UPDATES

ട്രെന്‍ഡിങ്ങ്

രാജസ്ഥാനില്‍ വീണ്ടും അട്ടിമറി; സച്ചിന്‍ പൈലറ്റിന് പ്രധാന വകുപ്പുകളും നഷ്ടമായി; കരുത്തു കാട്ടി അശോക്‌ ഗെഹ്ലോട്ട്

തനിക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ച സാഹചര്യത്തില്‍ ധനകാര്യവും ആഭ്യന്തരവും വേണമെന്നതായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രധാന ആവശ്യമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടിരുന്ന സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാക്കിയതിനു പിന്നാലെ പ്രധാനപ്പെട്ട വകുപ്പുകളും കൈപ്പിടിയിലൊതുക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇന്നലെ രാത്രി നടന്ന മന്ത്രിസഭാ വകുപ്പു വിഭജനത്തില്‍ പ്രധാനപ്പെട്ട ധനകാര്യം, ആഭ്യന്തരം ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളാണ് ഗെഹ്‌ലോട്ടിന്. സച്ചിന്‍ പൈലറ്റിനാകട്ടെ, പൊതുമരാമത്ത്, ഗ്രാമീണ വികസനം, പഞ്ചായത്തീ രാജ്, സയന്‍സ് ആന്‍ഡ് ടെക്‌നാളജി എന്നീ വകുപ്പുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. ഇരുവര്‍ക്കും പുറമെ 13 ക്യാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണ് രാജസ്ഥാന്‍ മന്ത്രിസഭയിലുള്ളത്.

ധനകാര്യത്തിനും ആഭ്യന്തരത്തിനും പുറമെ എക്‌സൈസ്, ആസൂത്രണം, പേഴ്‌സണല്‍ ആന്‍ഡ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ വകുപ്പുകളും ഗെഹ്‌ലോട്ടിനാണ്. മന്ത്രിമാരെ തീരുമാനിച്ചെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വകുപ്പുകള്‍ സംബന്ധിച്ചുള്ള തര്‍ക്കം അവസാനിച്ചിരുന്നില്ല. ഒടുവില്‍ ഗെഹ്‌ലോട്ടിനെയും പൈലറ്റിനെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചു വരുത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

തനിക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ച സാഹചര്യത്തില്‍ ധനകാര്യവും ആഭ്യന്തരവും വേണമെന്നതായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രധാന ആവശ്യമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ വകുപ്പുകളും ഗെഹ്‌ലോട്ട് കൈയടക്കുകയായിരുന്നു.

ഈ മാസം 11-ന് ഫലം പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് കരുതിയിരുന്നെങ്കിലും 200 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക് 99 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നെങ്കില്‍ പാര്‍ട്ടിയുടെ യുവ മുഖം എന്ന നിലയില്‍ പി.സി.സി പ്രസിഡന്റ് കൂടിയായ പൈലറ്റിന് നറുക്കു വീണെനെ. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് അടുത്തെത്തുക മാത്രമേ ചെയ്തതു കൊണ്ട് പരിചയ സമ്പന്നന്‍ എന്ന നിലയില്‍ ഗെഹ്‌ലോട്ടിന്റെ ആവശ്യത്തിന് മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നു.

നാടകീയ നീക്കങ്ങൾക്കൊടുവിൽ അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി

2013-ല്‍ രാജസ്ഥാനില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ വീണ്ടും കെട്ടിപ്പടുത്തത് പൈലറ്റിന്റെ നേതൃത്വത്തിലായിരുന്നു. പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പണമില്ലാതെ വിഷമിച്ചപ്പോഴും രക്ഷകനായത് പൈലറ്റായിരുന്നു. വസുന്ധര രാജെ സര്‍ക്കാരിനെ താഴെയിറക്കിയാല്‍ പൈലറ്റ് തന്നെ മുഖ്യമന്ത്രിയാകുമെന്ന പ്രതീതി നിലനില്‍ക്കെയാണ് അവകാശവാദവുമായി ഗെഹ്‌ലോട്ട് രംഗത്തെത്തിയത്. രാജസ്ഥാനില്‍ ഇരുവരുടേയും ഗ്രൂപ്പുകള്‍ തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് സീറ്റുകള്‍ കുറഞ്ഞതിലേക്ക് നയിച്ചത് എന്ന അഭിപ്രായം ഹൈക്കമാന്‍ഡിനുണ്ട്. പാര്‍ട്ടി വിമത സ്ഥാനാര്‍ത്ഥികളായി മത്സരിച്ച എട്ടു പേര്‍ ഇത്തവണ ഇവിടെ വിജയിച്ചിരുന്നു. പൈലറ്റിനെ വെട്ടാനായി ഗെഹ്‌ലോട്ട് നിര്‍ത്തിയ സ്ഥനാര്‍ഥികളാണ് ഇവരെന്നും അഭ്യൂഹങ്ങളുണ്ട്.

പരമ്പരാഗതമായി ജാതി വൈരം നിലനില്‍ക്കുന്ന രാജസ്ഥാനില്‍ പ്രമുഖ ജാതി ഗ്രൂപ്പായ ഗുജ്ജാറുകള്‍ സച്ചിന്‍ പൈലറ്റിനു വേണ്ടി രംഗത്തു വന്നെങ്കിലും എതിര്‍ ഗ്രൂപ്പായ മീണ, രാജ്പുത്തുകള്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ താത്പര്യമില്ലായിരുന്നു. ഇതോടെയാണ് ജനസംഖ്യയില്‍ കുറവുള്ള മാലി സമുദായക്കാരനായ ഗെഹ്‌ലോട്ടിന് വീണ്ടും നറുക്കു വീണത്. ഗ്രൂപ്പ് വൈരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഗെഹ്ലോട്ടിനെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജെനറല്‍ സെക്രട്ടറിയാക്കി രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് കൊണ്ട് വന്നിരുന്നു. അതിനു ശേഷം ഗുജറാത്ത് തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിക്ക് വേണ്ടി തന്ത്രം മെനഞ്ഞതും വിവിധ സംസ്ഥാങ്ങളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതും ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍