UPDATES

ചരിത്രത്തിലാദ്യം: ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷനായി ആദിവാസി വിഭാഗത്തിൽ നിന്നുള്ള മോഹൻ മർക്കാമിനെ തെരഞ്ഞെടുത്ത് രാഹുൽ

മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിൽ തനിക്ക് അധ്യക്ഷപദവി ശരിയായി കൈകാര്യം ചെയ്യാനാകുന്നില്ലെന്ന് ബാഘേൽ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

ഛത്തീസ്ഗഢ് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവായ മോഹൻ മർക്കാമിനെ തെരഞ്ഞെടുത്ത് രാഹുൽ ഗാന്ധി. സംസ്ഥാന നിയമസഭാംഗം കൂടിയാണ് ഇദ്ദേഹം. കൊണ്ടഗാവിൽ നിന്നാണ് മർക്കാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദിവാസി വിഭാഗങ്ങൾ മുൻതൂക്കമുള്ള സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ആദിവാസി നേതാവ് പാർട്ടിയുടെ ഉന്നതസ്ഥാനത്തെത്തുന്നത്. നിലവിൽ മുഖ്യമന്ത്രിയായ ഭൂപേഷ് ബാഘേലിന്റെ പിൻഗാമിയായാണ് മർക്കാം അധ്യക്ഷ പദവിയിലെത്തുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടിയിൽ നിന്നും പാർട്ടിയെ കൈപിടിച്ചുയർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇദ്ദേഹത്തെ രാഹുൽ ഏൽപ്പിച്ചിരിക്കുന്നത്. വെറും രണ്ട് ലോക്സഭാ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ സംസ്ഥാനത്ത് ജയിച്ചത്. ഡിസംബർ മാസത്തിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരത്തിലേറിയ ശേഷമാണ് കോൺഗ്രസ്സിന് ഈ തിരിച്ചടിയുണ്ടായത്.

മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിൽ തനിക്ക് അധ്യക്ഷപദവി ശരിയായി കൈകാര്യം ചെയ്യാനാകുന്നില്ലെന്ന് ബാഘേൽ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം മാർക്കാമും മനോജ് മാണ്ഡവിയെന്ന മറ്റൊരു ആദിവാസി നേതാവും ചേർന്ന് ഡൽഹിയിൽ പോയി രാഹുലിനെ കണ്ടത്. അധ്യക്ഷസ്ഥാനത്തേക്കെത്താൻ മറ്റൊരു ആദിവാസി നേതാവായ അമർജീത് ഭഗത്തും ശ്രമം നടത്തിയിരുന്നു. ഇദ്ദേഹവും എംഎൽഎയാണ്. ഭഗത്തിന് സംസ്ഥാന മന്ത്രിസഭയിൽ ഇടം കൊടുത്ത് കാര്യങ്ങൾ തീർപ്പാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍