UPDATES

ട്രെന്‍ഡിങ്ങ്

ആർഎസ്എസ് പരിപാടിയിൽ നിന്നും വിട്ടു നിൽക്കണം: പ്രണബ് മുഖർജിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

ഒരു വർഗീയ സംഘടനയുടെ പരിപാടിയിൽ പ്രണബ് പങ്കെടുക്കുമെന്ന വാർത്ത രാജ്യത്തെ മതേതര മനസ്സുള്ളവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണെന്ന് ചെന്നിത്തല.

ജൂൺ 7ന് ആർഎസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്നും വിട്ടു നിൽക്കണമെന്നഭ്യർത്ഥിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. ഒരു വർഗീയ സംഘടനയുടെ പരിപാടിയിൽ പ്രണബ് പങ്കെടുക്കുമെന്ന വാർത്ത രാജ്യത്തെ മതേതര മനസ്സുള്ളവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണെന്നും ചെന്നിത്തല തന്റെ കത്തിൽ ചൂണ്ടിക്കാട്ടി.

വർഗീയാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാൻ വർഗീയ കക്ഷികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണിത്. നിലവിലെ സർക്കാരിനെ റിമോട്ട് കൺട്രോളാലെന്ന പോലെ നിയന്ത്രിക്കുന്ന വർഗീയ കക്ഷിയാണ് ആർഎസ്എസ്സ്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്ന വർഗീയ അജണ്ടയാണ് ആർഎസ്എസ്സിനുള്ളത്. കോൺഗ്രസ്സിന്റെ മതേതര കാഴ്ചപ്പാടിന് നേരെ വിരുദ്ധമാണിത്. ഇത്തരമൊരു സംഘടനയുടെ പരിപാടിയിൽ പ്രണബ് മുഖർജി പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ചെന്നിത്തല പുറത്തിറക്കിയ വാർത്താക്കുറിപ്പ് പറഞ്ഞു.

തികച്ചും തെറ്റായ വഴികളിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം പോലും മാറ്റിയെഴുതാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാക്കൾ ചെയ്ത ത്യാഗങ്ങളെ വില കുറച്ച് കാട്ടുവാൻ പരിശ്രമിക്കുകയാണവർ. വർഗീയവിഷം കടത്തിവിട്ട് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നശിപ്പിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതായും ചെന്നിത്തല പ്രണബിനോട് പറഞ്ഞു.

ഇന്ത്യയുടെ പ്രഥമപൗരനായിരുന്നയാളെന്ന നിലയിലും, ജനാധിപത്യത്തിന്റെ കാവലാളായി നിലകൊള്ളുന്നയാളെന്ന നിലയിലും ആർഎസ്എസ്സിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും മാറി നിൽക്കണമെന്ന് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍