UPDATES

വിപണി/സാമ്പത്തികം

ആർബിഐ ബോർഡ് മീറ്റിങ് ഇന്ന്; ‘പരിഷ്കരണങ്ങൾ’ക്ക് കേന്ദ്ര സർക്കാര്‍ സമ്മർദ്ദം ചെലുത്തുന്നു

ആർബിഐ ബോർഡ് മീറ്റിങ് ഇന്ന് ചേരും. കേന്ദ്രബാങ്കിന്റെ കരുതൽ ധനത്തിന്റെ മൂന്നിലൊന്ന് ഭാഗം കേന്ദ്ര സർക്കാരിന് കൈമാറുന്നത് അടക്കമുള്ള പരിഷ്കാരങ്ങൾ ബോർഡ് മീറ്റിങ്ങിൽ ചർച്ച ചെയ്യപ്പെടണമെന്ന ആവശ്യം മുമ്പോട്ടു വെക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തരം പരിഷ്കാരങ്ങൾ റിസർവ്വ് ബാങ്കിനെ തകർക്കുമെന്ന നിലപാടിൽത്തന്നെയാണ് ഗവർണർ ഊർജിത് പട്ടേൽ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ.

എന്നിരിക്കിലും കേന്ദ്ര സർക്കാരിന്റെ രണ്ട് ആവശ്യങ്ങളിൽ റിസർ‍വ്വ് ബാങ്ക് അനുകൂലമായ നിലപാടിലെത്തിയിട്ടുണ്ട്. ചെറുതും ഇടത്തരവുമായ സ്ഥാപനങ്ങൾക്ക് കൂടുതൽ വായ്പകൾ ലഭ്യമാക്കുക എന്നതാണ് അവയിലൊന്ന്. മറ്റൊന്ന്, പൊതുമേഖലാ ബാങ്കുകൾക്ക് വായ്പ നൽകുന്നതിൽ നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക എന്നതും. നോട്ടുനിരോധനത്തിനും ജിഎസ്ടി നടപ്പാക്കലിനു ശേഷം മാന്ദ്യത്തിൽ തുടരുന്ന വിപണിയെ ചെറിയ തോതിലെങ്കിലും ഉയർത്താൻ ഈ നടപടി കൊണ്ട് സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

കേന്ദ്രബാങ്കിന്റെ ഭരണം സംബന്ധിച്ച പ്രശ്നങ്ങൾ ഇന്നത്തെ മീറ്റിങ്ങിന്റെ അജണ്ടയാണെന്ന് റിപ്പോര്‍ട്ടുണ്ട്. സാമ്പത്തികനയം സംബന്ധിച്ച ചട്ടക്കൂട് രൂപപ്പെടുത്തുമ്പോൾ സർക്കാരിന്റെ ഇടപെടൽ അതിൽ ഉറപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നടക്കുന്നത്.

ആർബിഐ നിയമത്തിലെ ഏഴാം വകുപ്പ് ചരിത്രത്തിലാദ്യമായി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പ് കേന്ദ്ര സർക്കാർ നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ യോഗം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ചെറുകിട സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നത് കൂട്ടുകയും ‘അധിക മിച്ചം’ എന്ന് കേന്ദ്ര സർക്കാർ വിളിക്കുന്ന, ആർബിഐയുടെ കരുതൽ ധനത്തിലെ വലിയൊരു ഭാഗം കൈമാറുക എന്നീ ആവശ്യങ്ങൾ നടപ്പാക്കിക്കിട്ടാനാണ് ഈ വകുപ്പ് പ്രയോഗിക്കുമെന്ന ഭീഷണി ഉയർത്തിയിരിക്കുന്നത്.

എന്നാൽ, സർക്കാരിനെ സംബന്ധിച്ചിടത്തോളം റിസർവ്വ് ബാങ്കിന്റെ നിയപരമായ തീരുമാനങ്ങളിൽ ഇടപെടാൻ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ആഗ്രഹിക്കുന്നത്. ഇത് ബാങ്കിന്റെ സ്വാതന്ത്ര്യത്തെ വൻതോതിൽ വിട്ടുവീഴ്ച ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികളും രംഗത്തുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍