UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘റഫറണ്ടം 2020’: ‘പഞ്ചാബിനെ സ്വതന്ത്രരാഷ്ട്ര’മാക്കാൻ അടുത്ത പ്രചാരണം പാകിസ്താനിൽ

ഓഗസ്റ്റ് മാസത്തിലാണ് എസ്എഫ്ജെ തങ്ങളുടെ ഹിതപരിശോധനാ പ്രചാരണം തുടങ്ങിയത്.

ഇന്ത്യ ‘കൈവശപ്പെടുത്തി’യിട്ടുള്ള പഞ്ചാബിനെ സ്വതന്ത്രമാക്കുക എന്ന പ്രഖ്യാപനവുമായി ഖാലിസ്ഥാൻ വാദികൾ പാകിസ്താനിൽ പ്രചാരണപരിപാടി നടത്തും. ‘പഞ്ചാബ് റഫറണ്ടം 2020’ എന്ന പേരിൽ നടക്കുന്ന ഈ വിഘടനവാദപരമായ പരിപാടി നടത്തുന്നത് സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയാണ്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് പരിപാടി നടത്തുകയെന്ന് സംഘടനയുടെ നിയമോപദേശകൻ ഗുർപത്‌വന്ത് സിങ് പന്നൂം അറിയിച്ചു. ഗുരു നാനാക്കിന്റെ പേരിലുള്ള നാൻഖാനാ സാഹിബ് ഗുരുദ്വാരയെ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണ പരിപാടി. ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണിത്. നടപ്പുവർഷം ഗുരു നാനാക്കിന്റെ 550ാം ജന്മവാർഷികവുമാണ്.

ഒരു ‘നോൺ ബൈൻഡിങ് റഫറണ്ടം’ ഇവിടെ വെച്ച് നടത്താനാണ് പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. പൗരന്മാർ സ്വന്തതാൽപര്യ പ്രകാരം നടത്തുന്ന ഹിതപരിശോധനയെയാണ് നോൺ ബൈൻഡിങ് റഫറണ്ടം എന്ന് വിളിക്കുക. വോട്ടിങ് സംബന്ധമായ കാര്യങ്ങൾ വഴിയേ അറിയിക്കുമെന്ന് ഗുർപത്‌വന്ത് സിങ് വ്യക്തമാക്കി. എവിടെ വെച്ചായിരിക്കും 2020ലെ ഹിതപരിശോധന നടക്കുക എന്ന കാര്യവും വഴിയെ അറിയിക്കും.

ഓഗസ്റ്റ് മാസത്തിലാണ് എസ്എഫ്ജെ തങ്ങളുടെ ഹിതപരിശോധനാ പ്രചാരണം തുടങ്ങിയത്. ‘ലണ്ടൻ പ്രഖ്യാപനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രഖ്യാപനത്തോടെ തുടങ്ങിയ ഈ പ്രചാരണത്തിന് ഇടംകൊടുത്തതിൽ യുകെയോട് ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു.

പഞ്ചാബിനെ ഒരു ദേശരാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് മതക്കാരിൽ ഒരു വിഭാഗം രംഗത്തുണ്ട്. ഇവരാണ് വിഘടനപരമായ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. തങ്ങളുടെ ഭാവി രാഷ്ട്രീയപദവി സ്വയം നിശ്ചയിക്കാൻ അധികാരം ലഭിക്കണമെന്നാണ് വിഘടനവാദികളുടെ ആവശ്യം. ഇതിനായി പഞ്ചാബികൾക്കിടയിൽ പൊതുസമ്മതം രൂപപ്പെടുത്തിയെടുക്കുകയാണ് എസ്എഫ്ജെ അടക്കമുള്ള മതാടിസ്ഥാനത്തിൽ സംഘടതരായ വിഘടനവാദികളുടെ ലക്ഷ്യം.

1980കളിലാണ് പഞ്ചാബിൽ സിഖ് മത വിഘടനവാദം ശക്തമായത്. പാകിസ്താന്റെ സഹായത്തോടെയാണ് ഈ തീവ്രവാദം വളരുന്നതെന്ന് അന്നുമുതൽ ഇന്ത്യ കുറ്റപ്പെടുത്തുന്നതാണ്. ഇപ്പോൾ ലണ്ടൻ കേന്ദ്രീകരിച്ച് സമാനമായ നീക്കങ്ങൾ ശക്തമാണ്. യുകെയിലെ പ്രഭുസഭയിൽ അംഗമായ ലേബർ പാർട്ടി നേതാവ് (ഇപ്പോൾ രാഷ്ട്രീയത്യാസങ്ങളുടെ പേരിൽ പാർട്ടി പുറത്താക്കി) ലോർഡ് നാസിൽ അഹ്മദ് ഈ ഗൂഢാലോചനകളിൽ പങ്കാളിയാണ്. ലണ്ടന്‍ പ്രഖ്യാപനം നടന്നപ്പോൾ അതിൽ പങ്കാളികളായവരിൽ പാകിസ്താനി രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍