UPDATES

ട്രെന്‍ഡിങ്ങ്

ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്ന പെഹ്ലു ഖാനെതിരെ മുന്‍ ബിജെപി സര്‍ക്കാര്‍ എടുത്ത പശുക്കടത്ത് കേസില്‍ രാജസ്ഥാന്‍ പൊലീസിന്റെ പുനരന്വേഷണം

കഴിഞ്ഞ മാസം പെഹ്ലു ഖാനേയും മക്കളേയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത് വിവാദമായിരുന്നു.

2017 ഏപ്രില്‍ ഒന്നിന് രാജസ്ഥാനിലെ ആല്‍വാറില്‍ ഗോരക്ഷാ ക്രിമിനലുകള്‍ തല്ലിക്കൊന്ന ക്ഷീരകര്‍ഷകന്‍ പെഹ്ലു ഖാനെതിരെ മുന്‍ ബിജെപി സര്‍ക്കാര്‍ എടുത്തിരുന്ന പശുക്കടത്ത് കേസില്‍ രാജസ്ഥാന്‍ പൊലീസ് പുനരന്വേഷണം നടത്തുന്നു. പെഹ്ലു ഖാനും രണ്ട് മക്കളും പ്രതികളായ കേസ് ആണിത് ആല്‍വാര്‍ കോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാന്‍ പൊലീസ് പുനരന്വേഷണം നടത്തുന്നത്. അഞ്ച് ദിവസം മുമ്പ് പുനരന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയെ സമീച്ചിരുന്നു. കഴിഞ്ഞ മാസം പെഹ്ലു ഖാനേയും മക്കളേയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത് വിവാദമായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം സപ്ലിമെന്ററി ചാര്‍ജ്ജ്ഷീറ്റ് സമര്‍പ്പിക്കുമെന്ന് പൊലീസ് എഎന്‍ഐയോട് പറഞ്ഞു.

രണ്ട് എഫ്‌ഐആറുകളാണ് കേസില്‍ ഫയല്‍ ചെയ്തിരുന്നത്. ഒന്ന് പെഹ്ലു ഖാനെ തല്ലിക്കൊന്ന കേസ്. ഇതില്‍ എട്ട് പേര്‍ പ്രതികളാണ്. മറ്റൊന്ന് പെഹ്ലു ഖാനും രണ്ട് മക്കളും ചേര്‍ന്ന് നിയമവിരുദ്ധമായി കന്നുകാലികളെ കടത്തിയെന്ന കേസ്. പശുക്കളെ രാജസ്ഥാന് പുറത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നില്ല എന്നും ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും പെഹ്ലു ഖാന്റെ കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. പെഹ്ലു ഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികള്‍ എട്ട് പേരും ജാമ്യത്തിലിറങ്ങിയിരുന്നു. ഇതില്‍ രണ്ട് പേര്‍ ഇപ്പോള്‍ ഒളിവിലാണ്.

പെഹ്ലു ഖാന്റെ കുടുംബത്തിനെതിരെ പശുക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവുമുയര്‍ന്നിരുന്നു. തങ്ങളെ പീഡിപ്പിക്കുകയാണ് പൊലീസ് എന്ന് പെഹ്ലു ഖാന്റെ മകന്‍ ഇര്‍സാദ് പറഞ്ഞിരുന്നു. അതേസമയം മുന്‍ ബിജെപി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റേയും കേസിന്റെ ഫലമായാണ് ഈ കുറ്റപത്രമുണ്ടായത് എന്നായിരുന്നു നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശദീകരണം. അന്വേഷണത്തില്‍ അപാകതകളുണ്ട് എന്ന് കണ്ടെത്തിയാല്‍ കേസില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും ഗെലോട്ട് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍