UPDATES

കാശ്മീരില്‍ ക്രമസമാധാനം ശരിയായ നിലയിലാണെങ്കിൽ ഞങ്ങളെ തിരിച്ചയച്ചതെന്തിന്? ചോദ്യവുമായി പ്രതിപക്ഷ സംഘത്തെ നയിച്ച രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയും 11 പ്രതിപക്ഷ നേതാക്കളുമാണ് ഇന്ന് കശ്മീരിലേക്ക് യാത്ര തിരിച്ചത്.

ജമ്മു കാശ്മീരിലെ ക്രമസമാധാനം ശരിയായ നിലയിലല്ലെന്ന് തങ്ങളെ നിർബന്ധിതമായി തിരിച്ചയച്ചതിൽ നിന്നും വ്യക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗവർണർ സത്യ പാൽ മാലിക്കിന്റെ ക്ഷണമനുസരിച്ച് ചെന്നവരായിട്ടും തങ്ങളെ തിരിച്ചയയ്ക്കുകയാണുണ്ടായത്. കശ്മീരിൽ എല്ലാം നന്നായി നടക്കുന്നുവെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ തങ്ങളെ തടഞ്ഞ് വിമാനത്താവളത്തിൽ നിന്നു തന്നെ തിരിച്ചയച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. വിമാനത്താവളത്തിൽ പ്രതിപക്ഷ സംഘത്തോട് സംസാരിച്ചു നിൽക്കുന്ന രാഹുലിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. തനിക്ക് കശ്മീരിലെ ശാന്തമായ ഏതെങ്കിലുമൊരിടം സന്ദർശിച്ചാൽ മതിയെന്നും പത്തോ പതിനഞ്ചോ പേരോട് സംസാരിച്ചാൽ മതിയെന്നും രാഹുൽ പൊലീസുദ്യോഗസ്ഥരോട് പറയുന്നത് കേൾക്കാം ഈ വീഡിയോയിൽ. ഇനി 144 നിലവിലുണ്ടെങ്കിൽ തങ്ങൾ സംഘം ചേർന്ന് പോകുന്നില്ലെന്നും ഒറ്റയ്ക്ക് പോകാൻ തയ്യാറാണെന്നും രാഹുൽ പറയുന്നുണ്ട്. കൂടെയുള്ള ഗുലാം നബി ആസാദും അത് അംഗീകരിക്കുന്നത് കേൾക്കാം.

എന്താണ് ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അവരെ എങ്ങനെ സഹായിക്കാമെന്നും മാത്രമാണ് തങ്ങൾ ആലോചിക്കുന്നതെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

അതെസമയം രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമുണ്ടെന്ന് ഗവർണർ സത്യപാൽ മാലിക്ക് പറഞ്ഞു. താൻ അവരെ ക്ഷണിച്ചത് സദുദ്ദേശ്യത്തോടെയാണെന്നും എന്നാൽ അവർ രാഷ്ട്രീയലാക്ക് വെക്കാൻ തുടങ്ങിയപ്പോൾ പിൻവാങ്ങുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സമയങ്ങളിൽ പാർട്ടികൾ ‘ദേശീയ താൽപര്യം’ മുന്നിൽക്കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയും 11 പ്രതിപക്ഷ നേതാക്കളുമാണ് ഇന്ന് കശ്മീരിലേക്ക് യാത്ര തിരിച്ചത്.

ഗുലാം നബി ആസാദ്, ഡി രാജ, ശരത് യാദവ്, മനോജ് ഝാ, മജീദ് മേമൻ തുടങ്ങിയ നേതാക്കളും രാഹുലിനും യെച്ചൂരിക്കുമൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസ്, സിപിഎം, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. ഗുലാം നബി ആസാദ്, സീതാറാം യെച്ചൂരി, ഡി രാജ എന്നിവര്‍ നേരത്തെ ശ്രീനഗറില്‍ എത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ തിരിച്ചയക്കുകയായിരുന്നു. കാശ്മീരില്‍ അറസ്റ്റിലായ സിപിഎം നേതാവും പിരിച്ചുവിടപ്പെട്ട നിയമസഭയിലെ എംഎല്‍എയുമായിരുന്ന യൂസഫ് താരിഗാമിയെ ഹാജരാക്കണമെന്ന ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍