UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തനിക്ക് പാകിസ്താനിൽ നിന്ന് നിർദ്ദേശം ലഭിച്ചെന്ന ആരോപണം തെളിയിക്കണമെന്ന് ഒമർ അബ്ദുള്ള; രാംമാധവ് പിന്തിരിഞ്ഞോടി

തനിക്കെതിരായ പ്രസ്താവന സത്യമാണെന്ന് തെളിയിക്കുകയോ, ഇല്ലെങ്കിൽ മാപ്പു പറയുകയോ വേണം. വെടിവെച്ച് തിരിഞ്ഞോടുന്ന രാഷ്ട്രീയ പാടില്ലെന്നും അദ്ദേഹം രാംമാധവിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞമാസം തദ്ദേശ തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിച്ച നടപടിക്കു പിന്നിൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയ്ക്ക് പാകിസ്താനിൽ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരമാണെന്ന് ബിജെപി ജനറൽ സെക്രട്ടറി രാംമാധവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതീവഗുരുതരമായ ഈ ആരോപണം തെളിയിക്കാൻ രാംമാധവിന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉടനെ ഒമർ അബ്ദുള്ള രംഗത്തെത്തി. ഇതോടെ തന്റെ കമന്റ് പിൻവലിച്ച് രാംമാധവ് പതുക്കെ പിൻ‍വാങ്ങി.

റോ, എൻഐഎ, ഇന്റലിജൻസ് ബ്യൂറോ തുടങ്ങിയ എജൻസികൾ നിങ്ങൾക്കുണ്ടെന്നും സിബിഐ ആണെങ്കിൽ നിങ്ങളുടെ കളിപ്പാവയാണെന്നും ചൂണ്ടിക്കാട്ടിയ ഒമർ അബ്ദുള്ള, രാംമാധവ് തന്റെ പ്രസ്താവനയെ തെളിയിക്കാൻ ധൈര്യം കാട്ടണമെന്ന് ആവശ്യപ്പെട്ടു. തനിക്കെതിരായ പ്രസ്താവന സത്യമാണെന്ന് തെളിയിക്കുകയോ, ഇല്ലെങ്കിൽ മാപ്പു പറയുകയോ വേണം. വെടിവെച്ച് തിരിഞ്ഞോടുന്ന രാഷ്ട്രീയ പാടില്ലെന്നും അദ്ദേഹം രാംമാധവിനോട് ആവശ്യപ്പെട്ടു.

തുടക്കത്തിൽ തന്റെ പ്രസ്താവനയെ തമാശവൽക്കരിക്കാൻ രാംമാധവ് ഒരു ശ്രമം നടത്തി. ഒമർ അബ്ദുള്ളയുടെ ദേശഭക്തിയെ ചോദ്യം ചെയ്തതല്ലെന്നും പിഡിപിയുമായും കോൺഗ്രസ്സുമായും നാഷണൽ കോൺഫറൻസിന് പെട്ടെന്നുണ്ടായ പ്രേമം തന്നെ സംശയാലുവാക്കിയതാണെന്നും രാംമാധവ് വിശദീകരിച്ചു. എന്നാൽ ഒമർ അബ്ദുള്ള ഉറച്ചു നിന്നു. തോന്നിവാസം പറഞ്ഞിട്ട് തമാശ കളിക്കരുതെന്ന് താക്കീത് നൽകി. ഇതോടെ രാംമാധവ് പ്രതിസന്ധിയിലായി. നാഷണൽ കോൺഫറൻസ് തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് പാകിസ്താന്റെ നിർദ്ദേശമനുസരിച്ചാണ് എന്ന പ്രസ്താവനയ്ക്ക് രാംമാധവ് പൊതുസമക്ഷം തെളിവ് ഹാജരാക്കിയേ പറ്റൂ എന്ന് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെ രാംമാധവ് അടിയറവ് പറഞ്ഞുള്ള ട്വീറ്റുമായി എത്തി. ‘പുറത്തുനിന്നുള്ള സമ്മർദ്ദം നിഷേധിക്കുകയാണെങ്കിൽ ഞാൻ എന്റെ പ്രസ്താവന പിൻവലിക്കുന്നു.’ ചിരിച്ച് കണ്ണുനീർ ചാടുന്ന ഒരു ഇമോജിയും തന്റെ ഭംഗ്യന്തരേണയുള്ള മാപ്പപേക്ഷയ്ക്കൊപ്പം രാംമാധവ് ചേർത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍