UPDATES

ട്രെന്‍ഡിങ്ങ്

‘ആദിവാസികളെ വെടിവെക്കാൻ മോദി നിയമമുണ്ടാക്കിയെന്ന ആരോപണത്തിന് രാഹുലിന് നോട്ടീസ്; ‘മോദിസ് കോഡ് ഓഫ് കണ്ടക്ട്’ എന്ന് കോൺഗ്രസ്സ്

പ്രത്യേക ദൂതൻ വഴിയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ രാഹുൽ‌ ഗാന്ധിക്ക് നോട്ടീസ് കൈമാറിയത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ‌ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഒരു പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് കമ്മീഷൻ നോട്ടീസയച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ശാഹ്ദോളിൽ വെച്ചാണ് നോട്ടീസിനാസ്പദമായ പ്രസംഗം രാഹുല്‍ നടത്തിയത്.

ഉദ്യോഗസ്ഥർക്ക് ആദിവാസികളെ കൊല ചെയ്യാനനുവദിക്കുന്ന ഒരു പുതിയ നിയമം നരേന്ദ്ര മോദി സർക്കാർ ഉണ്ടാക്കിയെന്നായിരുന്നു പ്രസംഗത്തിൽ രാഹുലിന്റെ ആരോപണം. “പൊലീസുകാർക്ക് ആദിവാസികളെ വെടിവെക്കാൻ അനുവാദം നൽകുന്ന ഒരു പുതിയ നിയമം നരേന്ദ്രമോദി ഉണ്ടാക്കി. ആദിവാസികളെ ആക്രമിക്കാമെന്നാണ് നിയമം പറയുന്നത്. അവർ നിങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നു, നിങ്ങളുടെ കാട് തട്ടിയെടുക്കുന്നു, നിങ്ങളുടെ വെള്ളം കൊണ്ടുപോകുന്നു, എന്നിട്ട് നിങ്ങളെ വെടിവെക്കാമെന്ന് പറയുന്നു,” എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

48 മണിക്കൂർ സമയമാണ് മറുപടി നൽകാനായി രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ളത്. മറുപടി നൽകുന്നതിൽ വീഴ്ച വന്നാൽ ഇനിയൊരു അറിയിപ്പില്ലാതെ നടപടിയെടുക്കുമെന്നും താക്കീതുണ്ട്. ഒരു പ്രത്യേക ദൂതൻ വഴിയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ രാഹുൽ‌ ഗാന്ധിക്ക് നോട്ടീസ് കൈമാറിയത്. വിഷയത്തിൽ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതെസമയം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയെന്നാരോപിക്കപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങളിലെല്ലാം തെരഞ്ഞെടുപ്പു കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിക്കഴിഞ്ഞു. പുൽവാമയിൽ കൊല്ലപ്പെടുകയും ബാലാകോട്ട് ആക്രമണം നടത്തുകയും ചെയ്ത സൈനികർക്കു വേണം യുവാക്കൾ വോട്ട് നൽകാനെന്നായിരുന്നു മോദിയുടെ പ്രസ്താവന. സൈനിക വിഷയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടമാണ് ലംഘിക്കപ്പെട്ടതെന്ന് ആരോപണമുണ്ടായി. ഇതിൽ മോദിക്ക് നോട്ടീസ് അയയ്ക്കുകയുണ്ടായില്ല. പകരം തെരഞ്ഞെടുപ്പു കമ്മീഷൻ തന്നെ പരിശോധന നടത്തുകയും ക്ലീൻ ചിറ്റ് നല്‍കുകയുമായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച കമ്മീഷന്റെ പ്രസ്താവന വന്നത്.

മോദിക്കെതിരെ ഉയർന്ന പെരുമാറ്റച്ചട്ട ലംഘന ആരോപണങ്ങളിലൊന്നിൽ പോലും നോട്ടീസ് അയയ്ക്കാതെ ക്ലീൻ ചിറ്റ് നല്‍കുന്നതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തുണ്ട്. ഇപ്പോൾ നടപടികളെടുക്കുന്നത് ‘മോഡൽ കോഡ് ഓഫ് കണ്ടക്ടി’ന്റെ അടിസ്ഥാനത്തിലല്ലെന്നും പകരം ‘മോദീസ് കോഡ് ഓഫ് കണ്ടക്ടി’ന്റെ അടിസ്ഥാനത്തിലണെന്നും പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍