UPDATES

ഇന്ത്യ

ദളിത് പീഡനത്തെക്കുറിച്ച് മിണ്ടാത്ത ‘ദളിത് നേതാവ്’: രാംനാഥ് കോവിന്ദിന്റെ രാജ്യസഭാ ചോദ്യങ്ങള്‍

ദരിദ്രകര്‍ഷകര്‍, ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍, ദളിത് പീഡനങ്ങള്‍ എന്നിവയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെങ്കിലും 1996നും 1998നും ഇടയ്ക്ക് സംവരണത്തിനെ സംബന്ധിച്ച മൂന്ന് ചോദ്യങ്ങള്‍ അദ്ദേഹം ധനമന്ത്രാലയത്തോട് ചോദിച്ചിട്ടുണ്ട്.

ദളിത് വിഭാഗത്തില്‍ പെടുന്ന വ്യക്തിയായിട്ടും, രണ്ട് തവണ രാജ്യസഭാംഗമായിരുന്നപ്പോഴും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് ദളിത് പീഡനങ്ങളെ കുറിച്ച് ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്ന് thewire.in റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1994 മുതല്‍ 2006 വരെ അദ്ദേഹം തുടര്‍ച്ചയായി രാജ്യസഭാംഗമായിരുന്നു. ഇക്കാലയളവില്‍ മൊത്തം 283 ചോദ്യങ്ങളാണ് കോവിന്ദ് ഉന്നയിച്ചിട്ടുള്ളത്. ഇതില്‍ വെറും 13 ചോദ്യങ്ങള്‍ മാത്രമായിരുന്നു സാമൂഹികനീതി ശാക്തീകരണ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. 12 ചോദ്യങ്ങള്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ടതും. ഇവയില്‍ ഒന്ന് പോലും കര്‍ഷകത്തൊഴിലാളികളുമായോ ഭൂമിയുടെ വിതരണവുമായോ ബന്ധപ്പെട്ടതല്ലായിരുന്നുവെന്നും പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

2015 മുതല്‍ ബിഹാര്‍ ഗവര്‍ണറായി ചുമതല നിര്‍വഹിക്കുന്ന ഇദ്ദേഹത്തിന്റെ യോഗ്യതകളില്‍ രണ്ട് കാര്യങ്ങള്‍ക്ക് മാത്രമാണ് പക്ഷെ പ്രാമുഖ്യം നല്‍കപ്പെട്ടിട്ടുള്ളത്. ഒരു ദരിദ്ര കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ആളാണെന്നതും ദളിതനാണെന്നതും. രാഷ്ട്രീയ വേദികളില്‍ വളര്‍ന്നുവന്ന സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങള്‍ വ്യക്തമായി ഉപയോഗിക്കാന്‍ സാധിക്കും എന്നതിനാല്‍ തന്നെ ഈ രണ്ട് യോഗ്യതകള്‍ക്കും പ്രധാന്യവുമുണ്ട്. എന്നാല്‍ രാംനാഥ് കോവിന്ദ് സാമുഹിക നീതി മന്ത്രാലയത്തോടും കൃഷി മന്ത്രാലയത്തോടും ചോദിച്ച 25 ചോദ്യങ്ങളില്‍ ഒന്നുപോലും ജാതി വിവേചനം, കര്‍ഷക ആത്മഹത്യകള്‍, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളല്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടതല്ലായിരുന്നു. എന്നാല്‍ ഈ വകുപ്പുകളിലെ ജീവനക്കാരുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഇവയൊക്കെ. കോവിന്ദ് എംപിയായിരുന്ന കാലഘട്ടത്തില്‍ ഭൂരിപക്ഷം സമയത്തും കോണ്‍ഗ്രസായിരുന്നു അധികാരത്തിലുണ്ടായിരുന്നത്.

ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യം അദ്ദേഹം 1996ല്‍ ചോദിച്ചിരുന്നു. വളങ്ങള്‍ക്കുള്ള സബ്‌സിഡി വര്‍ദ്ധിപ്പിക്കല്‍, ശുചീകരണ തൊഴിലാളികള്‍ക്കായി ദേശീയ കമ്മീഷന്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു ആ വര്‍ഷം ഉന്നയിച്ച മറ്റ് ചോദ്യങ്ങള്‍. ഉത്തരാഞ്ചലിനെ ആദിവാസി സംസ്ഥാനമായി പ്രഖ്യാപിക്കല്‍, റവ്‌ലത, ജൗനപുരി ജാതികളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തല്‍, ഹിമാചല്‍ പ്രദേശിലെ ഗിരിപുര പ്രദേശത്തെ പട്ടികവര്‍ഗ പ്രദേശമായി പ്രഖ്യാപിക്കല്‍ തുടങ്ങിയവയായിരുന്നു 1997ല്‍ കോവിന്ദ് ഉന്നയിച്ച ചോദ്യങ്ങള്‍. ഭിന്നശേഷി ഉള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായും ചില സംസ്ഥാനങ്ങള്‍ നല്‍കിയ പട്ടികയിലുള്ള ജാതികളെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അദ്ദേഹം 1998 സാമൂഹിക നീതി മന്ത്രാലയത്തോട് ഉന്നയിച്ചത്. കേന്ദ്ര വഖഫ് കൗണ്‍സിലിന്റെ സെക്രട്ടറിയെയും അംഗങ്ങളെയും നിയമിക്കുന്നത് സംബന്ധിച്ച ഒരു ചോദ്യം 2004ല്‍ അ്‌ദ്ദേഹം മന്ത്രാലയത്തോട് ഉന്നയിച്ചിരുന്നു. രണ്ടാമത്തേതാകട്ടെ ദേശീയ പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷനുമായി ബന്ധപ്പെട്ടതും.

ഇക്കാലയളവില്‍ കൃഷി മന്ത്രായത്തോട് ചോദിച്ച ചോദ്യങ്ങള്‍: സംസ്ഥാന ഫാം കോര്‍പ്പറേഷനുകളിലെ അഴിമതി, ഡല്‍ഹി മില്‍ക് സ്‌കീം ബൂത്തുകളിലെ കുട്ടികളുടെ നിയമനം, കാര്‍ഷിക ഗവേഷണത്തില്‍ ഇന്ത്യയും ബ്രസീലുമായുള്ള സഹകരണം എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് 1996ല്‍ രാംനാഥ് കോവിന്ദ് ഉന്നയിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ച ഒരു ചോദ്യമാണ് അദ്ദേഹം 1997ല്‍ ചോദിച്ചത്. ഡയറി വ്യവസായത്തില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പാല്‍, പാലുല്‍പ്പന്ന ഉത്തരവ് ഭേദഗതി ചെയ്യുന്നതിനെ കുറിച്ചും, ജലപരിപാലനത്തിനായി ഒരു ദേശീയ കേന്ദ്രം സ്ഥാപിക്കാനുള്ള ഉത്തര്‍പ്രദേശിന്റെ നിര്‍ദ്ദേശത്തെ സംബന്ധിച്ചും വെള്ളപ്പൊക്കവും വളര്‍ച്ചയും മൂലം രാജ്യത്തെമ്പാടും ജീവനും സ്വത്തിനും സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങളെ കുറിച്ചും കാര്‍ഷികമേഖലയില്‍ വിവരകൈമാറ്റത്തിന് ഉണ്ടാവുന്ന ചിലവുകളെ കുറിച്ചുമായിരുന്നു 1998ല്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍.

ദരിദ്രകര്‍ഷകര്‍, ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍, ദളിത് പീഡനങ്ങള്‍ എന്നിവയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെങ്കിലും 1996നും 1998നും ഇടയ്ക്ക് സംവരണത്തിനെ സംബന്ധിച്ച മൂന്ന് ചോദ്യങ്ങള്‍ അദ്ദേഹം ധനമന്ത്രാലയത്തോട് ചോദിച്ചിട്ടുണ്ട്. പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക് രൂപീകരിച്ച പ്രമോഷന്‍ നയം, ബാങ്കുകളില്‍ പട്ടികജാതി-പട്ടികവര്‍ഗ ജീവനക്കാര്‍ക്കുള്ള സംവരണം, പട്ടികജാതി-പട്ടികവര്‍ഗ തൊഴിലാളികളുമായി ബന്ധപ്പെട്ട പേഴ്‌സണല്‍, പരിശീലന മന്ത്രാലയത്തിന്റെ അപേക്ഷയില്‍ മാറ്റം വരുത്തല്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു ഈ ചോദ്യങ്ങള്‍. ദളിതര്‍ക്കെതിരായ പീഡനങ്ങളുമായി ബന്ധപ്പെട്ട് ഒരൊറ്റ ശ്രദ്ധ ക്ഷണിക്കല്‍ മാത്രമാണ് അദ്ദേഹം നടത്തിയത്. അതിനാവട്ടെ സര്‍ക്കാരില്‍ നിന്നും മറുപടി ലഭിച്ചതുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍