴുതിയിരിക്കുന്നു. മിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി തന്റെ സന്ദര്‍ശനത്തെ ഉപയോഗിക്കുകയാണ് രാഹുല്‍ എന്ന് പരീഖര്‍ കത്തില്‍ ആരോപിക്കുന്നു. താങ്കള്‍ എന്നോടൊപ്പം ചിലവഴിച്ച അഞ്ച് മിനുട്ട് റാഫേലിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ജീവന്മരണ പോരാട്ടവുമായി ചികിത്സയില്‍ കഴിയുന്ന എന്നെ കാണാനെത്തിയ നിങ്ങളുടെ സന്ദര്‍ശനത്തിന് പിന്നില്‍ ഇങ്ങനെയൊരു ദുരുദ്ദേശമുണ്ടെന്ന് അറിഞ്ഞില്ല – പരീഖര്‍ പറയുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരിക്കുന്നു.

നേരത്തെ റാഫേല്‍ കരാര്‍ സംബന്ധിച്ച എല്ലാ രേഖകളും തന്റെ മേശപ്പുറത്തുണ്ടെന്നും തന്നെ ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനാവില്ല എന്നും പരീഖര്‍ മന്ത്രിസഭ യോഗത്തില്‍ പറഞ്ഞതായി ഗോവ മന്ത്രി വിശ്വജിത്ത് റാണെ ഒരു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നതിന്റെ ഓഡിയോ റെക്കോഡിംഗ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കടന്നാക്രമണം നടത്തുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍