UPDATES

നോട്ട് നിരോധനത്തെ അനുകൂലിച്ചില്ല, മുന്നറിയിപ്പും നല്‍കിയിരുന്നു; വെളിപ്പെടുത്തലുമായി രഘുറാം രാജന്‍

മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വന്ന ഇടിവിന് പ്രധാനകാരണം നോട്ട് നിരോധനമാണെന്നും ആര്‍ബിഐ മുന്‍ ഗവര്‍ണര്‍

മോദി സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനത്തെ താന്‍ അനുകൂലിച്ചിരുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സാമ്പത്തികമേഖലയെ ആകെ പിടിച്ചുലയ്ക്കാന്‍ പര്യാപ്തമായ തീരുമാനം മൂലം ഉണ്ടായിട്ടുള്ള ഹൃസ്വകാല തിരിച്ചടികളെ കവച്ചുവെക്കാന്‍ അതിന്റെ ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ‘ഐ ഡു വാട്ട് ഐ ഡൂ’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ ആമുഖത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ ആര്‍ബിഐയുടെ മുന്‍ ഗവര്‍ണര്‍ ആദ്യമായി പ്രതികരിക്കുന്നത്.

താന്‍ ഗവര്‍ണറായിരുന്ന സമയത്ത് നോട്ട് നിരോധനം സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ ആര്‍ബിഐയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും രഘുറാം രാജന്‍ വെളിപ്പെടുത്തുന്നു. 2016 സെപ്തംബര്‍ മൂന്നിനാണ് അദ്ദേഹത്തെ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. ഇതോടെ, മാസങ്ങള്‍ നീണ്ടുനിന്ന തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം നടപ്പിലാക്കിയതെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദമാണ് പൊളിയുന്നത്. തന്റെ പിന്‍ഗാമിയുടെ കാലാവധിയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന്റെ പൊതുജനങ്ങളുമായുള്ള ഇടപഴകലുകളില്‍ നുഴഞ്ഞുകയറാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കഴിഞ്ഞ ഒരു വര്‍ഷം ഇതിനെ കുറിച്ച് പ്രതികരിക്കാതിരുന്നതെന്നും രഘുറാം രാജന്‍ വിശദീകരിക്കുന്നു.

നോട്ട് നിരോധനം സംബന്ധിച്ച നിലപാട് അറിയിക്കാന്‍ 2016 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നോട് ആവശ്യപ്പെട്ടതായും അതിന് വാക്കാല്‍ മറുപടി നല്‍കിയതായും രാജന്‍ പറയുന്നു. ദീര്‍ഘകാലത്തില്‍ ചില നേട്ടങ്ങള്‍ ഉണ്ടായേക്കാമെങ്കിലും അതിന്റെ ഹൃസ്വകാല പ്രത്യാഘാതങ്ങള്‍ മാരകമായിരിക്കും എന്നാണ് താന്‍ പറഞ്ഞ അഭിപ്രായമെന്നും അദ്ദേഹം വെളിപ്പെടുത്തി. അസന്ദിഗ്ധമായി തന്നെയാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധം ഇന്ത്യയുടെ സാമ്പത്തികരംഗത്ത് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചതെന്ന് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം ഏഴ് ശതമാനം ആയിരുന്നത് ജനുവരി-മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനമായും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ 5.7 ശതമാനമായും ഇടിഞ്ഞു. പ്രചാരത്തിലുള്ള പണത്തിന്റെ അളവ് കുറഞ്ഞത് ഉപഭോഗത്തെ ബാധിക്കുകയും തന്മൂലം പൂതിയ നിക്ഷേപങ്ങള്‍ തുടങ്ങാന്‍ വ്യവസായികള്‍ മടിക്കുകയും ചെയ്തു.

നോട്ട് നിരോധനമല്ല ജിഡിപി വീഴ്ചയ്ക്ക് കാരണം എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വന്ന ഇടിവിന് പ്രധാനകാരണം നോട്ട് നിരോധനമാണെന്ന് ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ രാജന്‍ ചൂണ്ടിക്കാണിച്ചു. ജിഡിപിയില്‍ രണ്ട് ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ടെന്നും ഇതിന്റെ മുല്യം രണ്ട് മുതല്‍ രണ്ടര ലക്ഷം വരെ കോടി രൂപയ്ക്ക് ഇടയിലാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. പണം തിരികെ ബാങ്കുകളിലേക്ക് എത്താതിരുന്നാല്‍ ഈ നഷ്ടം പരിഹരിക്കാം എന്നായിരുന്നു നടപടി സ്വീകരിച്ചവര്‍ വിചാരിച്ചിരുന്നത് എന്നാണ് താന്‍ കരുതുന്നതെന്നും രാജന്‍ വ്യക്തമാക്കി.

നിരോധിച്ച നോട്ടുകളില്‍ മൂന്ന് ലക്ഷം കോടി രൂപ വരെ ബാങ്കുകളില്‍ മടങ്ങിയെത്തില്ലെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷ. ഇത് റിസര്‍വ് ബാങ്കിന്റെ ബാധ്യത കുറയ്ക്കുമെന്നും വര്‍ദ്ധിക്കുന്ന ലാഭം നിക്ഷേപങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കാമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളില്‍ മടങ്ങിയെത്തിയെന്നാണ് ആര്‍ബിഐ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കള്ളപ്പണം നിയന്ത്രിക്കുന്നതില്‍ നോട്ട് നിരോധന നടപടി ഫലം കണ്ടില്ലെന്നാണ് ഇതിന്റെ അര്‍ത്ഥമെന്നും രാജന്‍ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം മൂലം ഉണ്ടാകാവുന്ന നഷ്ടങ്ങളെയും നേട്ടങ്ങളെയും കുറിച്ച് താന്‍ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും എന്നിട്ടും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെ കുറിച്ച് വിശദീകരിച്ചിരുന്നതായും രാജന്‍ വെളിപ്പെടുത്തി. വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ചും ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ തിടുക്കപ്പെട്ട് തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു കമ്മിറ്റിക്ക് രൂപം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പണപ്രചാരണത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി ഗവര്‍ണറാണ് കമ്മിറ്റിയില്‍ ആര്‍ബിഐയെ പ്രതിനിധീകരിച്ചത്. അതായത് കമ്മിറ്റി യോഗങ്ങളില്‍ രഘുറാം രാജന്‍ പങ്കെടുത്തിരുന്നില്ല എന്ന് സാരം. നോട്ട് നിരോധന തീരുമാനം ആരുടെ താത്പര്യപ്രകാരമാണ് നടപ്പിലാക്കിയതെന്നതിനെ കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് രഘുറാം രാജന്റെ വെളിപ്പെടുത്തല്‍ ഉയര്‍ത്തിവിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍