UPDATES

ട്രെന്‍ഡിങ്ങ്

രവീഷ് കുമാര്‍: തന്നെ കൊല്ലാന്‍ അവര്‍ക്ക് പദ്ധതിയുണ്ടോ എന്ന് മോദിയോട് ചോദിച്ച മാധ്യമ ആള്‍ക്കൂട്ടത്തിലെ ഒറ്റയാന്‍

ശബ്ദമില്ലാത്തവരുടെ ശബ്ദം എന്നാണ് രവീഷ് കുമാറിനെ റമോണ്‍ മാഗ്‌സസെ പുരസ്‌കാര ജൂറി വിശേഷിപ്പിച്ചത്

ഇരുട്ടിലെ വെളിച്ചം എന്നാണ് ഹിന്ദി മാധ്യമ ലോകത്തേയും ഉത്തരേന്ത്യന്‍ പൊതുസമൂഹത്തിലേയും മോദി സര്‍ക്കാരിന്റേയും ബിജെപി – സംഘപരിവാര്‍ ശക്തികളുടേയും വിമര്‍ശകര്‍ രവീഷ് കുമാറിനെ വിളിക്കുന്നത്. ആള്‍ക്കൂട്ട കൊലകള്‍ സാധാരണവത്കരിക്കപ്പെടുന്ന ഇന്ത്യയില്‍ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളും ഭരണഘടന നേരിടുന്ന പ്രതിസന്ധിയും ഭീഷണികളും ചര്‍ച്ചയാക്കി, വസ്തുനിഷ്ഠ പരിശോധനകളും ചര്‍ച്ചകളും സംവാദങ്ങളുമായി നിറഞ്ഞുനിന്ന അപൂര്‍വം മാധ്യമ പ്രവര്‍ത്തകരിലൊരാളാണ് എന്‍ഡിടിവി ഇന്ത്യ (ഹിന്ദി) ചാനലിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായ രവീഷ് കുമാര്‍.

ശബ്ദമില്ലാത്തവരുടെ ശബ്ദം എന്നാണ് രവീഷ് കുമാറിനെ റമോണ്‍ മാഗ്‌സസെ പുരസ്‌കാര ജൂറി വിശേഷിപ്പിച്ചത്. നിരന്തരം രവീഷ് കുമാര്‍ ഉന്നയിച്ചുകൊണ്ടിരുന്ന ചോദ്യങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയെ അസ്വസ്ഥരാക്കി. പലതരം സമ്മര്‍ദ്ദങ്ങളാല്‍ വിമര്‍ശനങ്ങളുടെ പലപ്പോഴും മൂര്‍ച്ച കുറയ്ക്കാന്‍ നിര്‍ബന്ധിതരായ എന്‍ഡിടിവി ഇംഗ്ലീഷ് ചാനലിന്റെ വിഷമം പലപ്പോളും തീര്‍ത്തത് എന്‍ഡിടിവി ഇന്ത്യ എന്ന കൂടുതല്‍ പ്രേക്ഷകരിലേയ്ക്ക് എത്തുന്ന രവീഷ് കുമാറിന്റെ ഹിന്ദി ചാനലാണ്. അതിന്റെ ഐക്കണ്‍ ആയത് രവീഷ് കുമാറും.

വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന അവതാരകനാണ് രവീഷ് കുമാര്‍ എന്ന് മാഗ്‌സസെ ജൂറി വിലയിരുത്തി. പ്രൈം ടൈം അടക്കമുള്ള രവീഷ് കുമാറിന്റെ ഷോകള്‍ ഇന്ത്യ സമകാലീന രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളില്‍ നടത്തുന്ന പോസീറ്റീവായ ഇടപെടലുകളെ എടുത്തുപറയുന്നുണ്ട് പുരസ്‌കാര നിര്‍ണയ സമിതി. രവീഷ് കുമാര്‍ തന്റെ ന്യൂസ് റൂമിനെ പീപ്പിള്‍ ന്യൂസ് റൂം (ജനങ്ങളുടെ വാര്‍ത്താമുറി) എന്നാണ് വിളിക്കുന്നത് എന്ന് ജൂറി ചൂണ്ടിക്കാട്ടുന്നു. സമചിത്തതയോടെ വസ്തുതകളുടെ അന്വേഷണത്തിലുള്ള റിപ്പോര്‍ട്ടിംഗ് ആണ് രവീഷ് കുമാര്‍ പിന്തുടരുന്നത്. ഉന്നതരായ അധികാരികളെ വിചാരണ ചെയ്യുന്നതിനും മാധ്യമങ്ങളെ തന്നെ വിമര്‍ശിക്കുന്നതിനും മടി കാണിച്ചില്ല. നിരന്തരം ഭീഷണികള്‍ക്ക് വിധേയനായിട്ടുണ്ട് രവീഷ് കുമാര്‍.

എന്നെ കൊല്ലാന്‍ പരിപാടിയുണ്ടോ എന്ന് താങ്കളുടെ അനുയായികളോട് ചോദിക്കൂ എന്ന് രവീഷ് കുമാര്‍ ചോദിക്കുന്നത് ഗോവിന്ദ് പന്‍സാരെയും എംഎം കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും വെടിയേറ്റ് വീണ കാലത്താണ്:

ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് വാട്‌സ് അപ്പ് അടക്കമുള്ളവയിലൂടെ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അസഭ്യ, ഭീഷണി സന്ദേശങ്ങള്‍ വായിച്ച് കേള്‍പ്പിച്ചാല്‍ ആരും ചെവി പൊത്തും. വനിത മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ അത്രയ്ക്ക് അധിക്ഷേപകരമായ ഭാഷയാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്. എന്‍ഡിടിവി ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം പറയുന്നത്. ഇത്തരക്കാരെ പ്രധാനമന്ത്രി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് രവീഷ് കുമാര്‍ ഉയര്‍ത്തുന്നത്. നൈസാദക് എന്ന സ്വന്തം ബ്ലോഗിലാണ് രവീഷ് കുമാര്‍ ഇക്കാര്യം പറയുന്നത്. കത്തിന്റെ ഹാര്‍ഡ് കോപ്പി ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഏഴ്, ലോഗ് കല്യാണ്‍ മാര്‍ഗിന്റെ വിലാസത്തില്‍ അയിച്ചിട്ടുണ്ട്.

നീരജ് ദാവെ, നിഖില്‍ ദാദിച്ച് തുടങ്ങിയവരെ എന്തിനാണ് താങ്കള്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് എന്ന് രവീഷ് കുമാര്‍, മോദിയോട് ചോദിക്കുന്നു. അസഭ്യം പറയുന്നത് നിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ നീരജ് ദാവെയുടെ മറുപടി നിങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു എന്നറിയുന്നതില്‍ ദുഖമുണ്ട് എന്നാണെന്ന് രവീഷ് കുമാര്‍ പറയുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന, അധിക്ഷേപകരമായ അഭിപ്രായങ്ങള്‍ നീരജ് ദാവെ ട്വീറ്റ് ചെയ്തിരുന്നു.

നരേന്ദ്ര മോദിക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബോബി ഘോഷിനെ കമ്പനി നീക്കിയതെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു മാധ്യമപ്രവര്‍ത്തകനെ പുറത്താക്കാനായി ഇത്തരത്തില്‍ ഇടപെടുമെന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും രവീഷ് കുമാര്‍ പറഞ്ഞു. സത്യത്തിന് ഈഗോ വന്നാല്‍ പിന്നെ അത് സത്യമായിരിക്കില്ലെന്ന് എംകെ ഗാന്ധിയെ ഉദ്ധരിച്ച് രവീഷ് കുമാര്‍ പറഞ്ഞു. താങ്കള്‍ക്ക് നീരജ് ദാവ, നിഖില്‍ ദാദിച്ച്, ആകാശ് സോണി എന്നിവരെ നേരിട്ട് അറിയാമെങ്കില്‍ ദയവായി അവരോട് ചോദിക്കൂ, എന്നെ കൊല്ലാന്‍ അവര്‍ക്ക് പദ്ധതിയുണ്ടോ എന്ന് രവീഷ് കുമാര്‍ മോദിയോട് ചോദിച്ചിരുന്നു.

“ഞാന്‍ ശരിക്ക് ബംഗാളിയാണെങ്കിലും ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ ബിഹാറിയാണ്” എന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപിക ദേബ്ജാനി സെന്‍ ഗുപ്ത ദ വയറില്‍ എഴുതി. ഇതിന് കാരണമായി അവര്‍ പറഞ്ഞത് കനയ്യ കുമാറും രവീഷ് കുമാറും ബിഹാറുകാരാണ് എന്നതാണ്.

നുണകളുടേയും ഭരണകൂടത്തിന് അനുകൂലമായ പ്രൊപ്പഗണ്ടകളുടേയും അതിപ്രസരത്തിനിടെ ബിഹാറില്‍ നിന്ന് എങ്ങനെ ഈ രണ്ട് ഹീറോകള്‍ ഉയര്‍ന്നുവന്നു എന്ന് ദേബ്ജാനി സെന്‍ ഗുപ്ത പരിശോധിക്കുന്നുണ്ട്. ഒരുപാട് ശത്രുക്കളുണ്ടല്ലോ, ഭയമുണ്ടോ എന്ന ചോദ്യം ഒരു അഭിമുഖത്തില്‍ രവീഷ് കുമാര്‍ നേരിട്ടു. ഞാന്‍ മനുഷ്യനാണ്, എനിക്ക് ഭയമുണ്ട് എന്നായിരുന്നു രവീഷ് കുമാറിന്റെ വളരെ ലളിതമായ മറുപടി. എന്നാല്‍ ഭയം രവീഷ് കുമാറിനെ ചോദ്യം ചോദിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. ആര് ജയിക്കും, തോല്‍ക്കുമെന്നൊന്നും മനസില്‍ കണക്കുകൂട്ടിയായിരുന്നില്ല രവീഷ് കുമാറിന്റെ ചോദ്യങ്ങളെന്ന് ദേബ്ജാനി ഗുപ്ത അഭിപ്രായപ്പെടുന്നു. സത്യം പുറത്തുകൊണ്ടുവരാനുള്ള ചോദ്യങ്ങള്‍ മാത്രമായിരുന്നു അവ.

രവീഷ് കുമാറിനെ ലക്ഷ്യം വെച്ച് ഒരാൾ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ എൻഡിടിവി പുറത്തു വിട്ടിട്ടുണ്ട്. ‘രവീഷ് കുമാർ കേൾക്കാൻ വേണ്ടിയാണ് പറയുന്നത്. ഒരു ദിനം നീ എന്റെ കൈകൊണ്ട് മരിക്കും. മരിക്കരുതെന്നുണ്ടെങ്കിൽ താൻ തന്റെ വീടായ പാകിസ്താനിലേക്ക് പോകണം’ എന്ന് വീഡിയോയിൽ പറയുന്നുണ്ട്. രാജ്യം, വളരുന്ന അസഹിഷ്ണുതയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രാഷ്ട്രീയസാഹചര്യവും ചർച്ച ചെയ്യുന്ന ഘട്ടത്തിൽ മാധ്യമപ്രവർത്തകർ എങ്ങനെയാണ് തള്ളിനീക്കുന്നതെന്ന് ഈ വീഡിയോ തുറന്നു കാണിച്ചിരുന്നു.

മാധ്യപ്രവര്‍ത്തനം വിട്ട് രാഷ്ട്രീയത്തില്‍ വന്ന് ബിജെപി അംഗമായി, മോദി സര്‍ക്കാരില്‍ മന്ത്രിയായ എംജെ അക്ബറിന് മാധ്യമപ്രവര്‍ത്തകരോട് മോദി ഭക്തരും മോദി സര്‍ക്കാരും സംഘപരിവാര്‍ അനുകൂലികളും പുലര്‍ത്തുന്ന അസഹിഷ്ണുതയെക്കുറിച്ച് രവീഷ് കുമാര്‍ എഴുതിയ കത്ത് ശ്രദ്ധേയമായിരുന്നു. തന്നെ ദല്ലാളെന്നും തന്റെ അമ്മയെ വേശ്യ എന്നും സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂലികള്‍ വിളിക്കുന്നത് പറഞ്ഞായിരുന്നു രവീഷ് കുമാറിന്റെ കത്ത്.

ഇന്ത്യന്‍ തിരഞ്ഞെടുപ്പുകള്‍ പണത്തിന്റെ മലീമസമായ സ്വാധീനം കൊണ്ട് ചീഞ്ഞുനാറുന്ന കാലത്ത് അധികാരികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുക എന്നത് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രവീഷ് കുമാറിന്റെ കടമയും പ്രതിബദ്ധതയുമായിരുന്നു. ഇന്ത്യയെന്ന ആശയത്തില്‍ അതിന്റെ ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്തുന്ന പ്രാദേശിക സാര്‍വലൗകികതയുടെ ഉല്‍പ്പന്നം എന്ന് രവീഷ് കുമാറിനെ ദേബ്ജാനി ഗുപ്ത വിശേഷിപ്പിക്കുന്നുണ്ട്.

2016ല്‍ സീ ന്യൂസിന്റെ വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍, ഉന്നതതലത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടതെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള തരത്തില്‍, ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെ മോദി സര്‍ക്കാരും സംഘപരിവാറും രാജ്യദ്രോഹക്കുറ്റം ചുമത്തി വേട്ടയാടിയപ്പോള്‍ മാധ്യമ വാര്‍ത്തകളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ രവീഷ് കുമാര്‍ മുന്‍നിരയിലുണ്ടായിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളുടെ അവസ്ഥയെ ഇരുണ്ട സ്‌ക്രീന്‍ പശ്ചാത്തലമാക്കിയാണ് രവീഷ് കുമാര്‍ ആ സമയത്ത് പ്രൈം ടൈം അവതരിപ്പിചച്ചത്. ഈ എപ്പിസോഡ് മാഗ്‌സസെ പുരസ്‌കാര നിര്‍ണയ സമിതി പ്രത്യേകം എടുത്തുപറയുന്നുണ്ട്.

Read More: മുസ്ലിം അവതാരകനെ കാണുന്നത് വെറുപ്പ്, ‘ഹം ഹിന്ദു’ നേതാവ് ചാനൽ ചർച്ചയിൽ കണ്ണുപൊത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍