UPDATES

വിശകലനം

വികെ കൃഷ്ണമേനോന് ശേഷം കേരളത്തില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കുന്ന ‘ദേശീയ രാഷ്ട്രീയ സെലിബ്രിറ്റി’യായി രാഹുല്‍ ഗാന്ധി

1971ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരക്ഷിത മണ്ഡലം തേടിയിരുന്ന കൃഷ്ണ മേനോന്‍ ഒടുവില്‍ കേരളത്തിലാണ് എത്തിയത്.

മുസ്ലീം ലീഗിന്റെ രണ്ട് നേതാക്കള്‍ – മഹാരാഷ്ട്രക്കാരനായ ജിഎം ബനാത് വാലയും മൈസൂരുകാരനായ ഇബ്രാഹിം സുലൈമാന്‍ സേട്ടും മാത്രമാണ് കേരളത്തില്‍ ലോക്‌സഭയിലേയ്ക്ക് മത്സരിച്ച മലയാളികളല്ലാത്തവര്‍. ദേശീയ നേതാവ് എന്ന തരത്തില്‍ പറയാവുന്ന ഒരു വ്യക്തി മുമ്പ് കേരളത്തില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിച്ചിട്ടുള്ള വികെ കൃഷ്ണ മേനോനാണ്. 1971ല്‍ സിപിഎം പിന്തുണയുള്ള സ്വതന്ത്രനായി തിരുവനന്തപുരത്ത് മത്സരിച്ച അദ്ദേഹം ലോക്‌സഭയിലെത്തി. ഇപ്പോള്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു.

അതേസമയം ഒരു മുഖ്യധാര ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി, ഒരു പാന്‍ ഇന്ത്യന്‍ നേതാവിന്റെ പ്രതിച്ഛായ സൃഷ്ടിച്ചിട്ടുള്ള ഒരു വ്യക്തി കേരളത്തില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കുന്നത് ഇത് ആദ്യത്തെ സംഭവമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ മറ്റൊരാള്‍ 1952ലെ ആദ്യ ലോക്‌സഭയില്‍ പ്രതിപക്ഷ ഗ്രൂപ്പുകളുടെ നേതാവും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായ എകെ ഗോപാലനാണ്. എഐസിസി അംഗമെന്ന നിലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും ദേശീയ നേതാവ് കൂടിയായിരുന്നു എകെജി. എന്നാല്‍ കേരളത്തില്‍ നിന്ന് സ്വാതന്ത്ര്യപ്രക്ഷോഭത്തിലൂടെ ദേശീയ തലത്തിലേയ്ക്ക് ഉയര്‍ന്നുവന്ന നേതാവായിരുന്നു അദ്ദേഹം.

ദേശീയ രാഷ്ട്രീയത്തില്‍ കിംഗ് മേക്കറായി മാറിയെങ്കിലും കെ കരുണാകരന്‍ കേരളത്തില്‍ നിന്നുള്ള നേതാവായി തന്നെയാണ് എക്കാലവും അറിയപ്പെട്ടതും പരിഗണിക്കപ്പെട്ടതും. പനമ്പിള്ളി ഗോവിന്ദ മേനോന്‍, സിഎം സ്റ്റീഫന്‍ മുതല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സംഘടനാകാര്യ സെക്രട്ടറിയായ കെസി വേണുഗോപാല്‍ വരെയുള്ള പ്രമുഖ നേതാക്കളുണ്ടെങ്കിലും ഇവരാരും ദേശീയ തലത്തില്‍ രാഷ്ട്രീയ സെലിബ്രിറ്റികളല്ല. 1978 മുതല്‍ 79 വരെ സിഎം സ്റ്റീഫന്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭ നേതാവായി.

സുലൈമാന്‍ സേട്ടിന്റെ മാതാവ് തലശേരിക്കാരിയായിരുന്നു. പിതാവ് മൈസൂരുകാരനും. 1967, 71 തിരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് നിന്നാണ് സേട്ട് ലോക്‌സഭയിലെത്തിയത്. മഞ്ചേരിയില്‍ 1977 മുതല്‍ 89 വരെ തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പുകളില്‍ ജയിച്ചത് ഇബ്രാഹിം സുലൈമാന്‍ സേട്ടാണ്. ബനാത് വാല പൊന്നാനിയില്‍ നിന്നാണ് തുടര്‍ച്ചയായി ലോക് സഭയിലെത്തിയത്. 1977 മുതല്‍ 99 വരെ തുടര്‍ച്ചയായ എട്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഏഴിലും മുസ്ലീം ലീഗ് പ്രതിനിധിയായി ഇവിടെ നിന്ന് ലോക് സഭയിലെത്തിയത് ബനാത് വാലയാണ്. 1991ല്‍ മാത്രം ഇബ്രാഹിം സുലൈമാന്‍ സേട്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലീഗ് നേതാക്കള്‍ കേരളത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ടെങ്കിലും സേട്ട് ദേശീയ നേതാക്കളെ സംബന്ധിച്ച് സുപരിചിതനായിരുന്നെങ്കിലും ഇവരാരും ദേശീയ തലത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടില്ല.

ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭ കാലത്ത് ലണ്ടനിലെ ഇന്ത്യ ലീഗിന്റെ ഭാഗമായും സ്വാതന്ത്ര്യത്തിന് ശേഷം ലണ്ടനിലെ ആദ്യ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും ഐക്യരാഷ്ട്ര സഭയിലെ റെക്കോഡ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിലൂടെയും കാശ്മീര്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്കായി നടത്തിയ ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ വികെ കൃഷ്ണ മേനോന്‍ 1957ല്‍ ബോംബെ നോര്‍ത്ത് മണ്ഡലത്തിലാണ് ആദ്യമായി ലോക് സഭയിലേയ്ക്ക് ജനവിധി തേടിയത്. പി എസ് പിയിലെ അല്‍വാരസ് പീറ്റര്‍ അഗസ്റ്റസിനെ 47,741 വോട്ടിന് പരാജയപ്പെടുത്തി. 1962ല്‍ ചൈനയുമായുള്ള യുദ്ധ പരാജയം നെഹ്രുവിന്റെ വിശ്വസ്തനായിരുന്ന കൃഷ്ണ മേനോന്റെ പ്രതിച്ഛായയ്ക്ക് പോറലേല്‍പ്പിച്ചു.

1962 ഒക്ടോബര്‍ – നവംബറിലാണ് ചൈനയുമായി യുദ്ധമുണ്ടായത്. ആ വര്‍ഷം ഫെബ്രുവരിയിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പുണ്ടായത്. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളിലൊരാളും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് വരെ പരിഗണിക്കപ്പെട്ടിരുന്നയാളും നെഹ്രുവിന്റെ ഇടതുപക്ഷ നയങ്ങളുടെ ശക്തനായ വിമര്‍ശകനുമായിരുന്ന ജെബി കൃപലാനിയാണ് കൃഷ്ണ മേനോനെ നേരിടാനിറങ്ങിയത്. കൃഷ്ണ മേനോന് വേണ്ടി നെഹ്രു ഊര്‍ജ്ജിതമായ പ്രചാരണം നടത്തി. തിരഞ്ഞെടുപ്പ് പോരാട്ടം നെഹ്രുവും കൃപലാനിയും എന്ന നിലയ്ക്കായി. നെഹ്രുവും കൃഷ്ണ മേനോനും ജയിച്ചു. കൃപലാനി തോറ്റു. മന്ത്രിസഭയില്‍ നെഹ്രുവിന് ശേഷം രണ്ടാമന്‍ എന്ന പദവി കൃഷ്ണ മേനോന്‍ ഉറപ്പിച്ചു.

വന്‍ അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച 1967ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്‍ പ്രതിരോധ മന്ത്രിയും ജവഹര്‍ലാല്‍ നെഹ്രുവിന്റെ വിശ്വസ്തനും വിശ്വപൗരന്‍ എന്ന് അറിയപ്പെട്ടിരുന്ന നേതാവുമായ വികെ കൃഷ്ണ മേനോന്‍ ബോംബെ നോര്‍ത്ത് ഈസ്റ്റില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 1971ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരക്ഷിത മണ്ഡലം തേടിയിരുന്ന കൃഷ്ണ മേനോന്‍ ഒടുവില്‍ കേരളത്തിലാണ് എത്തിയത്.

ശിവസേന രൂപം കൊണ്ട് സ്വാധീനമുണ്ടാക്കി തുടങ്ങിയിരുന്ന അക്കാലത്ത് മഹാരാഷ്ട്രക്കാരനല്ലാത്ത കൃഷ്ണമേനോന് ബോംബെയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിക്കുകയായിരുന്നു. ഇന്ദിരയുടെ കോണ്‍ഗ്രസില്‍ കൃഷ്ണ മേനോന് ഇടമില്ലായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റിട്ട.ഐസിഎസ് ഉദ്യോഗസ്ഥന്‍
എസ്ജി ബാര്‍വെയോട് 13,169 വോട്ടിന് കൃഷ്ണ മേനോന്‍ തോറ്റു. ബാര്‍വെ മരിച്ച ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും ഇവിടെ മത്സരിച്ച മേനോന്‍ അദ്ദേഹത്തിന്റെ സഹോദരിയോട് തോറ്റു. പിന്നീട് 1969ല്‍ ബംഗാളിലെ മിഡ്‌നാപൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ മത്സരിച്ച്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഒരു ലക്ഷത്തില്‍ പരം വോട്ടിന് തോല്‍പ്പിച്ചാണ് കൃഷ്ണ മേനോന്‍ വീണ്ടും ലോക്‌സഭയിലെത്തിയത്.

മലയാളി ആയിരുന്നെങ്കിലും ഭാഷാടിസ്ഥാത്തില്‍ കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് തന്നെ എതിരായിരുന്നു കൃഷ്ണ മേനോന്‍ എന്നതാണ് രസകരമായ വസ്തുത. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നേക്കും എന്നതാണ് സംസ്ഥാന രൂപീകരണത്തെ എതിര്‍ത്ത് കൃഷ്ണ മേനോന്‍ ഒരിക്കല്‍ പറഞ്ഞത്. 1952 മുതല്‍ കേരളമടക്കമുള്ള മദ്രാസ് സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗമായിരുന്നു കൃഷ്ണ മേനോന്‍. എന്നാല്‍ ഇതേ കൃഷ്ണ മേനോനെ അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികള്‍ സോവിയറ്റ് – ചൈന പക്ഷപാതിയായാണ് കണ്ടിരുന്നത്. നെഹ്രുവിന്റെ വിദേശനയം സോഷ്യലിസ്റ്റ് ചേരിയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നതില്‍ കൃഷ്ണ മേനോന് പങ്കുണ്ടെന്ന് കോണ്‍ഗ്രസിലെ ഇടതുവിരുദ്ധരായിരുന്ന എസ്‌കെ പാട്ടീലും ജെബി കൃപലാനിയുമടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ചൈന യുദ്ധത്തിലെ പരാജയത്തിന്റെ പേരില്‍ കൃഷ്ണ മേനോന്‍ വളരെയധികം പഴി കേട്ടു. ഇതേ കൃഷ്ണ മേനോനാണ് 1971ല്‍ സിപിഎം പിന്തുണയോടെ തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഒരു മോശം പരാമര്‍ശം പോലും നടത്താത്ത പ്രചാരണ രീതിയിയാരുന്നു കൃഷ്ണ മേനോന്റേത് അക്കാലത്ത് അതിന് സാക്ഷ്യം വഹിച്ചവര്‍ പറഞ്ഞിട്ടുണ്ട്.

അടിയന്തരാവസ്ഥക്ക് ശേഷമുള്ള 1977ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലെ തോല്‍വിയുണ്ടാക്കിയ ആഘാതം ഇന്ദിര ഗാന്ധിയെ 1978ല്‍ കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ ഉപതിരഞ്ഞെടുപ്പിലേയ്‌ക്കെത്തിച്ചത്. ഇന്ദിരയെ തോല്‍പ്പിക്കാനായി വാശിയേറിയ പോരാട്ടവുമായി അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിന്റെ നായകരിലൊരാളായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ളവര്‍ അരയും തലയും മുറുക്കിയെത്തി. എന്നാല്‍ ജനത പാര്‍ട്ടിയുടെ വീരേന്ദ്ര പാട്ടീലിനെ തോല്‍പ്പിച്ച് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ദിര ഗാന്ധി ലോക്‌സഭയില്‍ തിരിച്ചെത്തി. അവരുടെ രാഷ്ട്രീയമായ തിരിച്ചുവരവായിരുന്നു അത്. 1980ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധി റായ്ബറേലിയില്‍ വീണ്ടും മത്സരിച്ചു. ഒപ്പം ആന്ധ്രപ്രദേശിലെ മേധകിലും. ഇരു സീറ്റിലും ജയിച്ച ഇന്ദിര പ്രധാനമന്ത്രിയായി. മേധക് ഉപേക്ഷിച്ചില്ല. റായ്ബറേലിയില്‍ രാജി വച്ചു.

1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനെത്തുമ്പോള്‍ അമേഥിയ്ക്ക് പുറമെ ബെല്ലാരിയിലാണ് സോണിയ ഗാന്ധി മത്സരിച്ചത്. രണ്ട് സീറ്റും ജയിച്ച സോണിയ ബെല്ലാരി ഉപേക്ഷിച്ചു. രാഹുല്‍ രണ്ട് സീറ്റിലും മത്സരിക്കുമ്പോള്‍ രണ്ടിടത്തും ജയിക്കുകയാണെങ്കില്‍ ഏത് സീറ്റ് ഉപേക്ഷിക്കും എന്ന ചോദ്യമുണ്ട്.

ഇടതുപക്ഷത്തിനെതിരെയല്ല രാഹുലിന്റെ വയനാട്ടിലെ മത്സരം എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ രാഹുലും കോണ്‍ഗ്രസും പ്രാധാന്യം നല്‍കുന്നത് ബിജെപിക്കെതിരായ പോരാട്ടത്തിനേക്കാള്‍ കേരളത്തില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാണ് എന്ന് സിപിഎമ്മും ഇടതുപക്ഷ പാര്‍ട്ടികളും കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കിയത് ഇത് ഇടതുപക്ഷത്തിനെതിരായ മത്സരമല്ല എന്നും ദക്ഷിണേന്ത്യയോടുള്ള പ്രധാനമന്ത്രി മോദിയുടേയും ബിജെപിയുടേയും വിവേചനത്തിന്റെയും ദക്ഷിണേന്ത്യ, ഉത്തരേന്ത്യ എന്നിങ്ങനെയുള്ള വിജനത്തിനെതിരായ പ്രതികരണമാണ് എന്നുമാണ്.

ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ നിന്ന് താന്‍ മത്സരിച്ചേക്കുമെന്ന് സൂചന വിവിധ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി നല്‍കിയിരുന്നു. എന്നാല്‍ അത് വയനാട് ആയിരിക്കുമോ എന്ന് വ്യക്തമാക്കിയിരുന്നുമില്ല. കര്‍ണാടകയുമായും തമിഴ്‌നാടുമായും അടുത്ത് കിടക്കുന്ന വയനാട് മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്നത് കേരളത്തിനൊപ്പം ഈ രണ്ട് സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കാന്‍ സഹായകമായിരിക്കും എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍