UPDATES

ധൃതി പിടിച്ച് രാജിയില്ല, അതേസമയം പുതിയൊരാള്‍ പ്രസിഡന്റാകണം എന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

രാഹുലിനെ രാജി വയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ഈ തീരുമാനത്തോട് യോജിച്ചിരിക്കുകയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഉത്തരവാദിത്തമേറ്റെടുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ മാറ്റമില്ലെങ്കിലും രാഹുല്‍ ഗാന്ധി ധൃതി പിടിച്ച് പ്രസിഡന്റ് പദം ഉപേക്ഷിക്കില്ല എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സമയം നല്‍കുന്നു. അതേസമയം പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള തീരുമാനം രാഹുല്‍ മാറ്റിയിട്ടുമില്ല. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ സമയം നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. രാഹുലിനെ രാജി വയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ഈ തീരുമാനത്തോട് യോജിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമൂല മാറ്റമുണ്ടായേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതെ രാഹുലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് മുതിര്‍ന്ന നേതാക്കള്‍ നടത്തിയത്. അതേസമയം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുലും പ്രിയങ്കയും നടത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനും പി ചിദംബരത്തിനും സ്വന്തം മക്കളുടെ കാര്യത്തില്‍ മാത്രമാണ് താല്‍പര്യമെന്നും പാര്‍ട്ടിയുടെ കാര്യത്തിലില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. മക്കളുടെ മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ എന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു.

എന്റെ സഹോദരന്‍ ഓടി നടന്ന് പ്രചാരണം നടത്തുമ്പോള്‍, റാഫേല്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുമ്പോള്‍ നിങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നു എന്ന് പ്രിയങ്ക പൊട്ടിത്തെറിക്കുകയും ചെയ്തു. അതേസമയം രാഹുല്‍ തിരക്കിട്ട് രാജി വച്ചാല്‍ അത് ബിജെപിയുടെ കെണിയില്‍ വീണുകൊടുക്കുന്നത് പോലെയാകും എന്നും പ്രിയങ്ക അഭിപ്രായപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി രാജി വച്ചാല്‍ ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യും എന്നാണ് പി ചിദംബരം പറഞ്ഞത്.

ALSO READ: ‘എന്റെ സഹോദരന്‍ ഒറ്റയ്ക്കു പൊരുതിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?’ പ്രവര്‍ത്തക സമിതിയില്‍ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍