UPDATES

രാജിയില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി; “ആര് പ്രസിഡന്റാകണം എന്ന് തീരുമാനിക്കുന്നതില്‍ എനിക്ക് യാതൊരു പങ്കുമുണ്ടാകില്ല”

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ ഇടപെട്ടാല്‍ അത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. പാര്‍ട്ടി സംവിധാനത്തിന് വിശ്വാസ്യതയുണ്ടാകണം എന്നും രാഹുല്‍ പറഞ്ഞു.

രാജി തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന നടപടിയില്‍ തനിക്ക് ഒരു പങ്കും ഉണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ ഇടപെട്ടാല്‍ അത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. പാര്‍ട്ടി സംവിധാനത്തിന് വിശ്വാസ്യതയുണ്ടാകണം എന്നും രാഹുല്‍ എന്‍ഡിടിവിയോട് പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ 100 ശതമാനം ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പ്രവര്‍ത്തകസമിതി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ച രാഹുല്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. രാജി പ്രവര്‍ത്തക സമിതി തള്ളിയിട്ടും തീരുമാനത്തില്‍ മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി. ലോക്‌സഭ കക്ഷി നേതൃ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ബംഗാളില്‍ നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയെ സഭാകക്ഷി നേതാവാക്കുകയായിരുന്നു.

നെഹ്രു കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെ പാര്‍ട്ടി പ്രസിഡന്റ് ആകണം എന്ന് ഒരു നിര്‍ബന്ധവുമില്ല എന്ന് നേരത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. സോണിയയോ പ്രിയങ്കയോ പ്രസിഡന്റ് ആകുന്നതിനെ രാഹുല്‍ എതിര്‍ക്കുകയും ചെയ്തു. അശോക് ഗെലോട്ട്, കമല്‍നാഥ്, പി ചിദംബരം എന്നീ മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം മക്കളുടെ സീറ്റിന്റെ കാര്യത്തില്‍ മാത്രമേ താല്‍പര്യം കാണിച്ചുള്ളൂ എന്ന രൂക്ഷവിമര്‍ശനം നടത്തിയതിന് ഒപ്പമായിരുന്നു ഇത്. 1980 മുതലുള്ള കോണ്‍ഗ്രസ് ചരിത്രത്തില്‍ 1991 മുതല്‍ 98 വരെയുള്ള ഇടവേളയൊഴിച്ചാല്‍ നെഹ്രു കുടുംബത്തില്‍ പെട്ടവര്‍ മാത്രമാണ് പ്രസിഡന്‌റ് പദവി വഹിച്ചത്. കുടുംബ വാഴ്ച കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍