UPDATES

അയോധ്യ: ഭൂമിക്ക് വേണ്ടിയുള്ള അവകാശ വാദം മുസ്ലീങ്ങള്‍ ഉപേക്ഷിക്കണമെന്ന് രവിശങ്കര്‍

100 കോടി ഹിന്ദുക്കളുടെ വിശ്വാസത്തെ അംഗീകരിക്കണം; പള്ളി പണിയാനുള്ള സ്ഥലം വേറെ തരും എന്നും വാഗ്ദാനം

അയോധ്യ ഭൂമിക്ക് വേണ്ടിയുള്ള അവകാശ വാദം മുസ്ലീങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ രവിശങ്കര്‍. തര്‍ക്ക പ്രദേശത്ത് നമസ്കരിക്കുന്നത് ഖുറാനും ഇസ്ളാമിക നിയമങ്ങള്‍ പ്രകാരവും പാപമാണെന്നാണ് രവിശങ്കറിന്റെ കണ്ടെത്തല്‍. വരണാസിയില്‍ സന്യാസിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രവിശങ്കര്‍.

രണ്ടു കക്ഷികളുമായുള്ള സംഭാഷണം പുരോഗമിക്കുകയാണെന്നും സുപ്രീം കോടതി വിധിക്ക് മുന്‍പായി തന്നെ ഭൂമി പ്രശ്നത്തില്‍ ഒരു പരിഹാരം ഉണ്ടാകുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും രവിശങ്കര്‍ പറഞ്ഞു. ഗോരഖ്പൂരില്‍ എത്തിയ രവിശങ്കര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി.

“ബാബറി മസ്ജീദ് നിലനിന്നിരുന്ന ഒരു ചെറിയ ഭൂമിയുടെ പേരിലാണ് ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നത്. മുസ്ലീങ്ങള്‍ കുറെ കാലമായി ഇവിടം നമസ്കാരത്തിനായി ഉപയോഗിക്കാത്തതിനാലും രാമന്റെ ജന്മ ഭൂമിയാണ് ഇതെന്ന് ഏറെ കാലമായി ഹിന്ദുക്കള്‍ വിശ്വസിക്കുന്നതിനാലും ഈ ഭൂമി മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്ക് രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടു നല്‍കണം. പള്ളി പണിയുന്നതിനുള്ള ഭൂമി ഹിന്ദുക്കള്‍ വേറെ ഒരിടത്ത് അനുവദിച്ചു തരും.” രവിശങ്കര്‍ പറഞ്ഞു.

“എന്തെങ്കിലും തര്‍ക്കമുള്ള ഭൂമിയില്‍ നമസ്കരിക്കരുത് എന്നാണ് ഖുറാന്‍ പറയുന്നത്. പള്ളി പണിയുന്ന സ്ഥലം തര്‍ക്കമില്ലാത്തത് ആയിരിക്കണം എന്നാണ് ഇസ്ളാമിക നിയമങ്ങള്‍ പറയുന്നത്.” മുസ്ലീങ്ങള്‍ 100 കോടി ഹിന്ദുക്കളുടെ വിശ്വാസത്തെ അംഗീകരിക്കണം എന്നും രവിശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

70 വര്‍ഷം പഴക്കമുള്ള രാമജന്‍മഭൂമി–ബാബ്റി മസ്ജീദ് കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് രവിശങ്കര്‍ വിട്ടുകൊടുക്കല്‍ വാദവുമായി രംഗത്ത് വരുന്നത്.

ബാബറി മസ്ജിദ്: വികാരമോ മതവിശ്വാസമോ അല്ല, ഭരണഘടനയും നിയമവുമാണ് നടപ്പാകേണ്ടത്

അയോധ്യ ഭൂമി കേസ് സ്ഥല തര്‍ക്കം ആയിട്ട് മാത്രമേ പരിഗണിക്കൂ എന്നു ഫെബ്രുവരി 8നു സുപ്രീം കോടതി പറഞ്ഞിരുന്നു. അയോധ്യയുമായി ബന്ധപ്പെട്ട മത സംഘര്‍ഷങ്ങളും ആക്രമണങ്ങളും വാദത്തെ ബാധിക്കില്ലെന്ന് സൂചന നല്‍കിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഇങ്ങനെ പറഞ്ഞത്.

അയോദ്ധ്യയില്‍ ബാബറി മസ്ജിദ് നിന്നയിടം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബര്‍ 30-ന്‍റെ വിധിക്കെതിരെയുള്ള അപ്പീല്‍ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, അശോക് ഭൂഷന്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വാദം കേട്ടത്.

ബാബ്റി മസ്ജിദ് – രാമജന്മഭൂമി കേസിൽ അലഹാബാദ് ഹൈക്കോടതിക്കു മുന്‍പിൽ സമര്‍പ്പിച്ച രേഖകള്‍ വിവര്‍ത്തനം ചെയ്തു കൊടുക്കണം എന്നു കോടതി ആവശ്യപ്പെട്ടു. കേസ് ഇനി മാര്‍ച്ച 14നു പരിഗണിക്കും.

ദശകങ്ങള്‍ നീണ്ട രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കം: നാള്‍വഴികളിലൂടെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍