UPDATES

പാകിസ്താനുമായി ഇനി ചര്‍ച്ചയുണ്ടെങ്കില്‍ അത് ജമ്മു കാശ്മീരിനെക്കുറിച്ചല്ല, പാക് അധീന കാശ്മീരിനെ കുറിച്ച്: രാജ്‌നാഥ് സിംഗ്

ശത്രുവിനെതിരെ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിയേക്കാം എന്ന് രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാകിസ്താനുമായി ഇനി ചര്‍ച്ചയുണ്ടാകുമെങ്കില്‍ അത് ജമ്മു കാശ്മീരിനെക്കുറിച്ച് ആയിരിക്കില്ല എന്നും പാകിസ്താന്‍ അധീന കാശ്മീരിനെ (പിഒകെ) കുറിച്ചായിരിക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചര്‍ച്ച നടക്കണമെങ്കില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സമീപനം പാകിസ്താന്‍ അവസാനിപ്പിക്കണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. ഹരിയാനയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. ഒക്ടോബറില്‍ ഹരിയാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

ശത്രുവിനെതിരെ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിയേക്കാം എന്ന സൂചന രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന. നമ്മുടെ അയല്‍ക്കാരന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വാതിലില്‍ മുട്ടുകയാണ്. ഇന്ത്യ തെറ്റ് ചെയ്തു എന്നാണ് അവര്‍ പറയുന്നത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചാല്‍ അത് രാജ്യത്തെ ഭിന്നിപ്പിക്കുമെന്നും ബിജെപിക്ക് ഇനി അധികാരത്തില്‍ വരാനാവില്ല എന്നെല്ലാമാണ് ചിലര്‍ പറയുന്നത്. ബിജെപിക്ക് വോട്ട് ബാങ്ക് രാഷ്ട്രീയം ഒരു പ്രശ്‌നമല്ല എ്ന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു – രാജ് നാഥ് സിംഗ് പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ഇന്ത്യന്‍ നടപടിയ്‌ക്കെതിരെ പാകിസ്താന്‍ യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ പ്രശ്‌നമുന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനകള്‍.

പാകിസ്താന്‍ രക്ഷാസമിതിയിലടക്കം ഇന്ത്യക്കെതിരെ കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ചെങ്കിലും ഇത് ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നാണ് നിലവില്‍ രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ട് അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. പാകിസ്താനും ചൈനയും മാത്രമാണ് ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍