UPDATES

ട്രെന്‍ഡിങ്ങ്

റാഫേലില്‍ മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരന്‍, പോകേണ്ടത് ജയിലിലേയ്ക്ക്: രാഹുല്‍ ഗാന്ധി

ഇത് ദേശീയ സുരക്ഷയെ അപകടത്തിലാക്കും വിധമുള്ള വലിയ അഴിമതിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയിലിലേയ്ക്ക് നയിക്കാന്‍ തക്ക വിവരങ്ങളാണ് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. അനില്‍ അംബാനിക്ക് വേണ്ടി പ്രധാനമന്ത്രി വിലപേശല്‍ നടത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനായാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. മോദിക്ക് വേണ്ടി തയ്യാറാക്കിയ സിഎജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട് ചോക്കീദാര്‍ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് ആണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഫോര്‍ ദ ചോക്കിദാര്‍, ബൈ ദ ചോക്കിദാര്‍, ഓഫ് ദ ചോക്കിദാര്‍ എന്നാണ് സിഎജി റിപ്പോര്‍ട്ടിനെ വിളിക്കേണ്ടത്.

നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര വിലപേശല്‍ നടത്തുന്നതില്‍ പ്രതിരോധ മന്ത്രാലയം എതിര്‍പ്പ് ഉയര്‍ത്തിയത് സംബന്ധിച്ച് വിവരം പുറത്തുവന്നിരുന്നു. പ്രതിരോധ മന്ത്രിക്ക് പോലും അറിയാത്ത കാര്യങ്ങള്‍ റാഫേല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ അനില്‍ അംബാനിക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. റാഫേല്‍ കരാര്‍ പ്രതിരോധ മന്ത്രാലയവും എച്ച്എഎല്ലും ഉള്‍പ്പെട്ടതാണ് എന്നാണ് പറഞ്ഞത്. വിദേശകാര്യ സെക്രട്ടറിക്ക് അറിയില്ല, പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീഖര്‍ക്ക് അറിയില്ല, പ്രതിരോധ സെക്രട്ടറിക്ക് അറിയില്ല, പക്ഷെ അനില്‍ അംബാനിക്ക് അറിയാം. അനില്‍ അംബാനിയോട് ഇക്കാര്യം ആരാണ് പറഞ്ഞത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പ്രതിരോധ രഹസ്യം പങ്കുവയ്ക്കാന്‍ പാടില്ലാത്ത ഒരു വ്യക്തിയുമായി പങ്കുവച്ചിരിക്കുകയാണ്. ഇത് ദേശീയ സുരക്ഷയെ അപകടത്തിലാക്കും വിധമുള്ള വലിയ അഴിമതിയാണ്. പ്രധാനമന്ത്രിയെ ജയിലിലടക്കാന്‍ ഈ വിവരങ്ങള്‍ ധാരാളമാണ്.

റാഫേല്‍ കരാര്‍ ഒപ്പുവയ്ക്കുന്നതിന് രണ്ടാഴ്ച മുമ്പ് പാരീസിലെത്തിയ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തിയതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ എംഒയു ഒപ്പ് വച്ചേക്കാം എന്ന് അനില്‍ അംബാനി ഉദ്യോഗസ്ഥരോട് പറഞ്ഞതായും എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍