UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാഹുലിന്റെ ചര്‍ച്ച ഇന്ന്

അതെസമയം കോണ്‍ഗ്രസ്സില്‍ കൂട്ടരാജി തുടരുകയാണ്.

രാഹുല്‍ ഗാന്ധി ഇന്ന് കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നു. ഇന്ന് വൈകീട്ടാണ് യോഗം. തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന രാഹുലിന്റെ ഈ നീക്കം ആകാംക്ഷയോടെയാണ് കോണ്‍ഗ്രസ് നോക്കിക്കാണുന്നത്. വിവിധ തലങ്ങളിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ രാജി വെക്കലുകളുടെയും പശ്ചാത്തലവും ഈ യോഗത്തിനുണ്ട്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍, പുതുച്ചേരി മുഖ്യമന്ത്രി എന്‍ നാരായണസാമി എന്നിവര്‍ യോഗത്തിനെത്തും.

യോഗത്തിന്റെ അജണ്ടയെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലേറ്റ പരാജയം ഒരു ചര്‍ച്ചാവിഷയമായിരിക്കുമെന്ന് കരുതപ്പെടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയുണ്ടായത്. കമല്‍നാഥും അശോക് ഗെലോട്ടും തങ്ങളുടെ മക്കളുടെ വിജയത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിച്ചുവെന്ന ആരോപണം തെരഞ്ഞെടുപ്പിനു ശേഷം രാഹുല്‍ ഉന്നയിച്ചിരുന്നു.

അതെസമയം കോണ്‍ഗ്രസ്സില്‍ കൂട്ടരാജി തുടരുകയാണ്. അധ്യക്ഷസ്ഥാനത്ത് രാഹുല്‍ തിരിച്ചെത്തണമെന്ന ആവശ്യമുന്നയിച്ചാണ് രാജി. സംസ്ഥാനങ്ങളിൽ നിന്നുള്ള ഭാരവാഹികൾ ഹൈക്കമാൻഡിന് ഇന്നലെയും രാജിക്കത്ത് കൈമാറി. ഇതുവരെ 215 പേർ രാജിവച്ചു.

രാജിസന്നദ്ധത അറിയിച്ച് ഒരു മാസം പിന്നിട്ടിട്ടും പിൻഗാമിയെ കണ്ടെത്താത്തതിൽ രാഹുൽ അതൃപ്തിയിലാണ്. തന്റെ തിരിച്ചുവരവൊഴിച്ച് മറ്റെന്തും സംസാരിക്കാമെന്ന നിലപാടിലാണ് രാഹുല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍