UPDATES

ട്രെന്‍ഡിങ്ങ്

മക്കളെ സ്ഥാനാർത്ഥികളാക്കാൻ കോൺഗ്രസ്സ് നേതാക്കൾ സമ്മർദ്ദം ചെലുത്തി: പ്രവര്‍ത്തക സമിതി യോഗത്തിൽ രാഹുൽ

പ്രാദേശിക തലത്തിൽ കോൺഗ്രസ്സിന്റെ അടിത്തറയുറപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ഇടപെടൽ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മക്കളെ സ്ഥാനാർത്ഥികളാക്കാൻ സമ്മർദ്ദം ചെലുത്തിയ നേതാക്കൾക്കെതിരെ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞദിവസം നടന്ന പ്രവർത്തകസമിതി യോഗത്തിലാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ രൂക്ഷവിമർ‌ശനമുന്നയിച്ചത്. മക്കൾ രാഷ്ട്രീയത്തിനെതിരെ ബിജെപി നടത്തിയ പ്രചാരണങ്ങൾക്ക് കോൺഗ്രസ്സ് നേതാക്കളുടെ ഈ നിലപാടുകൾ ശക്തി പകർന്നെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. മുൻ കേന്ദ്രമന്ത്രി പി ചിദംബരം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവർക്കെതിരെയാണ് രാഹുൽ തുറന്നടിച്ചത്. മക്കൾക്ക് സീറ്റ് കിട്ടണമെന്ന ഇവരുടെ വാശി പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ അടക്കമുള്ളവർ നേതാക്കളായി മാറിയ മക്കൾ രാഷ്ട്രീയ സംസ്കാരം തെരഞ്ഞെടുപ്പ് പ്രചാരണമാക്കിയിരുന്നു ബിജെപി.

സംസ്ഥാനങ്ങളിൽ നേതാക്കൾ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നെന്ന് രാഹുൽ പ്രവർത്തക സമിതി യോഗത്തിൽ ചൂണ്ടിക്കാട്ടി. അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട്, കമൽനാഥിന്റെ മകൻ നകുൽനാഥ്, ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എന്നിവരാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങിയത്. ഇതിൽ ഗെലോട്ടിന്റെ മകൻ തോറ്റു. മുഖ്യമന്ത്രിമാർ തങ്ങളുടെ മക്കളുടെ വിജയത്തിനായി കൂടുതൽ ഊർജം ചെലവിട്ടെന്ന് രാഹുൽ ആരോപണമുന്നയിച്ചു.

പ്രാദേശിക തലത്തിൽ കോൺഗ്രസ്സിന്റെ അടിത്തറയുറപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ഇടപെടൽ. ജ്യോതിരാദിത്യ സിന്ധ്യയാണ് ഈ വിഷയം ചർച്ച ചെയ്യാൻ ഒരുമ്പെട്ടത്. ഇതിൽ രാഹുൽ ഇടപെടുകയും മക്കൾ രാഷ്ട്രീയം തിരിച്ചടിയുടെ കാരണങ്ങളിലൊന്നായിരുന്നെന്ന് പറയുകയുമായിരുന്നു.

ആരുടെയും പേര് രാഹുൽ പരാമർശിച്ചിരുന്നില്ല. എന്നാൽ, മുതിര്‍ന്നവരും അല്ലാത്തവരുമായ നിരവധി നേതാക്കൾ തങ്ങളുടെ മക്കൾക്ക് സീറ്റ് ലഭിക്കുന്നതിനായി കഠിനമായി പരിശ്രമിക്കുകയും പലരും അതിൽ വിജയിക്കുകയും ചെയ്തിരുന്നു. മുൻ കേന്ദ്രമന്ത്രി സന്തോഷ് മോഹൻ ദേവിന്റെ മകള്‍ ശർമിഷ്ഠ ദേവ്, മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്ര സിങ് തുടങ്ങിയവർ മത്സരരംഗത്തുണ്ടായിരുന്നു.

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയങ്ങൾക്കു ശേഷമാണ് കോൺഗ്രസ്സിന് ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുണ്ടാകുന്നത്. ഇതിന്റെ കാരണങ്ങൾ പാർട്ടി ഇനിയും വ്യക്തമായി വിലയിരുത്തിയിട്ടില്ല. താൻ പാർട്ടി അധ്യക്ഷസ്ഥാനം രാജി വെക്കുമെന്ന് രാഹുൽ കഴിഞ്ഞദിവസം നിലപാടെടുത്തിരുന്നെങ്കിലും പ്രവർത്തക സമിതി അതിനോട് വിയോജിക്കുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍