UPDATES

ട്രെന്‍ഡിങ്ങ്

ചില റൂട്ടുകളില്‍ സ്വകാര്യ ട്രെയിനുകളോടിക്കാന്‍ റെയില്‍വേ; കോച്ച് നിര്‍മാണ ഫാക്ടറികള്‍ കോര്‍പ്പറേറ്റ് ശൈലിയിലേക്ക് മാറും

ഈ വിഷയത്തില്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാത്രമേ തീരുമാനമുണ്ടാകൂ

തിരക്ക് കുറഞ്ഞ പാതകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുമുള്ള പാതകളില്‍ സ്വകാര്യ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് അനുമതി കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. അടുത്ത 100 ദിവസത്തിനുള്ളില്‍ ഇതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുമെന്ന് റെയില്‍വേ ബോര്‍ഡിന്റെ ചില രേഖകളെ ആധാരമാക്കി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം രണ്ട് ട്രെയിനുകള്‍ ഓടിക്കും. ഇത് റെയില്‍വേയുടെ ടൂറിസ്റ്റ് വിഭാഗമായ ഐആര്‍സിടിസിയാണ് പ്രവര്‍ത്തിപ്പിക്കുക. ടിക്കറ്റിങ്ങും, ട്രെയിനിനകത്തെ മറ്റ് സേവനങ്ങളും റെയില്‍വേ നേരിട്ട് ഏര്‍പ്പാടാക്കും. ഒരു നിശ്ചിത കാലയളവിലേക്ക് നിശ്ചിത തുക ഒറ്റത്തവണയായി റെയില്‍വേ ഇതിന് ഈടാക്കുകയാണ് ചെയ്യുക.

വലിയ തിരക്കില്ലാത്ത പാതകളിലാണ് ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് അനുവദിക്കുക. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഇത്തരം ട്രെയിനുകള്‍ ഓടും. റെയില്‍വേയുടെ ഫിനാന്‍‍സിങ് സ്ഥാപനമായ ഐആര്‍എഫ്‌സിയാണ് ലീസ് തുക ഇത്തരം സ്വകാര്യ ഓപ്പറേറ്റര്‍മാരില്‍ നിന്നും കൈപ്പറ്റുക.

റൂട്ടുകള്‍ ലേലം ചെയ്യുന്നതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ്എല്ലാ മെമ്പര്‍മാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, സബ്സിഡിയോടു കൂടി ടിക്കറ്റ് വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് റെയില്‍വേ ഒരു പ്രചാരണം സംഘടിപ്പിക്കും. സബ്സിഡിയോടു കൂടിയും അല്ലാതെയും റെയില്‍വേ ടിക്കറ്റ് വാങ്ങാനുള്ള സംവിധാനമൊരുക്കും. എല്‍പിജി സിലിണ്ടറുകളിന്മേല്‍ സാമ്പത്തികശേഷിയുള്ളവര്‍ സബ്സിഡി വാങ്ങുന്നതിനെതിരെ നടത്തിയ പ്രചാരണം പോലെയുള്ള ഒന്നായിരിക്കും ഇത്.

കോച്ച് നിര്‍മാണ വിഭാഗങ്ങളെ കോര്‍പ്പറേറ്റുവല്‍ക്കരിക്കാനും റെയില്‍വ്വേക്ക് പദ്ധതിയുണ്ട്. രാജ്യത്താകെ ഏഴ് നിര്‍മാണ യൂണിറ്റുകളാണ് ഉള്ളത്. പ്രൊഡക്ഷന്‍ യൂണിറ്റുകളും അനുബന്ധ വര്‍ക്ക്ഷോപ്പൂകളും ഇന്ത്യന്‍ റെയില്‍വേയ്സ് റോളിങ് സ്റ്റോക്ക് കമ്പനി എന്ന സര്‍ക്കാര്‍ ഉടമയിലുള്ള സ്ഥാപനത്തിന്റെ കീഴിലാക്കാനാണ് പരിപാടി. ഓരോ പ്രൊഡക്ഷന്‍ യൂണിറ്റിനും ഒരു ചീഫ് എക്സിക്യുട്ടീവ് ഓഫീസറുണ്ടായിരിക്കും. ഓരോന്നും പ്രത്യേക ലാഭകേന്ദ്രങ്ങളായി എണ്ണും. ഇത് നടപ്പായിക്കിട്ടുന്നതിന് കാബിനറ്റ് അനുമതി അധികം താമസിക്കാതെ നേടും. വിഷയം ട്രേഡ് യുണിയനുകളുമായും ചര്‍ച്ച ചെയ്യും. കുറഞ്ഞത് ഒരു പ്രൊഡക്ഷന്‍ യൂണിറ്റിലെങ്കിലും ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍