UPDATES

“ദലിതനെ മുഖ്യമന്ത്രിയാക്കിയാല്‍ ഞാന്‍ വഴി മാറാം”; ജെഡിഎസിന്റെ പിന്തുണക്കായി സിദ്ധരാമയ്യയുടെ പുതിയ തന്ത്രം?

ഒറ്റക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്നും ആരുടേയും പിന്തുണ വേണ്ടി വരില്ലെന്നുമെല്ലാം ആത്മവിശ്വാസം പ്രകടിപ്പിച്ച ശേഷമുള്ള സിദ്ധരാമയ്യയുടെ ഈ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനുള്ള സന്നദ്ധത അറിയിക്കലിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത് ജെഡിഎസിന്റെ പിന്തുണ നേടാനുള്ള കോണ്‍ഗ്രസ് നീക്കങ്ങളുടെ ഭാഗമായിട്ടാണ്.

ദലിത് വിഭാഗത്തില്‍ പെട്ട ഒരാളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി ആക്കുകയാണെങ്കില്‍ താന്‍ അത് അംഗീകരിച്ച് മാറിക്കൊടുക്കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു കന്നഡ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത തൂക്ക് സഭ നിലവില്‍ വരുമെന്നാണ് ഇന്നലെ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. ജനത ദള്‍ എസ് ബിജെപിയുടെ പിന്നാലെ പോകില്ലെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പറഞ്ഞത്. ദേവഗൗഡ നേരത്തെ പറഞ്ഞതും അത് തന്നെ. കര്‍ണാടക കോണ്‍ഗ്രസില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ജി പരമേശ്വരയുമടക്കം കെഎച്ച് മുനിയപ്പയേയും പോലെ നിരവധി പ്രമുഖ ദലിത് നേതാക്കളുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി മോഹം പിസിസി അധ്യക്ഷനായ ജി പരമേശ്വര പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്.

2005ല്‍ ജനത ദള്‍ എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിദ്ധരായ്യയും ജെഎഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയും തമ്മിലുള്ള ബന്ധം ഒട്ടും സുഖത്തിലല്ല. സിദ്ധരാമയ്യയയും രാഹുല്‍ ഗാന്ധിയുമെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജെഡിഎസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ഒറ്റക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്നും ആരുടേയും പിന്തുണ വേണ്ടി വരില്ലെന്നുമെല്ലാം ആത്മവിശ്വാസം പ്രകടിപ്പിച്ച ശേഷമുള്ള സിദ്ധരാമയ്യയുടെ ഈ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനുള്ള സന്നദ്ധത അറിയിക്കലിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത് ജെഡിഎസിന്റെ പിന്തുണ നേടാനുള്ള കോണ്‍ഗ്രസ് നീക്കങ്ങളുടെ ഭാഗമായിട്ടാണ്. ഏതായാലും ഇത് തന്‍റെ അവസാനത്തെ നിയമസഭ തിരഞ്ഞെടുപ്പ് മത്സരമാണ് എന്നാണ് 2013ലെ പോലെ ഇത്തവണയും സിദ്ധരാമയ്യ പറഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ അതിനുത്തരവാദി കോണ്‍ഗ്രസ് മാത്രമായിരിക്കുമെന്നാണ് ഡാനിഷ് അലി പറഞ്ഞത്. ജെഡിഎസ് ബിജെപിയുടെ ബി ടീം ആണെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രചാരണത്തിനിടെ പറഞ്ഞത്. ജെഡിഎസ് കിംഗ് മേക്കര്‍ ആകുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ രാഹുലും സിദ്ധരാമയ്യയും അടക്കമുള്ള നേതാക്കള്‍ തള്ളിക്കളയുകയാണ് ഇതുവരെ ചെയ്തത്. കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരുപോലെ വിമര്‍ശിക്കുകയും തള്ളിക്കളയുകയും ചെയ്ത ജെഡിഎസ് മായാവതിയുടെ ബി എസ് പിയുമായി സഖ്യമുണ്ടാക്കിയാണ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ലോക് സഭ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരാനാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ. അതേസമയം ബിജെപിയുമായി സഖ്യമില്ലെന്ന് പറയുമ്പോളും 2006ല്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി ആയ ജെഡിഎസ് സംസ്ഥാന അധ്യക്ഷനും ദേവ ഗൌഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി ഗൌഡയെ പോലെ ഇക്കാര്യത്തില്‍ ഒന്നും ഉറച്ച് പറയുന്നില്ല.

തന്റെ മുഖ്യമന്ത്രി മോഹം വ്യക്തമാക്കി കര്‍ണാടക പിസിസി അധ്യക്ഷനായ പരമേശ്വര കഴിഞ്ഞ ദിവസം ബിജെപിയോട് പറഞ്ഞത് “ഞങ്ങള്‍ക്ക് ദലിത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇവിടെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും കെഎച്ച് മുനിയപ്പയും പിന്നെ ഞാനുമുണ്ട്, നിങ്ങള്‍ക്ക് ആരുണ്ട്?” എന്നായിരുന്നു. “ബിഎസ് യെദിയൂരപ്പയ്ക്ക് പകരം ഒരു ദലിതനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടാമോ?” എന്നും ജി പരമേശ്വര കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോയും ബിജെപിയോടുമായി ചോദിച്ചിരുന്നു.

“ബിജെപിയും ജനസംഘവും ചെയ്ത പോലെ ദലിതരെ കോണ്‍ഗ്രസ് അപമാനിച്ചിട്ടില്ല. ബിജെപിക്കാര്‍ ദലിതരുടെ വീട്ടില്‍ പോകും. പിന്നെ പുറത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യും. എന്നിട്ട് ദലിതരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു എന്ന് തട്ടിവിടും. അതാണ് യെദിയൂരപ്പ ചെയ്തത്. മഹാരാഷ്ട്രയില്‍ ഒരു ദലിത് മുഖ്യമന്ത്രിയെ ആദ്യമായി കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ദലിതനായ ഞാന്‍ എട്ട് വര്‍ഷമായി ഇവിടെ പിസിസി പ്രസിഡന്റാണ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കര്‍ണാടക പിസിസി പ്രസിഡന്റായിരുന്നു. ഇപ്പോള്‍ ലോക്‌സഭയില്‍ പാര്‍ട്ടിയുടെ നേതാവ് അദ്ദേഹമാണ്. ബിജെപിക്ക് ഇങ്ങനെയൊക്കെ അവകാശപ്പെടാനാകുമോ?” – ജി പരമേശ്വര ചോദിച്ചു.

കക്ഷി എംഎല്‍എമാരാണ് ആര് മുഖ്യമന്ത്രിയാകണം എന്ന് തീരുമാനിക്കുക എന്നാണ് സിദ്ധരാമയ്യയും പരമേശ്വരയും വ്യക്തമാക്കിയത്. ഊര്‍ജ്ജ വകുപ്പ് മന്ത്രി ഡികെ ശിവകുമാറും പറഞ്ഞത് അത് തന്നെ – “സിദ്ധരാമയ്യയാണ് ഇപ്പോള്‍ നേതാവ്. മുഖ്യമന്ത്രി ആരാകണമെന്ന് പിന്നീട് തീരുമാനിക്കും” എന്ന്. ദേവഗൗഡയുമായി ചര്‍ച്ച നടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും കോണ്‍ഗ്രസ് എന്തായാലും സര്‍ക്കാരുണ്ടാക്കും എന്നുമായിരുന്നു ശിവകുമാറിന്റെ മറുപടി. ശിവകുമാര്‍ ദേവഗൗഡയുടെ വൊക്കലിഗ സമുദായക്കാരനാണ്. വൊക്കലിഗ സമുദായത്തിനിടയില്‍ ഏറ്റവുമധികം സ്വാധീനമുള്ള കര്‍ണാടക നേതാവ് ഇപ്പോളും ദേവഗൗഡ തന്നെ.

കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലെങ്കില്‍ ഉത്തരവാദി കോണ്‍ഗ്രസ് മാത്രം; ഞങ്ങള്‍ ബിജെപിയുടെ പിന്നാലെ പോകില്ല: ജെഡിഎസ്

എക്‌സിറ്റ് പോളുകള്‍ വെറും നേരമ്പോക്ക്; നിങ്ങള്‍ വിശ്രമിക്കൂ, അവധി ആഘോഷിക്കൂ: സിദ്ധരാമയ്യ

17ന് തന്റെ സത്യപ്രതിജ്ഞയെന്ന് വോട്ടെടുപ്പ് തീരുന്നതിന് മുമ്പേ യെദിയൂരപ്പ; മാനസികനില ശരിയല്ലെന്ന് സിദ്ധരാമയ്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍