UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുൽ ഗാന്ധി സഞ്ചരിച്ച് വിമാനം ആടിയുലഞ്ഞ് ലാൻഡ് ചെയ്തു; അട്ടിമറിയെന്ന് സംശയം

റെലിഗേയർ ഏവിയേഷൻ കമ്പനിയുടേതാണ് അപകടത്തിലായ വിമാനം. 2011ൽ രജിസ്റ്റർ ചെയ്യപ്പെട്ട വിമാനമാണിത്. കർണാടക പൊലീസ് ഇതിനകം അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൈലറ്റുമാർക്കെതിരെയാണ് എഫ്ഐആർ.

രാഹുൽ ഗാന്ധിയും നാല് സഹയാത്രികരുമായി ദില്ലിയിൽ നിന്നും കർണാടകയിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ നിരവധി തകരാറുകൾ നേരിട്ടതായി പരാതി. അട്ടിമറി സാധ്യതയുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. രാഹുലിന്റെ ടീമിലെ പ്രധാന അംഗങ്ങളിലൊരാളായ കുശാൽ വിദ്യാർത്ഥി എന്നയാൾ ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നൽകി.

മനപ്പൂർവ്വമായ അട്ടിമറിശ്രമം നടന്നതായി സംശയിക്കുന്നുവെന്ന് കുശാൽ പരാതിയിൽ പറഞ്ഞു. വിമാനത്തിലെ രണ്ട് പൈലറ്റുമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഓട്ടോപൈലറ്റ് സംവിധാനത്തിന്റെ തകരാറാണിതെന്നാണ് പ്രാഥമികനിഗമനം. ഇത് എങ്ങനെ സംഭവിച്ചുവെന്നത് വിശദമായ അന്വേഷണത്തിന് വിധേയമാക്കും.

കഴിഞ്ഞദിവസം രാവിലെ 9.20നാണ് വിമാനം പുറപ്പെട്ടത്. ഏതാണ്ട് 10.45 ആയപ്പോൾ വിമാനം പെട്ടെന്ന് ഇടത്തോട്ട് ശക്തമായി ചെരിഞ്ഞു. തുടർന്ന് ആഴത്തിലേക്ക് അതിവേഗതയിൽ താഴ്ന്നു. പുറത്തെ കാലാവസ്ഥയ്ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. വിമാനം താഴ്ന്നു കൊണ്ടിരിക്കുമ്പോൾ വലിയ ശബ്ദങ്ങൾ കേൾക്കാമായിരുന്നെന്നും പരാതിയിൽ പറയുന്നു.

മൂന്നാമത്തെ ശ്രമത്തിലാണ് ഹുബ്ലി വിമാനത്താവളത്തിൽ വിമാനത്തിന് ലാൻഡ് ചെയ്യാനായത്. 11.25നായിരുന്നു ലാൻഡിങ്. അസാധാരണമായ ശബ്ദങ്ങളോടെ വിമാനം തുടർച്ചയായി വിറച്ചു കൊണ്ടിരുന്നു. വിമാന ജീവനക്കാരടക്കം എള്ലാവരെയും ഈ സംഭവങ്ങൾ ഭീതിയിലാഴ്ത്തി.

സാങ്കേതികപ്പിഴവുകൾ മൂലമാണ് വിമാനം പെട്ടെന്ന് ആഴത്തിലേക്ക് താഴുന്നതു പോലുള്ള സംഭവങ്ങളുണ്ടാവുക എന്ന് രാഹുലിന്റെ ഓഫീസ് ചൂണ്ടിക്കാട്ടി. മനപ്പൂർവ്വമായി സാങ്കേതികത്തകരാർ വരുത്തിയിരിക്കാനുള്ള സാധ്യത ഏറെയാണ്. ഒറ്റ തകരാറല്ല വിമാനത്തിനുണ്ടായിരുന്നതെന്ന കാര്യവും രാഹുലിന്റെ ഓഫീസ് ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ സാങ്കേതികവും ഘടനാപരവുമായ പ്രശ്നങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വിമാനത്തിന്റെ മെയിന്റനൻസ് നടത്തുന്ന സാങ്കേതികജ്ഞരെയും അന്വേഷണവിധേയമാക്കണമെന്നും രാഹുലിന്റെ ഓഫീസ് ആവശ്യപ്പെട്ടു.

റെലിഗേയർ ഏവിയേഷൻ കമ്പനിയുടേതാണ് അപകടത്തിലായ വിമാനം. 2011ൽ രജിസ്റ്റർ ചെയ്യപ്പെട്ട വിമാനമാണിത്. കർണാടക പൊലീസ് ഇതിനകം അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൈലറ്റുമാർക്കെതിരെയാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍