UPDATES

ട്രെന്‍ഡിങ്ങ്

ഒരു സ്ഥാപനവും നിങ്ങളെ പിന്തുണക്കില്ല; വലിയ യുദ്ധത്തിന് തയ്യാറെടുക്കുക: എംപിമാരോട് രാഹുൽ ഗാന്ധി

യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയ ഗാന്ധിയെ നിര്‍ദ്ദേശിച്ചത് ഡോ. മന്‍മോഹന്‍ സിങ്ങാണ്. ഇതിനെ കെ മുരളീധരനും ജ്യോത്സ്ന മഹാന്തും പിന്തുണച്ചു.

വരാനിരിക്കുന്ന ദിവസങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ഓരോ സ്ഥാപനത്തോടും ഇനിമേല്‍ യുദ്ധം ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം വിജയിച്ചെത്തിയ എംപിമാരെ ജാഗ്രതപ്പെടുത്തി. ബ്രിട്ടീഷ് കാലത്തെന്നപോലെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും രാഹുല്‍ പറഞ്ഞു.

ബിജെപിയെ പല്ലും നഖവുമുപയോഗിച്ച് ചെറുത്തു നില്‍ക്കണമെന്ന് രാഹുല്‍ എംപിമാരോട് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ്സിന്റെ പുനരുജ്ജീവനം സാധ്യമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഒരു രാഷ്ട്രീയ പാര്‍ട്ടിയോടു മാത്രമല്ല ഇനി പോരാടേണ്ടി വരിക. രാജ്യത്തെ ഓരോ സ്ഥാപനവും നിങ്ങള്‍ക്കെതിരായിരിക്കും. അവയോടെല്ലാം പോരാടണം. ലോകസഭയിലേക്ക് നിങ്ങള്‍ എത്താതിരിക്കാന്‍ ശ്രമിക്കാതിരുന്ന ഒരു സ്ഥാപനം പോലുമില്ലെന്ന് ഓര്‍ക്കുക. അവരോടെല്ലാം പോരാടിയാണ് നിങ്ങള്‍ ഇവിടെയെത്തിയത്. അതെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ അഭിമാനിക്കണം,” രാഹുല്‍ പറഞ്ഞു.

ഭീരുത്വത്തോടും വെറുപ്പിനോടുമാണ് ഇനി പോരാടേണ്ടി വരികയെന്ന് അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസമില്ലായ്മയാണ് എതിരാളികള്‍. സ്നേഹം കൊണ്ടു മാത്രമേ വെറുപ്പിനോട് എതിരിടാനാകൂ എന്നും അതാണ് കോണ്‍ഗ്രസ്സിന്റെ തുടര്‍ന്നുള്ള വഴിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. “മുന്‍ കാലങ്ങളിലെക്കാള്‍ ഉച്ചത്തില്‍ നിങ്ങള്‍ സംസാരിക്കാന്‍ പോകുകയാണ്. ഭരണഘടനയെ പ്രതിരോധിക്കലാണ് പ്രാഥമിക ലക്ഷ്യം.” അദ്ദേഹം വിശദീകരിച്ചു.

ധീരവും അവിശ്രമവുമായ പ്രചാരണമാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്നും എവിടെയാണ് പിഴച്ചതെന്ന് പഠിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സനായ സോണിയ ഗാന്ധി വ്യക്തമാക്കി. രാവും പകലുമെന്നില്ലാതെയായിരുന്നു രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍. നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ ആദരവ് പിടിച്ചുപറ്റാന്‍ അവര്‍ക്കായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുരിച്ച് വൈകാരികമായ സന്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ നേതൃത്വത്തോട് കോണ്‍ഗ്രസ്സിന് നന്ദിയുണ്ടെന്നും സോണിയ പറഞ്ഞു.

പ്രസിഡണ്ടായി തുടരണമെന്ന് എംപിമാരും മറ്റു നേതാക്കളും ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ മനസ്സുതുറന്ന് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. രാഹുല്‍ പ്രസിഡണ്ടായി തുടരാന്‍ സാധ്യത വളരെ കുറവാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയ ഗാന്ധിയെ നിര്‍ദ്ദേശിച്ചത് ഡോ. മന്‍മോഹന്‍ സിങ്ങാണ്. ഇതിനെ കെ മുരളീധരനും ജ്യോത്സ്ന മഹാന്തും പിന്തുണച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍