UPDATES

ട്രെന്‍ഡിങ്ങ്

പ്രഥമ ഗൗരി ലങ്കേഷ് പുരസ്കാരം എന്‍ഡിടിവി ജേര്‍ണലിസ്റ്റ് രവീഷ് കുമാറിന്

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തുന്നത്

കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരത്തിന് എന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രവീഷ് കുമാര്‍ അര്‍ഹനായി. മാഗ്‌സസെ അവാര്‍ഡ് ജേതാവ് കൂടിയാണ് രവീഷ് കുമാര്‍. ഈ മാസം 22-ന് ബാംഗ്ലൂരില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ച് ഇന്നലെയാണ് ഗൗരി ലങ്കേഷ് മെമ്മോറിയല്‍ ട്രസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, ആക്ടിവിസ്റ്റ് ടീസ്ത സെറ്റല്‍വാദ്, അക്കാദമിക് റഹ്മത് തരികെരെ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രവീഷ് കുമാറിനെ തെരഞ്ഞെടുത്തത്.

കൃത്യമായ വാര്‍ത്താ വിശകലനവും മതേതര മൂല്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുംം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് രവീഷ് കുമാറിനെ തെരഞ്ഞെടുത്തിട്ടുള്ളത്. ഇതേ നിലപാടുകള്‍ മുന്‍നിര്‍ത്തിയാണ് രവീഷ് കുമാറിനെ ഈയിടെ മാഗ്സസെ പുരസ്കാരത്തിനും തിരഞ്ഞെടുത്തത്.

ലങ്കേഷ് പത്രികെയുടെ എഡിറ്ററും സാമൂഹ്യ പ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷ് ബാംഗ്ലൂരിലെ അവരുടെ വീടിനു മുന്നില്‍ വച്ച് 2017 സെപ്റ്റംബര്‍ അഞ്ചിന് അജ്ഞാതരുടെ വെടിയേറ്റ്‌ മരിക്കുന്നത്.  ഹിന്ദുത്വയുടെ രൂക്ഷ വിമര്‍ശക കൂടിയായിരുന്നു ഗൗരി ലങ്കേഷ്. അവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേന്ദ്ര ധബോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയ കേസിലും സംശയിക്കപ്പെടുന്നവരാണ് ഇവര്‍.

ഗൗരി ലങ്കേഷിന്റെ കൊലപാതക കേസില്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും വിചാരണ അതിവേഗത്തിലാക്കണമെന്നും സഹോദരിയും സംവിധായകയുമായ കവിത ലങ്കേഷ് ഇന്നലെ നടന്ന ചടങ്ങില്‍ ആവശ്യപ്പെട്ടു. കല്‍ബര്‍ഗിയും ധബോല്‍ക്കറും കൊല്ലപ്പെട്ടിട്ടും വര്‍ഷങ്ങളായിട്ടും ഈ കേസുകളുടെ ഒന്നും അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.  

ചടങ്ങില്‍ കനയ്യ കുമാര്‍ സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍