UPDATES

ട്രെന്‍ഡിങ്ങ്

പണം വാങ്ങി പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ യുജിസി പാനലിന്റെ ശുപാർശ

അന്തർദ്ദേശീയ നിലവാരത്തിലുള്ളവയെന്ന് അവകാശപ്പെടുന്ന മുന്നൂറോളം പ്രസിദ്ധീകരണങ്ങളെക്കുറിച്ചും ഈ റിപ്പോർട്ടിൽ പരാമർശമുണ്ട്.

രാജ്യത്ത് ഗവേഷണ പരിപാടികളുടെ നിലവാരം കൂട്ടാനുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരാൻ യുജിസി പാനലി‍ന്റെ ശുപാർശ. ‘പിടിച്ചുപറി’ക്കാര്‍ നടത്തുന്ന ജേണലുകളില്‍ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചും മറ്റും ഗവേഷകരെയും അധ്യാപകരെയും ഇനി തടിതപ്പാൻ അനുവദിക്കരുതെന്നാണ് ഈ ശുപാർശയിലെ പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന്. പണം നൽകിയാൽ പേപ്പർ പ്രസിദ്ധീകരിക്കുകയും, അവർ തന്നെ സംഘടിപ്പിക്കുന്ന സെമിനാറുകളിൽ പങ്കെടുപ്പിക്കുകയും ചെയ്ത് ഗവേഷകർക്ക് യോഗ്യത നേടാൻ നിലവിൽ സാധ്യമാണ്. ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തി ചുളുവിൽ ബിരുദങ്ങളും ഡോക്ടറേറ്റുമെല്ലാം സമ്പാദിക്കുന്നവരുമുണ്ട്. അധ്യാപകരുടെ ഗുണനിലവാരത്തെ തുടർച്ചയായി മൂല്യനിർണയം ചെയ്യുന്ന അക്കാദമിക് പെർഫോമൻസ് ഇൻഡക്സിലും ഇത്തരം പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഈയവസ്ഥയ്ക്ക് മാറ്റം വരുത്തുകയാണ് യുജിസി പാനലിന്റെ ശുപാർശയുടെ ലക്ഷ്യം.

പിഎച്ച്ഡി, എംഫിൽ പ്രോഗ്രാമുകളിൽ ഗൗരവമേറിയ ചില മാറ്റങ്ങൾ കൊണ്ടു വരാനും കമ്മറ്റിയുടെ ശുപാർ‌ശയുണ്ട്. സോഷ്യൽ സയൻസ് റിസർച്ചിനായി പുതിയൊരു ബോർഡ് സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ മുൻ ഡയറക്ടറായ പി ബൽറാം നേതൃത്വം നൽകുന്ന പാനലാണ് ശുപാർശകൾ സമർപ്പിച്ചിരിക്കുന്നത്. 14 പേജുണ്ട് ഇദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്.

അന്തർദ്ദേശീയ നിലവാരത്തിലുള്ളവയെന്ന് അവകാശപ്പെടുന്ന മുന്നൂറോളം പ്രസിദ്ധീകരണങ്ങളെക്കുറിച്ചും ഈ റിപ്പോർട്ടിൽ പരാമർശമുണ്ട്. 30 ഡോളർ മുതൽ 1800 ഡോളർ വരെ ചെലവുവരും ഈ പ്രസിദ്ധീകരണങ്ങളിൽ ഒരു പേപ്പർ പ്രസിദ്ധീകരിക്കാൻ. ഒമിക്സ്, ഓസ്റ്റിൻ, സയൻസ് ഡൊമൈൻ, ഐഎഇഎംഇ, ഐഒഎസ്ആർ ജേണൽസ് തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു.

അക്കാദമിക് പബ്ലിക്കേഷനുകളെ തിരിച്ചറിയാനും അംഗീകാരം നൽകാനുമായി ഒരു സമിതിയെ യുജിസി കഴിഞ്ഞയാഴ്ച നിയോഗിച്ചിരുന്നു. കൺസോർഷ്യം ഓഫ് അക്കാദമിക് ആൻഡ് റിസർച്ച് എതിക്സ് (CARE) എന്നാണ് ഈ സമിതിയുടെ പേര്.

പുറത്തു നിന്നുള്ള ഫണ്ടുകളും ഗ്രാന്റുകളും ഉപയോഗിക്കുന്ന എല്ലാ സർവ്വകലാശാലകളിലെയും ഗവേഷണങ്ങൾക്ക് ഒരു ഡീനിനെ നിയമിക്കണമെന്ന ശുപാർശയും സമിതി മുമ്പോട്ടു വെച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ജൂലൈ മാസത്തിൽ ചേരുന്ന യോഗത്തിൽ യുജിസി പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍