UPDATES

മോദി മന്ത്രിസഭയിലെ രണ്ടാമന്‍ രാജ്നാഥ് സിങ്ങോ അമിത് ഷായോ? വെളുപ്പിനെ ഇറക്കിയ ഉത്തരവ് തിരുത്തി പ്രതിരോധമന്ത്രിയെ ഉള്‍പ്പെടുത്തി രാത്രി പുതിയ ഉത്തരവ്

പുതിയ തീരുമാനം സിങ്ങിനെ നാല് കമ്മറ്റികളില്‍ കൂടി ചേര്‍ക്കാമെന്നാണ്, രാഷ്ട്രീയകാര്യ സമിതിയടക്കമാണിത്.

അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ തര്‍ക്കവും ഉടലെടുത്തതായി സൂചനകള്‍. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ സുപ്രധാന ക്യാബിനറ്റ് കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അപ്രമാദിത്വം നല്‍കുന്ന രീതിയില്‍ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയും വ്യാഴാഴ്ച അതി രാവിലെ ഇറങ്ങിയ ഉത്തരവ് ഇന്നലെ 16 മണിക്കൂറിനു ശേഷം രാത്രി, പുതുക്കിക്കൊണ്ട് പുറത്തിറങ്ങിയതോടെയാണ് ഇതിന്റെ സൂചനകള്‍ പുറത്തു വന്നത്. ഒരു ഘട്ടത്തില്‍ രാജ്നാഥ് സിംഗ് രാജിഭീഷണി വരെ മുഴക്കിയെന്നും ആര്‍എസ്എസ് നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഒടുവില്‍ കാര്യങ്ങള്‍ തണുപ്പിച്ചത് എന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രൂപീകരിച്ച എട്ടു ക്യാബിനറ്റ് കമ്മിറ്റികളുടെ വിവരങ്ങളാണ് ഇന്നലെ വെളുപ്പിനെ 5.57-നു പുറത്തു വന്നത്. ഇതില്‍ ആറെണ്ണത്തില്‍ രാജ്നാഥ് സിംഗ് ഉള്‍പ്പെട്ടിരുന്നില്ല. അതേസമയം ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ അമിത് ഷായെ എല്ലാ സമിതികളിലും അംഗമാക്കിയിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരില്‍ ഷായുടെ പിടിമുറുക്കലിന്റെ തുടക്കമായി വ്യാഖ്യാനിക്കപ്പെടുന്നതിനിടയിലാണ് കലഹം ഉടലെടുത്തത്.

സുരക്ഷാകാര്യം, സാമ്പത്തികകാര്യം എന്നീ മന്ത്രിസഭാ സമിതികളില്‍ മാത്രമാണ് രാജ്നാഥ് സിംഗിനെ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. നരേന്ദ്ര മോദി കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമന്‍ അദ്ദേഹമാണ്. മുന്‍ ആഭ്യന്തരമന്ത്രിയും മുന്‍ പാര്‍ട്ടി അധ്യക്ഷനുമാണ്. പകരം, മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിധത്തില്‍ അമിത് ഷായെ എല്ലാ കമ്മിറ്റികളിലും ഉള്‍പ്പെടുത്തുകയും ചെയ്തു. സിംഗിനെ ഒഴിവാക്കിയ കമ്മിറ്റികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പാര്‍ലമെന്ററികാര്യം, രാഷ്ട്രീയകാര്യ സമിതികളാണ്. ദീര്‍ഘകാലമായി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നില്‍ക്കുകയും കര്‍ഷക പ്രശ്നങ്ങള്‍, ജാട്ട് പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത അദ്ദേഹത്തെ ഈ രണ്ടു സമിതികളില്‍ നിന്നും ഒഴിവാക്കിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഒടുവില്‍ രാത്രി 10.19-നു പുറത്തിറങ്ങിയ മറ്റൊരു ഉത്തരവിലാണ് രാജ്നാഥ് സിംഗിനെ മറ്റു നാല് മന്ത്രിസഭാ സമിതികളില്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്ററി കാര്യം, രാഷ്ട്രീയകാര്യം, നിക്ഷേപ-വളര്‍ച്ചാ കാര്യം, തൊഴില്‍-വൈദഗ്ധ്യ വികസന കാര്യം എന്നീ സമിതികളിലാണ് രാജ്നാഥ് സിങ്ങിനെ അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ആറിലും രാജ്നാഥ് സിംഗ് തന്നെയാണ് മോദിക്ക് ശേഷം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം പാര്‍ലമെന്ററികാര്യ സമിതിയുടെ അധ്യക്ഷനും രാജ്നാഥ് സിംഗാണ്. ഇവയില്‍ ആറെണ്ണത്തില്‍  പ്രധാനമന്ത്രിയാണ് അധ്യക്ഷന്‍. കാബിനറ്റ്‌ കമ്മിറ്റി ഓണ്‍ അക്കോമഡേഷനില്‍ അമിത് ഷാ ആണ് അധ്യക്ഷന്‍. എല്ലാ സമിതികളിലും അദ്ദേഹം അധ്യക്ഷനുമാണ്. ധനമന്ത്രി നിര്‍മല സീതാരാമനെ ഏഴ് സമിതികളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വാണിജ്യമന്ത്രി പീയൂഷ് ഗോയലിനെ അഞ്ച് സമിതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നരേന്ദ്ര മോദിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത രണ്ടാമന്‍ എന്ന നിലയില്‍ രാജ്‌നാഥ് സിങ്ങാണ് സാധാരണ ഗതിയില്‍ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ആധ്യക്ഷം വഹിക്കേണ്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മനോഹര്‍ പരീക്കറും നിര്‍മ്മല സീതാരാമനും പ്രതിരോധ മന്ത്രിമാരെന്ന നിലയില്‍ രാഷ്ട്രീയകാര്യ സമിതിയില്‍  അംഗമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ പ്രതിരോധ മന്ത്രിയെ രാഷ്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്താതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

എട്ട് കാബിനറ്റ് സമിതികള്‍

  • അപ്പോയിന്റ്മെന്റ്സ് സമിതി
  • സാമ്പത്തികകാര്യ സമിതി
  • നിയമനകാര്യ സമിതി
  • പാര്‍ലമെന്ററി കാര്യ സമിതി
  • രാഷ്ട്രീയകാര്യ സമിതി
  • സുരക്ഷാകാര്യ സമിതി
  • നിക്ഷേപ-വളര്‍ച്ചാകാര്യ സമിതി
  • തൊഴില്‍-വൈദഗ്ധ്യ വികസനകാര്യ സമിതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍