UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധിയും നെഹ്റുവും പാഠപുസ്തകങ്ങളിലേക്ക് തിരിച്ചെത്തുന്നു; വിദ്യാഭ്യാസ വകുപ്പിലെ ആർഎസ്എസ്സുകാരെ നീക്കുമെന്ന് രാജസ്ഥാൻ

പാഠപുസ്തകമിറക്കിയപ്പോൾ അതിൽ സരോജിനി നായിഡു, മദൻമോഹൻ മാളവ്യ തുടങ്ങിയവരുടെ പേരുകളും ഉണ്ടായിരുന്നില്ല.

രാജസ്ഥാനിൽ കഴിഞ്ഞ ബിജെപി സർക്കാർ പാഠപുസ്തകങ്ങളിൽ നിന്നും പുറത്താക്കിയ ഗാന്ധിയും നെഹ്റുവും പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ തിരിച്ചെത്തുന്നു. പാഠപുസ്തകങ്ങളും റഫറൻസ് മെറ്റീരിയലുകളും പുനപ്പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അശോക് ഗെലോട്ടിന്റെ പുതിയ സർക്കാർ പ്രഖ്യാപിച്ചു. അസംബ്ലി തെരഞ്ഞെടുപ്പിൽ വസുന്ധരരാജെ സിന്ധ്യ സർക്കാരിനെ വീഴ്ത്തിയ കോൺഗ്രസ്സ് രണ്ടാഴ്ച മുമ്പാണ് ഗെലോട്ടിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചത്.

മഹാത്മ ഗാന്ധി, ജവാഹർലാൽ നെഹ്റു എന്നിവർ രാജ്യത്തിനു നൽകിയ സംഭാവനകൾക്ക് പാഠപുസ്തകങ്ങളിൽ അർഹമായ പ്രാതിനിധ്യം നൽകുനമെന്ന് പുതിയ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് ലിങ് ദോതസ്ര വ്യക്തമാക്കി. പാഠപുസ്തകങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പിന് ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് നേതാക്കളെ വിവിധ ബോർഡുകളുടെയും ഇതര സ്ഥാപനങ്ങളുടെയും തലപ്പത്ത് കയറ്റിയിരുത്തിയ നടപടികളും പുനപ്പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നത് ലക്ഷ്യമിട്ട് ആർഎസ്എസ്സുകാരെ ഉദ്യോഗസ്ഥതലങ്ങളിൽ തിരുകിക്കയറ്റിയിരുന്നതായും അദ്ദേഹം പറഞ്ഞു.

2016ലാണ് രാജസ്ഥാൻ പാഠപുസ്തകങ്ങളിൽ നിന്ന് നെഹ്റുവിന്റെയും ഗാന്ധിജിയുടെയുമെല്ലാം സ്വാതന്ത്ര്യസമര ചരിത്രം വിവരിക്കുന്ന ഭാഗങ്ങൾ ബിജെപി സർക്കാർ‌ നീക്കം ചെയ്തത്. ഇത് രാജ്യവ്യാപകമായ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയെങ്കിലും സർക്കാർ പിൻവാങ്ങുകയുണ്ടായില്ല. പുതിയ പാഠപുസ്തകമിറക്കിയപ്പോൾ അതിൽ സരോജിനി നായിഡു, മദൻമോഹൻ മാളവ്യ തുടങ്ങിയവരുടെ പേരുകളും ഉണ്ടായിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍