UPDATES

ട്രെന്‍ഡിങ്ങ്

ഫോളോവേഴ്‌സില്‍ മുമ്പന്‍ മോദി തന്നെ; പക്ഷേ ട്വിറ്ററില്‍ കാലുറപ്പിച്ച് രാഹുല്‍ ഗാന്ധി

മോദിയേക്കാളും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനേക്കാളും വീണ്ടും ട്വീറ്റ് ചെയ്യപ്പെടുന്നത് രാഹുലിന്റെ കുറിക്കുകൊള്ളുന്ന പരിഹാസങ്ങളും വിമര്‍ശനങ്ങളും നിറഞ്ഞ ട്വീറ്റുകളാണ്.

ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കാം. എന്നാല്‍ ഇപ്പോള്‍ ഏറ്റവുമധികം റീട്വീറ്റുകള്‍ നേടുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധിയാണ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട് പറയുന്നു. മോദിയേക്കാളും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനേക്കാളും വീണ്ടും ട്വീറ്റ് ചെയ്യപ്പെടുന്നത് രാഹുലിന്റെ കുറിക്കുകൊള്ളുന്ന പരിഹാസങ്ങളും വിമര്‍ശനങ്ങളും നിറഞ്ഞ ട്വീറ്റുകളാണ്. മോദി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവ് അരവിന്ദ് കേജ്രിവാളാണ്. രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ വഴിയുള്ള ആശയവിനിമയം വിജയകരമായി മുന്നേറുകയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മുന്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ രമ്യയുടെ (ദിവ്യ സ്പന്ദന) നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയ ടീമാണ്.

പൊതുവിഷയങ്ങളില്‍ പെട്ടെന്നുള്ള പ്രതികരണം ഗുണം ചെയ്യുന്നുണ്ടെന്ന് രമ്യ പറയുന്നു. ജൂലായിലാണ് രമ്യ, Office of RG എന്ന രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അടക്കം കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമിന്‍റെ ചുമതല ഏറ്റെടുക്കുന്നത്. ജൂലായ്ക്ക് സെപ്റ്റംബറിനുമിടയിലുള്ള സമയത്ത് മാത്രം രാഹുല്‍ ഗാന്ധി 10 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സിനെ നേടി. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം രാഹുല്‍ ഗാന്ധി പരിഹസിക്കപ്പെടുകയും സംഘപരിവാര്‍ അനുഭാവികള്‍ കോമാളി കഥാപാത്രമായി ചിത്രീകരിക്കുകയും ചെയ്തിരുന്ന കാലം പോയിരിക്കുന്നു. രാഹുലിനെ ഗൗരവമുള്ള രാഷ്ട്രീയനേതാവായി സോഷ്യല്‍ മീഡിയ ഏതായാലും അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്ന് കാത്തിരുന്നു കാണേണ്ടി വരും.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് അതിന് മുകളില്‍ രാഹുല്‍ ഗാന്ധി കുറിച്ചത് മോദിജീ ട്രംപിന് ഒരു കെട്ടിപ്പിടുത്തം വേണമെന്ന് തോന്നുന്നു എന്നാണ് രാഹുല്‍ പറഞ്ഞത്. ലോക നേതാക്കളെ കാണുമ്പോള്‍ അടുത്ത സുഹൃത്തിനെയെന്ന പോലെ ആലിംഗനം ചെയ്യുന്ന പതിവ് മോദിക്കുണ്ട്. ട്രംപ് പ്രസിഡന്റായ ശേഷം മോദി വാഷിംഗ്ടണിലെത്തിയപ്പോള്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ട്രംപ് പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള താല്‍പര്യം ട്രംപ് ട്വീറ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം. 19,700ലധികം റീ ട്വീറ്റുകളാണ് രാഹുലിന്റെ ട്വീറ്റിന് കിട്ടിയത്.

2015 മുതലുള്ള ട്വീറ്റുകളുടെ പരിശോധന ട്വിറ്ററിലെ പോര്‍ക്കളം എങ്ങനെയാണ് മാറിയിരിക്കുന്നത് എന്ന് വ്യക്തമാക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. 2015ന്റെ ആദ്യ പാദം അരവിന്ദ് കേജ്രിവാളിന്റേതായിരുന്നു. കേജ്രിവാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വന്‍ വിജയം കൊണ്ട് കേജ്രിവാള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമുണ്ടാക്കി.
കേജ്രിവാളിന്റെ എല്ലാ ട്വീറ്റുകള്‍ക്കും ശരാശരി 1600ലധികം റീട്വീറ്റുകള്‍ കിട്ടി. മോദിക്ക് കിട്ടിയ ശരാശരി റീ ട്വീറ്റ് 1342 ആയിരുന്നു. 2015 മേയിലായിരുന്നു രാഹുല്‍ ഗാന്ധി ആദ്യ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

അടുത്ത ഒരു വര്‍ഷത്തിനുള്ള മോദി കേജ്രിവാളിനെ മറികടന്നു. 2017ലെ വേനല്‍ക്കാലത്ത് രാഹുല്‍ നില മെച്ചപ്പെടുത്തി. എന്നാല്‍ മോദി ബഹുദൂരം മുന്നിലായിരുന്നു. സെപ്റ്റംബറില്‍ രാഹുല്‍ കേജ്രിവാളിനേയും മോദിയേയും മറികടന്നു. രാഹുലിന് ശരാശരി 2784 ട്വീറ്റുകള്‍, മോദിക്ക് 2506, കേജ്രിവാളിന്. നിലവില്‍ രാഹുലിന് കിട്ടുന്ന ശരാശരി റീ ട്വീറ്റ് 3812. മോദിക്ക് ഏറ്റവുമധികം റീ ട്വീറ്റുകള്‍ കിട്ടിയത് നോട്ട് നിരോധനം പ്രഖ്യാപിച്ച 2016 നവംബറിലാണ്. ശരാശരി 4074 ട്വീറ്റുകള്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപി സഖ്യത്തില്‍ തിരിച്ചെത്തിയ ജൂലായില്‍ മോദിക്ക് 4,055 റീ ട്വീറ്റുകള്‍ കിട്ടി.

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിംഗ് ശൈലിയും കോണ്‍ഗ്രസിന്റെ പ്രാദേശിക പ്രവര്‍ത്തകരുടെ ഇടപെടലുകളും മുന്നേറ്റത്തിന്റെ കാരണമായിട്ടുണ്ടെന്ന് രമ്യ പറയുന്നു. രാഹുലിന്റെ സമര്‍ത്ഥവും നര്‍മ്മം നിറഞ്ഞതും ഹിന്ദി കലര്‍ത്തിയതുമായ വാചകങ്ങള്‍ ട്വീറ്റുകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കിയിട്ടുള്ളതായി അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷനിലെ പ്രൊഫസറായ ജൊയോജീത് പാല്‍ പറയുന്നു. റീ ട്വീറ്റുകള്‍ കൂടുന്നു എന്നാല്‍ അതിനര്‍ത്ഥം ട്വീറ്റ് ചെയ്യുന്നയാളുടെ സന്ദേശം കൂടുതല്‍ പേരിലേയ്ക്ക് എത്തേണ്ടതാണ് എന്ന് ആളുകള്‍ കരുതുന്നു എന്നാണ് ജൊയൊജീത് പറയുന്നു.

എന്നാല്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ മുന്നേറുന്നു എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞു. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഇടപെടലുമായി രാഹുലിന്റേതിനെ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ട്വിറ്റര്‍ ഹാന്‍ഡിലുമായി രാഹുലിന്റേതിനെ താരതമ്യം ചെയ്യൂ എന്നും അമിത് മാളവ്യ പറയുന്നു. അതേസമയം രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ വളര്‍ച്ച അത്ര വിശ്വസനീയമല്ലെന്നും മോദിക്കും രാഹുലിനും റീ ട്വീറ്റുകള്‍ കിട്ടുന്നത് വലിയ തോതില്‍ വ്യാജ പ്രൊഫൈലുകളില്‍ നിന്നാണെന്നും എഎപി മീഡിയ സെല്‍ തലവന്‍ അങ്കിത് ലാല്‍ പറഞ്ഞു. എഎപിയുടെ ആരോപണം കോണ്‍ഗ്രസ് തള്ളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍