UPDATES

ആര്‍എസ്എസിനേയും മോദിയേയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി; വെറുപ്പ് കൊണ്ട് രാജ്യത്തിന്‌ മുന്നോട്ട് പോവാനാവില്ല

രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്നും അദ്ദേഹത്തിന് നേതാവാകാന്‍ യോഗ്യതയില്ലെന്നുമാണ് ബിജെപിയുടെ പ്രതികരണം

ആര്‍എസ്എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായ രൂക്ഷമായ ആക്രമണം തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദളിത്‌, ആദിവാസി, ന്യൂനപക്ഷങ്ങളെ വികസന പ്രക്രിയയില്‍ നിന്ന് ഒഴിച്ച് നിര്‍ത്തുന്നത് വന്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്നും അതാണ്‌ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പറഞ്ഞതിന് പിന്നാലെയാണ് ആര്‍എസ്എസ് രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുയാണ് എന്നും ഇസ്ലാമിക തീവ്രവാദ സംഘടനയായ മുസ്ലിം ബ്രദർഹുഡിനെ പോലെയാണ് ആര്‍എസ്എസ് എന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്.

പ്രവാസി ഭാരതീയ കോണ്‍ഗ്രസിന്റ് ആഭിമുഖ്യത്തില്‍ ജര്‍മനി, ലണ്ടന്‍ എന്നിവിടങ്ങളില്‍ വിവിധ സമൂഹങ്ങളുമായി നടത്തിയ കൂടിക്കാഴ്ചകളിലാണ് രാഹുല്‍ ഗാന്ധി മോദിക്കും ആര്‍എസ്എസിനും എതിരെ ശക്തമായി രംഗത്തു വന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, ഒരു വലിയ വിഭാഗം ജനങ്ങളെ വികസന പ്രക്രിയയില്‍ നിന്ന് ഒഴിവാക്കുമ്പോഴാണ്‌ ഐ എസ് പോലുള്ള ഭീകര സംഘടനകള്‍ ഉണ്ടാകുന്നത് എന്നും അതാണ്‌ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നുമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശത്തോട് രൂക്ഷമായാണ് ബിജെപി പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും മോദിയോടും ആര്‍എസ്എസിനോടും ഉള്ള വെറുപ്പ് കൊണ്ടാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ സംസാരിക്കുന്നത് എന്നുമാണ് ബിജെപി വക്താവ് സംപീത് പത്ര പ്രതികരിച്ചത്.

എന്നാല്‍ ആര്‍എസ്എസിനോടും മോദിയോടുമുള്ള വിമര്‍ശനത്തില്‍ അയവ് വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ രാഹുല്‍ ഗാന്ധി ലണ്ടനില്‍ പറഞ്ഞ കാര്യങ്ങള്‍. ഇന്ത്യ സ്വാതന്ത്രമായപ്പോള്‍ നാം തകര്‍ന്നു പോവും എന്നായിരുന്നു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കരുതിയത്. എന്നാല്‍ നാം തകര്‍ന്നു പോയില്ല എന്നു മാത്രമല്ല, രാജ്യത്തിന്‍റെ പുരോഗതിയില്‍ ഓരോ സ്ഥാപനങ്ങളായി കെട്ടിപ്പടുത്തു. ഐഐടികളും ഐഐഎമ്മുകളും ഒക്കെ അങ്ങനെ ഉണ്ടായതാണ്. എന്നാല്‍ ഇപ്പോള്‍ ആര്‍എസ്എസ് രാജ്യത്തെ സ്ഥാപനങ്ങളെ മുഴുവനായി പിടിച്ചടക്കാനാണു ശ്രമിക്കുന്നത്. അവര്‍ നമ്മുടെ രീതി തന്നെ മാറ്റുന്നു. മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങളില്‍ മാത്രമാണ് ഈ രീതിയുണ്ടായിരുന്നത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിയും ആര്‍എസ്എസും അവരുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായും കോൺഗ്രസ്സ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. രാജ്യത്തു വിഭാഗീയതയും വിദ്വേഷവും സൃഷ്ടിക്കാനാണു സംഘപരിവാറിന്റെ ശ്രമം. അതുകൊണ്ട് ജനങ്ങളെ ഒരുമിപ്പിച്ച് രാജ്യത്തെ മുന്നോട്ടു നയിക്കുകയാണ് കോണ്‍ഗ്രസിന്റെ കടമയും സംസ്‌കാരവുമെന്നും രാഹുല്‍ ഓർമിപ്പിച്ചു.

ഇന്ത്യയുടെ അടിസ്ഥാനസ്വഭാവം തന്നെ മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങളെ പിടിച്ചെടുക്കാനാണ് ഈ സംഘടന ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ നീതി തേടി ചെല്ലുന്ന സ്ഥലങ്ങളാണ് കോടതികള്‍. എന്നാല്‍ ഇന്ത്യയിലെ പരമോന്നത കോടതിയിലെ ജഡ്ജിമാര്‍ക്ക് നീതി തേടി ജനങ്ങളിലേക്ക് ഇറങ്ങി വരേണ്ടി വന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും ഇതേ പോലെ നശിപ്പിച്ചു. ഓരോ സ്ഥാപനങ്ങളായി അവര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു.

പഴമയിലേക്ക് തിരികെ പോകണമെന്ന ആശയമാണ് ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നത്. ഇതേ ആശയം തന്നെയാണ് മുസ്ലിം രാജ്യങ്ങളില്‍ മുസ്ലിം ബ്രദര്‍ഹുഡ് വയ്ക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഒരേ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ചലിക്കണമെന്നാണ് ഈ ആശയം പറയുന്നത്. മറ്റെല്ലാ ആശയങ്ങളെയും ഇത് ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് വികേന്ദ്രീകരണത്തിലൂടെ മാത്രമേ വികസനം സാധ്യമാവൂ. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് ഇന്ന് എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രിയുടെ ജോലി പോലും മോദി അപ്രസക്തമാക്കി. ഇന്ന് സുഷമ സ്വരാജിന്റെ ജോലി വിസ ഇഷ്യൂ ചെയ്യുക എന്നത് മാത്രമായി മാറി. ഇതുപോലെ വിദേശ നയത്തിലും സര്‍ക്കാരിനു സംഭവിച്ചിരിക്കുന്നത് വലിയ പാളിച്ചകളാണ്, പാകിസ്താന്‍, ചൈന സംബന്ധിച്ച് സമഗ്രമായ ഒരു നയമില്ല. ചൈന സൃഷ്ടിക്കുന്ന ഭീഷണികള്‍ മനസിലാക്കാന്‍ പോലും മോദിക്ക് കഴിഞ്ഞിട്ടില്ല. ദോക്ലാം ഉണ്ടായത് ഒറ്റ ദിവസം കൊണ്ടല്ല, അതൊരു തുടര്‍ച്ചയുടെ ഭാഗമായിരുന്നു. എന്നാല്‍ മോദി ‘കാഴ്ച’ കണ്ടുകൊണ്ടിരിക്കുകയാണ്. ദോക്ലാമില്‍ ഇപ്പോഴും ചൈനയുടെ സാന്നിധ്യമുണ്ട് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തെ, നോട്ട് നിരോധനം ആര്‍എസ്എസിന്റെ ആശയമായിരുന്നു എന്നും അത് മോദിയുടെ തലയില്‍ കുത്തിവച്ച് നടപ്പാക്കുകയാണു ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. റിസര്‍വ് ബാങ്കിനെയും ധനകാര്യ മന്ത്രിയേയും ഇരുട്ടില്‍ നിര്‍ത്തികൊണ്ടായിരുന്നു ഈ നടപടി. ഇതു മൂലം തകര്‍ന്നത് രാജ്യത്തെ ചെറുകിട വ്യവസായ മേഖലയും മറ്റുമാണ്. അതേ സമയം മോദിയുടെ അടുത്ത പത്തോ പതിനഞ്ചോ വന്‍ വ്യവസായികള്‍ക്ക് മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. ദശകങ്ങളായി രാജ്യത്തിന്റെ അഭിമാനമായ എച്ച്.എ.എല്ലിനെ മാറ്റി നിര്‍ത്തിയാണ് മോദി അനില്‍ അംബാനിയുടെ കമ്പനിക്ക് റാഫേല്‍ കരാര്‍ നല്‍കിയത്. ഇതു വഴി പണം മുഴുവന്‍ പോകുന്നത് ഫ്രഞ്ച് കമ്പനിക്ക് ലാഭം ഉണ്ടാകുന്നത് അംബാനിക്കും മാത്രമാണ്. ഒരു തൊഴില്‍ പോലും അതുകൊണ്ടു ഇവിടെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. തൊഴിലില്ലായ്മ രൂക്ഷമായതും ആള്‍ക്കൂട്ട കൊലകളും തമ്മില്‍ ബന്ധമുണ്ട്. തൊഴില്‍ ഇല്ലാത്ത, പ്രത്യാശിക്കാന്‍ ഒന്നുമില്ലാത്ത ചെറുപ്പക്കാരാണ് ആയുധങ്ങളുമായി തെരുവില്‍ ഇറങ്ങുന്നത്. അവരുടെ ഉള്ളില്‍ മുഴുവന്‍ വെറുപ്പ് കുത്തി വച്ചിരിക്കുകയാണ്, ആ വെറുപ്പ് മാറ്റിക്കൊണ്ട് മാത്രമേ ഇന്ത്യക്ക് മുന്നോട്ടു പോകാന്‍ കഴിയൂ എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്നും അദ്ദേഹത്തിന് നേതാവാകാന്‍ യോഗ്യതയില്ലെന്നുമാണ് ബിജെപി ഇതിനോട് പ്രതികരിച്ചത്.

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍