UPDATES

ട്രെന്‍ഡിങ്ങ്

“പ്രധാനമന്ത്രിയുടെ മാനസികനില തെറ്റിയിരിക്കുന്നു, റാഫേലില്‍ കുടുങ്ങുമെന്ന് മോദിക്ക് ഉറപ്പായി”: രാഹുല്‍ ഗാന്ധി

ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒരു വിദേശരാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് കള്ളന്‍ എന്ന് വിളിച്ചിരിക്കുന്നു. പ്രധാനമന്ത്രി ഇതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ല” – രാഹുല്‍ പറഞ്ഞു.

റാഫേല്‍ കേസ് സിബിഐ അന്വേഷിച്ചാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ആത്മഹത്യയായിരിക്കുമെന്നും ഇതുകൊണ്ടാണ് നിയമവിരുദ്ധമായി സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ നീക്കയതെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. റാഫേല്‍ കേസില്‍ സിബിഐ അന്വേഷണം അനുവദിക്കുകയെന്നാല്‍ അത് പ്രധാനമന്ത്രി ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് സിബിഐ ഡയറക്ടറെ കൊന്നത് – ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുരുതരമായ നിയമ ലംഘനമാണ് നടന്നിരിക്കുന്നത്. ഇതിനെതിരെ സിബിഐ ആസ്ഥാനത്തിന് മുന്നില്‍ നാളെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാഹുല്‍ അറിയിച്ചു.

“പ്രധാനമന്ത്രിയുടെ മാനസികനില മനസിലാക്കണം. അദ്ദേഹം പേടിച്ചിരിക്കുകയാണ്. അഴിമതിയില്‍ പിടിക്കപ്പെടുമെന്ന് മനസിലായിരിക്കുന്നു. ഇതില്‍ പരിഭ്രാന്തനായാണ് സിബിഐ ഡയറക്ടറെ മാറ്റിയത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് തന്റെ മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രിയെ രാഹുല്‍ വെല്ലുവിളിച്ചു. ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒരു വിദേശരാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് കള്ളന്‍ എന്ന് വിളിച്ചിരിക്കുന്നു (മോദി സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിലെ റാഫേല്‍ കരാറില്‍, വിമാന നിര്‍മ്മാതാക്കളായ ദാസോ ഏവിയേഷന്‍ പങ്കാളിയാക്കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് പറഞ്ഞിരുന്നു.). പ്രധാനമന്ത്രി ഇതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ല” – രാഹുല്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അശോക്‌ ഗെലോട്ട്, ആനന്ദ് ശര്‍മ, പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

സര്‍ക്കാരിന് അപ്രിയമുണ്ടാക്കുന്ന ചില സുപ്രധാന കേസുകളുമായി ബന്ധപ്പെട്ടാണ് തന്നെ മാറ്റിയതെന്നാണ് ഈ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ അലോക് വര്‍മ ആരോപിക്കുന്നത്. റാഫേല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രിമാരും മുന്‍ ബിജെപി നേതാക്കളുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ആദ്യം സിബിഐയേയും പിന്നീട് സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. അലോക് വര്‍മയ്ക്കാണ് മൂവരും പരാതി നല്‍കിയത്. മാസങ്ങളായി വിവിധ കേസുകളുമായി ബന്ധപ്പെട്ട് നിരന്തര സംഘര്‍ഷത്തിലായിരുന്ന അലോക് വര്‍മയേയും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും പേഴ്‌സണല്‍ മന്ത്രാലയം സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയും ഇവരെ നിര്‍ബന്ധിത അവധിയില്‍ വിടുകയുമായിരുന്നു. രാകേഷ് അസ്താനക്കെതിരെ സിബിഐ കൈക്കൂലി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കാബിനറ്റ് സെക്രട്ടറിക്കും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും അലോക് വര്‍മ, കേസുകള്‍ ഒതുക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതായി ആരോപിച്ച് അസ്താനയും പരാതി നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പം പുലര്‍ത്തുന്ന, ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യാഗസ്ഥനാണ് അസ്താന.

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം – വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍