UPDATES

റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് കേന്ദ്രം 54,255 കോടി രൂപ അധികം ആവശ്യപ്പെട്ടു; പറ്റില്ലെന്ന് സമിതി

2018 ജൂൺ മാസം വരെയുള്ള കണക്കുകൾ പ്രകാരം റിസർവ്വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് 36.17 ലക്ഷം കോടി രൂപയുടേതാണ്.

റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് കൂടുതൽ പണം കേന്ദ്രം ആവശ്യപ്പെട്ടിരുന്നതായി റിപ്പോർ‌ട്ട്. എന്നാൽ ഈ ആവശ്യം കരുതൽ ധനക്കൈമാറ്റത്തിനായി സർക്കാർ രൂപീകരിച്ച ബിമൽ ജലാൻ കമ്മിറ്റി തള്ളുകയായിരുന്നെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു. റിസർവ്വ് ബാങ്കിന്റെ ബാക്കിപത്രത്തിലെ 1.5 ശതമാനം തുകയാണ് കേന്ദ്രം അധികമായി ചോദിച്ചത്. ഇത് ഏതാണ്ട് 54,255 കോടി രൂപ വരും. കരുതൽ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രത്തിന് കൈമാറുമെന്ന് റിസർവ്വ് ബാങ്ക് തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്.

റിസർവ്വ് ബാങ്കിന്റെ സാമ്പത്തികചട്ടക്കൂട് പുനപ്പരിശോധിച്ച് കേന്ദ്രത്തിന് സഹായം ചെയ്യാമോയെന്ന് നിശ്ചയിക്കാൻ നിയോഗിക്കപ്പെട്ട സമിതിയിലെ സർക്കാരിന്റെ നോമിനിയാണ് കൂടുതൽ പണം നൽകണമെന്ന നിർദ്ദേശം മുമ്പോട്ടു വെച്ചതെന്നറിയുന്നു. കുറെക്കൂടി പണം നൽകാൻ സുരക്ഷിതമായ നിലയിലാണ് ആർബിഐ എന്ന് സ്ഥാപിക്കാനാണ് സർക്കാർ നോമിനി ശ്രമിച്ചത്. കമ്മിറ്റി നിശ്ചയിച്ച സുരക്ഷിതമായ നില ബാലൻസ് ഷീറ്റിന്റെ 4.5 ശതമാനത്തിനും 5.5 ശതമാനത്തിനും ഇടയിലായിരുന്നു. ആർബിഐക്ക് 3 ശതമാനമെങ്കിലും സർക്കാരിന് നൽകാൻ കഴിയുമെന്നായിരുന്നു സർക്കാർ നോമീനിയായ രാജീവ് കുമാറിന്റെ വാദം. ഈ വാദം അംഗീകരിച്ചിരുന്നെങ്കിൽ 54,255 കോടി രൂപ അധികം നൽകേണ്ടി വന്നേനെ. പകരെ 1,76,501 കോടി രൂപ കൈമാറാനാണ് റിസർവ്വ് ബാങ്ക് തീരുമാനിച്ചത്. ഈ തുക കഴിഞ്ഞ ബജറ്റില്‍ ‘കാണാതായ’ തുകയ്ക്ക് സമാനവുമായിരുന്നെന്ന് ശ്രദ്ധേയമാണ്.

2018 ജൂൺ മാസം വരെയുള്ള കണക്കുകൾ പ്രകാരം റിസർവ്വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് 36.17 ലക്ഷം കോടി രൂപയുടേതാണ്.

ഘട്ടം ഘട്ടമായി തുക കൈമാറാനാണ് ആര്‍ബിഐയുടെ തീരുമാനം. രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം. കരുതല്‍ ധനശേഖരം കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായിട്ടായിരുന്നു ആര്‍ബിഐ യോഗം ചേര്‍ന്ന് സാമ്പത്തിക വിദഗ്ധനായ ബിമല്‍ ജെലാന്‍ കമ്മിറ്റിയെ നിയോഗിച്ചത്.

നേരത്തെ കരുതല്‍ ധനശേഖരം കേന്ദ്രത്തിന് നല്‍കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാരിയുടെയും തീരുമാനങ്ങള്‍ വിവാദത്തിന് വഴിവച്ചിരുന്നു. ഇരുവരുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയതും കരുതല്‍ ധനം കൈമാറില്ലെന്ന നയത്തെ തുടര്‍ന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍