UPDATES

ട്രെന്‍ഡിങ്ങ്

രാഹുല്‍ ഗാന്ധിയുടെ ഒരു വര്‍ഷം; കോണ്‍ഗ്രസിന്റേയും

‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന മോദി – അമിത് ഷാ നേതൃത്വത്തിന്റെ മുദ്രാവാക്യം അപ്രസക്തമാക്കിയിരിക്കുന്നു നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. കോണ്‍ഗ്രസിന്റെ അതിജീവനം മാത്രമല്ല, പുനരുജ്ജീവനം കൂടിയാണ് ഈ വിജയം സാധ്യമാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരം നേടാന്‍ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നാളെ അധികാരമേല്‍ക്കാന്‍ പോകുന്നു. ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന മോദി – അമിത് ഷാ നേതൃത്വത്തിന്റെ മുദ്രാവാക്യം അപ്രസക്തമാക്കിയിരിക്കുന്നു നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.
കോണ്‍ഗ്രസിന്റെ അതിജീവനം മാത്രമല്ല, പുനരുജ്ജീവനം കൂടിയാണ് ഈ വിജയം സാധ്യമാക്കിയിരിക്കുന്നത്.

2018 ജനുവരിയില്‍ രാജസ്ഥാനിലെ ആല്‍വാര്‍, അജ്മീര്‍ ലോക്‌സഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ആദ്യമായി വിജയം നേടിയത്. ഇത് രണ്ടും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. അതേസമയം മേഘാലയയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ തോല്‍വി ഏറ്റുവാങ്ങി. കര്‍ണാടകയില്‍ ബിജെപിയേക്കാള്‍ സീറ്റ് കുറവായിരുന്നിട്ടും ജനതാദള്‍ സെക്കലുറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കി. വിശാല പ്രതിപക്ഷ ഐക്യത്തിന് ഇതുവഴി ഊര്‍ജ്ജം കിട്ടി

തന്റേയും പാര്‍ട്ടിയുടേയും പ്രതിച്ഛായ പുനര്‍നിര്‍മ്മാണത്തിന് രാഹുല്‍ ശ്രമിച്ചു. ഉത്തരേന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്്ട്രീയത്തില്‍, ഹിന്ദി ഹൃദയഭൂമിയില്‍, പശ്ചിമേന്ത്യയിലെ ഗുജറാത്തില്‍ എല്ലാം മൃദുഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യം വച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ക്ഷേത്രങ്ങള്‍ കയറിയിറങ്ങിയും ബിജെപിക്കെതിരായ അസംതൃപ്ത ജാതി സമവാക്യങ്ങളെ ഉപയോഗപ്പെടുത്തിയും കോണ്‍ഗ്രസ് നേട്ടം കൊയ്തു. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം താരതമ്യേന ദുര്‍ബലമായിരുന്നത്‌കൊണ്ട് മാത്രമാണ് ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍ അധികാരം നഷ്ടമാകാതിരുന്നത്. അജയ്യമെന്ന് ബിജെപി അവകാശപ്പെട്ട ഉരുക്കുകോട്ട കോണ്‍ഗ്രസ് ഇളക്കിമറിച്ചു. സിംഹത്തിന്റെ മടയില്‍ ചെന്നുള്ള ആക്രമണം.

മധ്യപ്രദേശില്‍ ശിവഭക്തനായും രാമഭക്തനായും രാഹുല്‍ ഗാന്ധി അവതരിച്ചു. ബിജെപിയെ വെല്ലുന്ന പശുസംരക്ഷണ സംവിധാനങ്ങള്‍ തിരഞ്ഞെടുപ്പ് പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെയുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസിന്റെ പശു തന്നെ “പാല്‍ ചുരത്തി”. പല അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസ് ഇത്തവണ അധികാരം നേടിയേക്കാം എന്ന് പ്രവചിച്ചിരുന്നെങ്കിലും ഛത്തീസ്ഗഡിലെ വന്‍ വിജയം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഹിന്ദി മേഖലയില്‍ രാജസ്ഥാനിലും ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഉത്തര്‍പ്രദേശും ബിഹാറും ഝാര്‍ഖണ്ഡും മധ്യപ്രദേശും ഛത്തീസ്ഗഡും അന്യമായിരുന്നു. ഹിന്ദി ഭൂമിയിലെ രണ്ട് സംസ്ഥാനങ്ങളാണ് 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ തന്നേയും തന്റെ കുടുംബാംഗങ്ങളേയും പറ്റി നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് അതേ ഭാഷയിലല്ല രാഹുല്‍ ഗാന്ധി മറുപടി പറയുന്നത് എന്നത് ഇന്ത്യന്‍ മധ്യവര്‍ഗത്തെ കാര്യമായി ആകര്‍ഷിച്ചിട്ടുണ്ടെന്ന് ബ്ലൂംബര്‍ഗ് ക്വിന്റ് അഭിപ്രായപ്പെടുന്നു. ഒരു നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ സോണിയ ഗാന്ധിയെ വിധവ എന്ന് വിളിച്ച മോദി രൂക്ഷമായി പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധി മോദിയെ കള്ളന്‍, മോഷ്ടാവ് (ചൗക്കീദാര്‍ ചോര്‍ ഹേ) എന്നെല്ലാം വിളിക്കുന്നുണ്ടെങ്കിലും മോദി സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ ഭാഗമായാണ് ഇതെല്ലാം. കഴിഞ്ഞ നാല് വര്‍ഷവും തന്റെ കുടുംബത്തെ പറ്റി മാത്രമേ മോദിക്ക് പ്രസംഗിക്കാനുണ്ടായിരുന്നുള്ളൂ എന്ന് ഒരു ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായാ പുനര്‍നിര്‍മ്മിതിയില്‍ സോഷ്യല്‍മീഡിയ വഹിച്ച പങ്ക് വളരെ വലുതാണ്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയസെല്ലിന് ഈ നേട്ടത്തില്‍ നിര്‍ണായക പങ്കുണ്ട്. ബിജെപിയും സംഘപരിവാറും അടക്കിവാണിരുന്ന ട്വിറ്റര്‍, ഫേസ്ബുക്ക് പ്‌ളാറ്റ്‌ഫോമുകളിലേയ്ക്ക് ശക്തമായ കടന്നാക്രമണവുമായി കോണ്‍ഗ്രസ് ഇരച്ചുകയറി. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനത്തെ ഊര്‍ജ്ജസ്വലമാക്കാന്‍ ഒരു വര്‍ഷം കൊണ്ട് രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് വേണം വിലയിരുത്താന്‍. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര പ്രതിപക്ഷ പാര്‍ട്ടികളെ എങ്ങനെ മഹാസഖ്യത്തിന്റെ ഭാഗമാക്കാന്‍ കഴിയും, അല്ലെങ്കില്‍ തിരഞ്ഞെടുപ്പാനന്തരം രൂപീകരിക്കപ്പെടുന്ന ഒരു സഖ്യ സര്‍ക്കാര്‍ സംവിധാനമുണ്ടാക്കാന്‍ കഴിയും വിധം ഓരോ സംസ്ഥാനങ്ങളിലും ഇതര കക്ഷികളുമായി എത്തരത്തില്‍ ധാരണയുണ്ടാക്കാന്‍ സാധിക്കും എന്നിടത്താണ് രാഹുല്‍ ഗാന്ധിയുടെ നേതൃപാടവം ഇനിയും കാണേണ്ടിയിരിക്കുന്നത്.

പാര്‍ലമെന്‍റ് കാണാനിരിക്കുന്നത് മറ്റൊരു പ്രതിപക്ഷത്തെ; കരുത്തനായ രാഹുൽ ഗാന്ധിയെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍