UPDATES

ട്രെന്‍ഡിങ്ങ്

പട്ടേല്‍ പ്രതിമ ചോര്‍ന്നൊലിക്കുന്നു; കാരണം നെഹ്റു?

വ്യൂവിങ് ഗാലറി സ്ഥിതി ചെയ്യുന്നത് പ്രതിമയുടെ നെഞ്ചിനു താഴെയാണ്.

നര്‍മദാ നദീയിലെ ചെറുദ്വീപില്‍ ആഘോഷത്തോടെ സ്ഥാപിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ പ്രതിമ -സ്റ്റാച്യൂ ഓഫ് യൂണിറ്റി- ചോര്‍ന്നൊലിക്കുന്നു. ചോര്‍ച്ചയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

3000 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പ്രതിമയാണ് ചോര്‍ന്നൊലിക്കുന്നത് എന്നതിനാല്‍ വിമര്‍ശനം കൊഴുക്കുകയാണ്. കഴിഞ്ഞവര്‍ഷമാണ് ഈ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് നേതാവായ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പാര്‍ട്ടി വേണ്ടവിധം പരിഗണിച്ചില്ലെന്ന ബിജെപിയുടെ ദീര്‍ഘകാലത്തെ പരാതികള്‍ക്കൊടുവിലായിരുന്നു പ്രതിമാ നിര്‍മാണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേതൃത്വം കൊടുത്തത്.

പട്ടേല്‍ പ്രതിമയുടെ വ്യൂവിങ് ഗാലറിയിലാണ് ചോര്‍ച്ചയുള്ളത്. മുകള്‍ ഭാഗത്തു നിന്നും വെള്ളം ചോര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വ്യൂവിങ് ഗാലറിയുടെ പ്രധാന ഹാളില്‍ നിറയെ വെള്ളം കെട്ടി നില്‍ക്കുന്നുമുണ്ട്.

അതേസമയം ഇത് ചോര്‍ച്ചയല്ലെന്നും കാറ്റടിച്ച് മഴവെള്ളം കയറിയതാണെന്നുമാണ് പ്രതിമയുടെ ചുമതലയുള്ള നര്‍മദ ജില്ലാ കളക്ടര്‍ ഐകെ പട്ടേല്‍ പറയുന്നത്. കൂടാതെ അകത്തേക്ക് കയറുന്ന വെള്ളം പുറത്തേക്ക് പോകാന്‍ ഓവ് നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വ്യൂവിങ് ഗാലറി സ്ഥിതി ചെയ്യുന്നത് പ്രതിമയുടെ നെഞ്ചിനു താഴെയാണ്. ഈ ഭാഗത്തേക്ക് ശക്തിയായി കാറ്റോടെ മഴ പെയ്യുമ്പോള്‍ വെള്ളം അകത്തു കയറുന്നതാണ് പ്രശ്നമെന്നാണ് കളക്ടര്‍ പറയുന്നത്. സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഒദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡ‍ിലും ഇതു തന്നെയാണ് പറയുന്നത്. ടൂറിസ്റ്റുകള്‍‍ക്ക് പുറത്തേക്ക് കാഴ്ചകള്‍ കാണുന്നതിനായി തുറന്നു വെച്ചയിടത്താണ് ചോര്‍ച്ച വരുന്നത്. അകത്ത് വരുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ പ്രതിമയുടെ മെയിന്റനന്‍സ് ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയെ ടാഗ് ചെയ്തുള്ള ട്വീറ്റ് പറയുന്നു.

അതെസമയം സോഷ്യല്‍‌ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കടുത്ത പരിഹാസങ്ങളും വരുന്നുണ്ട്. ഇത്രയധികം പണം ചെലവിട്ടു നിര്‍മിച്ച ഒരു പ്രതിമയുടെ വ്യൂവിങ് ഗാലറിയിലാണിത് സംഭവിക്കുന്നതെന്നാണ് വിമര്‍ശനങ്ങളുടെ കാതല്‍. ഇനി ഈ ചോര്‍ച്ചയ്ക്കും കാരണം മുന്‍ പ്രധാനമന്ത്രി നെഹ്റുവാണോയെന്നാണ് ചിലര്‍ പരിഹസിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു പ്രശ്നത്തിനും കാരണമായി നെഹ്റുവിനെ ചൂണ്ടിക്കാണിക്കുന്നത് സൂചിപ്പിക്കുന്നതാണ് ഈ പരിഹാസം.

ഇതില്‍‌ വലിയ അഴിമതിയില്ലേ എന്ന സംശയമാണ് ചിലര്‍ ഉയര്‍ത്തുന്നത്. 3000 കോടി ചെലവിട്ട് നിര്‍മിച്ച ഒരു പ്രതിമയുടെ ഡിസൈനിന് ചോര്‍ച്ച തടയാനുള്ള ശേഷിയില്ലാതിരിക്കുന്നത് അഴിമതിയാണെന്ന് ചിലര്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍