UPDATES

ട്രെന്‍ഡിങ്ങ്

തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ സഖ്യകക്ഷികള്‍ ഇടയുന്നു: ബിജെപിക്ക് ‘പ്ലാന്‍ ബി’ ഉണ്ടെന്ന് രാം മാധവ്

കുശ്വാഹയുടേത് പോലുള്ള ചെറു പാര്‍ട്ടികള്‍ ഞങ്ങളുമായുള്ള ബന്ധം വിട്ടു എന്നത് ശരിയാണ്. എന്നാല്‍ ദക്ഷിണേന്ത്യയിലും കിഴക്കേ ഇന്ത്യയിലും പുതിയ പാര്‍ട്ടികള്‍ എന്‍ഡിഎയിലേയ്ക്ക് വരും – രാം മാധവ് അവകാശപ്പെട്ടു.

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിയുടേയും ബിഹാറില്‍ ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി എന്‍ഡിഎ വിടുകയും മറ്റ് സഖ്യകക്ഷികളും ബിജെപിയോട് അതൃപ്തി കാണിച്ചുതുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഒരു ‘പ്ലാന്‍ ബി’ ഉണ്ടെന്ന് ബിജെപി നേതാവ് രാം മാധവ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ സഖ്യകക്ഷികള്‍ വരുമെന്നാണ് രാം മാധവ് അവകാശപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ അപ്‌നാദളും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമെല്ലാം തങ്ങള്‍ക്ക് പരിഗണന കിട്ടുന്നില്ല പരാതിയുമായി രംഗത്തുണ്ട്. ബിഹാറില്‍ സീറ്റ് വിഭജനം പ്രഖ്യാപിച്ചെങ്കിലും രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പൂര്‍ണ തൃപ്തരല്ല. നിതീഷ് കുമാറിന്റെ ജെഡിയുവിനും ബിജെപിയോട് അതൃപ്തികളുണ്ട്. ഈ സാഹചര്യത്തിലാണ് രാം മാധവിന്റെ പ്രസ്താവന. മുന്നണി രാഷ്ട്രീയം എല്ലായ്‌പ്പോളും വിട്ടുവീഴ്ചകളുടേതാണ് എന്ന് രാം മാധവ് ചൂണ്ടിക്കാട്ടി. കുശ്വാഹയുടേത് പോലുള്ള ചെറു പാര്‍ട്ടികള്‍ ഞങ്ങളുമായുള്ള ബന്ധം വിട്ടു എന്നത് ശരിയാണ്. എന്നാല്‍ ദക്ഷിണേന്ത്യയിലും കിഴക്കേ ഇന്ത്യയിലും പുതിയ പാര്‍ട്ടികള്‍ എന്‍ഡിഎയിലേയ്ക്ക് വരും – രാം മാധവ് അവകാശപ്പെട്ടു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന നാല് സഖ്യകക്ഷികളാണ് എന്‍ഡിഎ വിട്ടത് – മഹാരാഷ്ട്രയില്‍ ശിവസേന, ആന്ധ്രപ്രദേശില്‍ ടിഡിപി, ബിഹാറില്‍ കുശ്വാഹയുടെ ആര്‍ എല്‍ എസ് പി (രാഷ്ട്രീയ ലോക് സമത പാര്‍ട്ടി). ബിഹാറില്‍ ജെഡിയു, എന്‍ഡിഎയിലേയ്ക്ക് തിരിച്ചുവന്നിരുന്നു. ജമ്മു കാശ്മീരില്‍ മെഹബൂബ മുഫ്തിയുടെ പിഡിപിയും ബിജെപി സഖ്യം വിട്ടിരുന്നു. രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്ത് പാസ്വാനെ തല്‍ക്കാലം അനുനയിപ്പിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അപ്‌ന ദള്‍ അധ്യക്ഷനും കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേലിന്റെ ഭര്‍ത്താവുമായ ആശിഷ് പട്ടേല്‍ ഉയര്‍ത്തിയിരിക്കുന്നത്. തങ്ങളുടെ പരാതികള്‍ ബിജെപി കേന്ദ്ര നേതൃത്വം ഗൗരവമായി പരിഗണിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്. യുപി സര്‍ക്കാര്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് അപ്‌ന ദള്‍ പറയുന്നു.

ദക്ഷിണേന്ത്യയില്‍ സഖ്യകക്ഷിയായി ബിജെപി പ്രതീക്ഷിക്കുന്നത് എഐഎഡിഎംകെയെ ആണ്. രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വച്ച രജനീകാന്തിനേയും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം രജനീകാന്ത് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിയ്ക്കായി ശ്രമം നടത്തുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസിനേയും കൂടെക്കൂട്ടാനാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ബിജെപിയുടെ ബി ടീം എന്നാണ് ടിആര്‍എസിനെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. ചന്ദ്രശേഖര്‍ റാവു മോദിയുടെ ഏജന്റ് ആണെന്നും അവര്‍ ആരോപിക്കുന്നു. പക്ഷെ ഇതുവരെ വ്യക്തമാക്കാത്ത മറ്റൊരാള്‍ ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ അധ്യക്ഷനുമായ നവീന്‍ പട്‌നായികാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലും രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിലുമടക്കം ബിജെഡി, എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. അതേസമയം ഏതൊക്കെ പാര്‍ട്ടികളാണ് പുതുതായി മുന്നണിയിലേയ്ക്ക് വരാന്‍ പോകുന്നത് എന്ന് രാം മാധവ് വ്യക്തമാക്കിയില്ല.

ഒരു പാര്‍ട്ടി കൂടി ബിജെപി സഖ്യം വിടുന്നു? “ഞങ്ങള്‍ അസ്വസ്ഥരാണ്” എന്ന് അപ്‌നാ ദള്‍ നേതാവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍