UPDATES

റാം റഹിം കുറ്റക്കാരന്‍: ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും

ദേര സച്ചാ സൗദ തലവനായ ഇയാള്‍ക്കെതിരെ കോടതി വിധിയുണ്ടായാല്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കലാപമുണ്ടാകുമെന്ന് ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്

ബലാത്സംഗക്കേസില്‍ പ്രതിയായ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഇയാളുടെ ശിക്ഷ പഞ്ച്കുല സിബിഐ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും.

ദേര സച്ചാ സൗദ തലവനായ ഇയാള്‍ക്കെതിരെ കോടതി വിധിയുണ്ടായാല്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കലാപമുണ്ടാകുമെന്ന് ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ആള്‍ദൈവത്തിനെതിരെ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. വിധി കേള്‍ക്കാന്‍ റാം റഹിമും കോടതിയിലെത്തിയിരുന്നു. ഇരുന്നൂറോളം കാറുകളുടെ അകമ്പടിയോടെയാണ് ഇയാള്‍ കോടതിയിലേക്ക് തിരിച്ചത്. എന്നാല്‍ പോലീസ് ഇടപെട്ട് 20 കാറുകള്‍ക്ക് മാത്രമാണ് ഹരിയാനയിലെ പഞ്ച്കുലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. ഇതില്‍ രണ്ട് കാറുകള്‍ക്ക് മാത്രം കോടതി വളപ്പില്‍ പ്രവേശിക്കാനും അനുമതി നല്‍കി.

കോടതിയിലേക്കുള്ള റാം റഹിമിന്റെ യാത്ര തടയാന്‍ ദേര സച്ച അനുയായികള്‍ ശ്രമിച്ചിരുന്നു. പതിനായിരക്കണക്കിന് അനുയായികളെ തടയാന്‍ പോലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിധി പ്രസ്താവിച്ച ശേഷം ഒരു മണിക്കൂറോളം വൈകിയേ പുറത്തുവിടൂവെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഗുര്‍മീതിനെതിരെ ചുമത്തിയിരിക്കുന്നത്. 2002ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2008 ല്‍ കേസിന്റെ വിചാരണ ആരംഭിച്ചു. റാം റഹിം മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് ഇയാളുടെ അനുയായികളായ രണ്ട് സ്ത്രീകള്‍ തന്നെയാണ് രംഗത്തെത്തിയത്. ഇയാള്‍ കുറ്റക്കാരനാണെന്ന് വിധിച്ച കോടതി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. റോഹ്തയ്ക്ക് ജയിലിലേക്കായിരിക്കും ഇയാളെ കൊണ്ടുപോകുക എന്നാണ് അറിയുന്നത്. അതേസമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സൈനിക കേന്ദ്രത്തിലേക്ക് മാറ്റാനും ആലോചന നടക്കുന്നുണ്ട്.

പഞ്ചാബിലും ഹരിയാനയിലും കലാപം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ട്രെയിന്‍, ബസ് സര്‍വീസുകള്‍ റദ്ദാക്കി. സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. പഞ്ച്കുലയിലെ സിബിഐ കോടതി പരിസരം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വിധി പ്രഖ്യാപനത്തിന് ശേഷവും സൈന്യം കോടതി പരിസരത്ത് ഫ്‌ളാഗ് മാര്‍ച്ച് നടത്തി.

ഇതിനിടെ പഞ്ച്കുലയില്‍ പലയിടങ്ങളിലും ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പഞ്ച്കുലയിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഗുര്‍മീതിനെ ജയിലിലെത്തിക്കുന്നത് വരെ വിധി പുറത്തുപോകാതിരിക്കാനായിരുന്നു ഇത്. ഇതിനിടെ ഗുര്‍മീതിനെ കോടതി കുറ്റവിമുക്തനാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍