UPDATES

ട്രെന്‍ഡിങ്ങ്

‘റാഫേൽ ഉത്തരവിനെ രാഹുൽ വളച്ചൊടിച്ചു; നടന്നത് കോടതിയലക്ഷ്യം’ -നിർമല സീതാരാമൻ

റാഫേൽ കരാർ വിഷയത്തിൽ താൻ പ്രധാനമന്ത്രിയെ ഒരു സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും രാഹുൽ പറയുകയുണ്ടായി.

സുപ്രീംകോടതി ഉത്തരവിനെ ‘വളച്ചൊടിച്ച’ രാഹുൽ ഗാന്ധി കോടതിയലക്ഷ്യം ചെയ്തിരിക്കുകയാണെന്ന ആരോപണമുയർത്തി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. റാഫേൽ കരാറുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ പ്രതികരിക്കവെ രാഹുൽ നടത്തിയ പ്രസ്താവനയാണ് നിർമ സീതാരാമൻ ചര്‍ച്ചയിൽ കൊണ്ടുവരുന്നത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന റാഫേൽ രഹസ്യ രേഖകൾ കേസിൽ പരിശോധനയ്ക്ക് വിധേയമാക്കാമെന്ന ഉത്തരവ് ‘കാവൽക്കാരൻ കള്ളനാണ്’ എന്നത് സുപ്രീംകോടതിയും അംഗീകരിച്ചതിന് തെളിവാണെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

അമേത്തിയിൽ രാഹുൽ ഒരു റാലിയിൽ പങ്കെടുക്കവെയാണ് ഈ പ്രസ്താവന നടത്തിയത്. വ്യോമസേനയുടെ പണം അനിൽ അംബാനിക്ക് മോദി എടുത്തു കൊടുത്തെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രധാനമന്ത്രി മോഷണം നടത്തിയെന്ന് സുപ്രീംകോടതിയും അംഗീകരിച്ചിരിക്കുകയാണെന്ന് പിന്നീട് നടത്തിയ വാർത്താ സമ്മേളനത്തിലും രാഹുൽ ആവർത്തിച്ചു.

“ചൗക്കിദാർ‌ജി മോഷണം ചെയ്തെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരിക്കുകയാണ്. റാഫേൽ കരാറിൽ അഴിമതി നടന്നിട്ടുണ്ടെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. അന്വേഷണം നടത്തിയാൽ അതിൽ രണ്ട് പേരുകൾ, മോദിയുടെയും അംബാനിയുടെയും, മാത്രമേ കാണൂ എന്ന് ഞാൻ മാസങ്ങളായി പറയുന്നതാണ്.” -രാഹുലിന്റെ വാക്കുകൾ. നോമിനേഷൻ പേപ്പറുകൾ സമർപ്പിച്ച ശേഷമായിരുന്നു രാഹുല്‍ മാധ്യമങ്ങളെ കണ്ടത്.

റാഫേൽ കരാർ വിഷയത്തിൽ താൻ പ്രധാനമന്ത്രിയെ ഒരു സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും രാഹുൽ പറയുകയുണ്ടായി. ‘വരൂ, നമുക്ക് സംവദിക്കാം. രാജ്യം റാഫേൽ അഴിമതിയെക്കുറിച്ചും നോട്ടുനിരോധനത്തെക്കുറിച്ചുമെല്ലാം അറിയാൻ ആഗ്രഹിക്കുന്നുണ്ട്.’ -രാഹുൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍