UPDATES

ഇന്ത്യന്‍ ജനാധിപത്യ പരീക്ഷണങ്ങള്‍ കഴിഞ്ഞു; സ്വേച്ഛാധികാരം മൂടുംമുമ്പ് വേണ്ടത് പരിഷ്ക്കരണമാണ്

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ അടിമുടി അഴിച്ചുപണിക്കുള്ള ആവശ്യം വളരെക്കാലമായി നിലനില്‍ക്കുന്നുണ്ട്

ഏറെക്കാലമായി ഇന്ത്യന്‍ ജനാധിപത്യം നിരവധി വെല്ലുവിളികളെ നേരിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ആ വെല്ലുവിളികള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തുകയും ചെയ്തു. നമ്മള്‍ സംസാരിക്കുന്നത് ഇത്രകാലവുമുള്ള പ്രധാനമന്ത്രിമാര്‍ പാര്‍ലമെന്റിനെ മുന്‍നിര്‍ത്തി അനുവര്‍ത്തിച്ചിരുന്ന ചട്ടങ്ങളെല്ലാം മാറ്റിവച്ചു കൊണ്ടുള്ള പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണത്തെപ്പറ്റിയാണ്. പാര്‍ലമെന്റിനെ നിരന്തരം മറികടന്നുകൊണ്ട് തങ്ങളുടെ ഓഫീസിനെ സര്‍വ അധികാരങ്ങളുടേയും കേന്ദ്രമാക്കുന്നതിനെ കുറിച്ച്.

ഞായറാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിനോടുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ തന്റെ ആശങ്കകള്‍ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയതും ഇതേ കാര്യത്തില്‍ തന്നെയാണ്. അതായത്, നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വര്‍ധിച്ചു വരുന്ന സ്വേച്ഛാധികാര പ്രവണതകളെ കുറിച്ച്.

നിയമനിര്‍മാണം നടത്തുന്നതിന് ഓര്‍ഡിനന്‍സുകളെ ആശ്രയിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താതെ ഇത്തരത്തില്‍ നിയമങ്ങള്‍ പാസാക്കുന്നത് ജനങ്ങള്‍ അതിന്മേല്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തെ ലംഘിക്കലാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചര്‍ച്ചകളും വാദപ്രതിവാദങ്ങളും എതിര്‍പ്പുകളുമൊക്കെയാണ് ജനാധിപത്യത്തില്‍ വേണ്ടതെന്നു പറഞ്ഞ അദ്ദേഹം പാര്‍ലമെന്റ് നടപടികള്‍ തടസപ്പടുത്തുന്നത് സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ പ്രതിപക്ഷത്തെയായിരിക്കുമെന്നും ഓര്‍മിപ്പിച്ചു.

നിയമനിര്‍മാണത്തിനായി പാര്‍ലമെന്റ് ചെലവഴിക്കുന്ന സമയത്തില്‍ വലിയ കുറവ് വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും 81-കാരനായ പ്രണബ് മുഖര്‍ജി പറഞ്ഞു. സൂക്ഷ്മ പരിശോധനകളും ചര്‍ച്ചകളും വഴി മാത്രമേ നിയമങ്ങള്‍ നിര്‍മിക്കാന്‍ പാടുള്ളൂ.

“ചര്‍ച്ചകള്‍ നടത്തി നിയമനിര്‍മാണത്തിലുള്ള തങ്ങളുടെ റോള്‍ നിര്‍വഹിക്കാന്‍ പാര്‍ലമെന്റ് പരാജയപ്പെടുക എന്നതിനര്‍ത്ഥം, ഈ മഹത്തായ രാജ്യത്തെ ജനങ്ങള്‍ പാര്‍ലമെന്റിനു മേല്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തെ തകര്‍ക്കലാണെന്ന് എനിക്ക് തോന്നുന്നു”- പ്രണബ് മുഖര്‍ജി വ്യക്തമാക്കി.

“അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഓര്‍ഡിനന്‍സ് മാര്‍ഗം സ്വീകരിക്കാന്‍ പാടുള്ളൂ എന്ന ഉറച്ച വിശ്വാസമാണ് എനിക്കുള്ളത്. ധനപരമായ കാര്യങ്ങളില്‍ ഓര്‍ഡിനന്‍സിനെ അവലംബിക്കുക എന്നത് ഒട്ടും ശരിയായ കാര്യമല്ല. സഭയില്‍ അവതരിപ്പിക്കുന്ന ഏതെങ്കിലും വിഷയത്തില്‍, അല്ലെങ്കില്‍ സഭയുടെ ഏതെങ്കിലും സമിതി പരിശോധിക്കേണ്ട കാര്യങ്ങളില്‍ ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മാണം നടത്താന്‍ പാടില്ല. അത്ര പ്രധാനപ്പെട്ട ആവശ്യങ്ങള്‍ വരികയാണെങ്കില്‍ ഈ സമിതി ഒരു നിശ്ചിത സമയത്തിനുള്ളില്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് വേണ്ടത്”- അദ്ദേഹം പറഞ്ഞു.

ദുര്‍ബലമായ പാര്‍ലമെന്ററി സമ്പ്രദായം

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ അടിമുടി അഴിച്ചുപണിക്കുള്ള ആവശ്യം വളരെക്കാലമായി നിലനില്‍ക്കുന്നുണ്ട്. അല്ലെങ്കില്‍ ഇത് ഒരു ഭൂരിപക്ഷവാദ ഭരണമായി മാറുകയോ അല്ലെങ്കില്‍ ഒരു പ്രഭുവാഴ്ചയുടെ സ്വഭാവം കൈവരികയോ ചെയ്യും. നമ്മുടെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ (The first-past-the-post system) അനുസരിച്ച് ആകെയുള്ള വോട്ടര്‍മാരിലെ പകുതി പോലും ലഭിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് രാജ്യം ഭരിക്കാം, പാര്‍ലമെന്റിനു മേല്‍ അനുപൂരകമല്ലാത്ത വിധത്തില്‍ സ്വാധീനവും ലഭിക്കും. മോദിയുടെ 2014-ലെ തെരഞ്ഞെടുപ്പ് വിജയം അതിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമാണ്. കേവലം 31 ശതമാനം വോട്ട് നേടിയ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 51 ശതമാനം സീറ്റുകളാണ്. അതേ സമയം, 19.3 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിനാകട്ടെ ലഭിച്ചത് 8.1 ശതമാനം സീറ്റുകളും. നാലു ശതമാനം വോട്ടുകള്‍ നേടിയ മായാവതിയുടെ ബി.എസ്.പിക്ക് ആകട്ടെ, സീറ്റുകളൊന്നും ലഭിച്ചുമില്ല.

ഇത്തരത്തില്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള ഈ കുഴമറിയലുകള്‍ പാര്‍ലമെന്റില്‍ നേരെ പ്രതിഫലിക്കുന്നതും കാണാം. കാരണം ലോക്‌സഭയില്‍ കനത്ത ഭൂരിപക്ഷമുള്ള ബി.ജെ.പിയുടെ ഏകപക്ഷീയ പ്രകടനമാണ് അവിടെ നടക്കുന്നത്. എന്നാലോ കാര്യഗൗരവമുള്ള ഏതെങ്കിലും ചര്‍ച്ചകള്‍ക്ക് അവര്‍ തയാറുമല്ല. ദുര്‍ബലമായ പ്രതിപക്ഷമാണെങ്കില്‍ ഇതൊരവസരമായി കണ്ട് സഭാ നടപടികള്‍ സ്തംഭിപ്പിക്കുക എന്നതിലേക്ക് മാത്രമായി ഒതുങ്ങുന്നു കാര്യങ്ങള്‍.

സഭയില്‍ അവതരിപ്പിക്കുന്ന ബില്ലുകളും ബജറ്റ് വകയിരുത്തലുകളും മറ്റും പരിശോധിക്കുന്ന കമ്മിറ്റികളുടെ പങ്ക് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഏറെ പ്രധാനമാണ്. എന്നാല്‍ ഇന്ന് അത് അപഹാസ്യമായി മാറിയിരിക്കുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കാം, എന്നാല്‍ നമ്മുടെ പാര്‍ലമെന്ററി നിരീക്ഷണ സംവിധാനങ്ങള്‍ അങ്ങേയറ്റം ദുര്‍ബലമാണ്. കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ക്ക് പലപ്പോഴും അവ അച്ചടിക്കുന്ന കടലാസിന്റെ വില പോലും നല്‍കാറുമില്ല.

അതിന്റെ പരിണതഫലം എന്താണെന്നു വച്ചാല്‍, ഇത്തരത്തില്‍ പിടിച്ചുവാങ്ങുന്ന അധികാരമുപയോഗിച്ച് പി.എം.ഒ (Prime Minister’s Office) നിയമങ്ങള്‍ ഓര്‍ഡിനന്‍സ് രൂപത്തില്‍ പുറത്തിറക്കും. ഓരോ ഇന്ത്യക്കാരനേയും ബാധിക്കുന്ന കാര്യങ്ങള്‍, ഇന്ത്യ എന്ന സ്വത്വത്തെ തന്നെ ബാധിക്കുന്ന വിഷയങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ ഭരണപരമായ സൗകര്യത്തിനു വേണ്ടി, ഉദ്യോഗസ്ഥ തലത്തില്‍ ചിട്ടപ്പെടുത്തി ഓര്‍ഡിനന്‍സ് രൂപത്തിലും മറ്റ് ഭരണ ഉത്തരവുകളായും പുറത്തിറങ്ങുകയാണ് ചെയ്യുന്നത്. കന്നുകാലികളെ കശാപ്പിന് നല്‍കാന്‍ പാടില്ലെന്ന, ഈയിടെ ഇറങ്ങിയ ഉത്തരവ് മാത്രം മതി ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടത് പ്രധാനമാണെന്ന് സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലെങ്കിലും നാം ഗൗരവത്തോടെ കണക്കാക്കേണ്ടതുണ്ട്. നമ്മള്‍ ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ജനാധിപത്യ മണ്ഡലത്തില്‍ നമ്മളൊരു പരിഹാസപാത്രമായി മാറും എന്നതായിരിക്കും വൈകാതെ സംഭവിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍