UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമേഥിയില്‍ ഇത്തവണ സ്മൃതി ഇറാനി രാഹുലിന് വെല്ലുവിളി? രണ്ട് മണ്ഡലങ്ങളില്‍ കൂടി മത്സരിച്ചേക്കും?

2004 മുതല്‍ രാഹുല്‍ പ്രതിനിധീകരിക്കുന്ന അമേഥിയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് സീറ്റിലും ബിജെപി ജയിച്ചിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇത്തവണ അമേഥിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ശക്തമായ വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ ശക്തമായ ഭരണവിരുദ്ധ വികാരത്തിലും ബിജെപി തരംഗത്തിനിടെയും ഒരു ലക്ഷത്തില്‍ പരം വോട്ടിനാണ് രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്. 2004 മുതല്‍ രാഹുല്‍ പ്രതിനിധീകരിക്കുന്ന അമേഥിയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് സീറ്റിലും ബിജെപി ജയിച്ചിരുന്നു. സ്മൃതി ഇറാനിയാണെങ്കില്‍ കുറേ കാലമായി മണ്ഡലത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. നിരവധി ക്ഷേമപദ്ധതികളും സൌജന്യ സാധന വിതരണങ്ങളും അവര്‍ ഇവിടെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തവണ മഹാരാഷ്ട്രയിലെ നാന്ദഡ് ലോക്‌സഭ മണ്ഡലത്തിലോ മധ്യപ്രദേശിലെ ചിന്ദ്വാരയിലോ കൂടി രാഹുല്‍ മത്സരിച്ചേക്കുമെന്ന സൂചന ശക്തമായിട്ടുണ്ട്.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പിസിസി അധ്യക്ഷനുമായ അശോക് ചവാനാണ് നിലവില്‍ നാന്ദഡ് എംപി. ചിന്ദ്വാര മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഒഴിഞ്ഞതാണ്. ഇരു മണ്ഡലങ്ങളും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്. അതേസമയം ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭ സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ രാഹുല്‍ മത്സരിക്കുന്നത് സംസ്ഥാനത്ത് മൊത്തത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – എന്‍സിപി സഖ്യം അധികാരത്തിലെത്തുകയാണെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് അശോക് ചവാനാണ്. അതേസമയം രാഹുല്‍ ഗാന്ധി ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് സംബന്ധിച്ച് യാതൊരു സൂചനയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍